മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം, പരാതി നല്‍കിയതിന് പിന്നാലെ ജീവനക്കാരെ പിരിച്ചു വിട്ടതായി ആരോപണം

പാലക്കാട്‌: മാനസിക പീഡനത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയ ജീവനക്കാരെ പിരിച്ചു വിട്ടതായി പരാതി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പാലക്കാട്‌ ഐഐടിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐപിടിഐഎഫിലാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ട പിരിച്ചുവിടലെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. കരാര്‍ തൊഴിലാളികളാണെന്ന കാരണം പറഞ്ഞാണ് 5 പേരെ ഒരുമിച്ചു പുറത്താക്കിയത്. എന്നാല്‍ ചട്ടം പാലിച്ചാണ് കരാര്‍ ജീവനക്കാരെ പിരിച്ചു വിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.

പാലക്കാട് ടെക്നിക്കല്‍ ഹബ്ബാണ് ഐപിടിഐഎഫ്. ഇവിടത്തെ പബ്ലിക് റിലേഷൻ ഓഫീസര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ്- എച്ച്‌ആര്‍ വിഭാഗത്തിലെ മറ്റു മൂന്നു ജീവനക്കാര്‍ എന്നിവരെയാണ് ഒരു സുപ്രഭാതത്തില്‍ ഒഴിവാക്കിയതായി അറിയിപ്പ് വന്നത്. രാജിവച്ചു പോകാനായിരുന്നു നിര്‍ദ്ദേശം. ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടി ബോര്‍ഡ് ഡയറക്ടേഴ്സിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നായിരുന്നു വിശദീകരണം. എന്നാല്‍ വ്യക്തി വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നാണ് ജീവനക്കാരുടെ ആരോപണം. ഐ പി ടി ഐഎഫ് ഡയറക്ടര്‍മാരായ ഡോ. ആല്‍ബര്‍ട്ട് സണ്ണി, ഡോ. വിജയ് എന്നിവര്‍ക്കെതിരെ തൊഴിലിടത്തിലെ മാനസിക പീഡനത്തിന് പരാതി നല്‍കിയവര്‍ക്കെതിരെയാണ് നടപടി എടുത്തത്.

ഡയറക്ടര്‍മാര്‍ക്ക് എതിരെയുള്ള പരാതിയില്‍ ആഭ്യന്തര സമിതി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ആരോപിതരുടെ സുഹൃത്തുക്കള്‍ തന്നെയാണ് സമിതിയില്‍ ഉണ്ടായിരുന്നതെന്നും പരാതിക്കാര്‍ പറയുന്നു. തൊഴില്‍ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് പിരിച്ചുവിടലെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ഉന്നതതലത്തില്‍ പരാതി കൊടുക്കാനാണ് ഇവരുടെ തീരുമാനം. യാതൊരു ചട്ടലംഘനവും നടന്നിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.