നെന്മാറയിൽ വേറിട്ട വിഷു കൈനീട്ടവുമായി പാടശേഖര സമിതി.

വിഷു കൈനീട്ടമായി പാടശേഖര സമിതിയിലെ എല്ലാ കർഷകർക്കും മുറവും,കളമുറവും വിതരണം ചെയ്തു. വല്ലങ്ങി തവളാക്കുളം പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് കണിവിഭവങ്ങളുമായി അപൂർവമായ വിഷുക്കൈനീട്ടം നടത്തിയത്. പാടശേഖര സമിതി പ്രസിഡൻ്റ് ജി. ജയപ്രകാശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെന്മാറ ക്യഷി ഓഫീസർ വി. അരുണിമ മുറങ്ങൾ കൈനീട്ടമായി എല്ലാ കർഷകർക്കും നൽകി ഉദ്ഘാടനം നിർവഹിച്ചു. നെല്ല് കാറ്റത്തിടാനും നെല്ലിലെ മാലിന്യങ്ങൾ വ്യത്തിയാക്കാനും, പഴമക്കാർ വ്യാപകമായി ഉപയോഗിച്ചിരുന്നതും ആധുനിക കാലത്ത് കളപ്പുരകളിൽ നിന്ന് അന്യം നിന്ന് പോയതുമായ ഈറ്റ കൊണ്ടുള്ള മുറവും, കള മുറവും കാർഷകർക്ക് നൽകി വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ് വല്ലങ്ങി തവളാക്കുളം പാടശേഖര സമിതി. സമിതിയിലെ 55 കർഷകർക്കാണ് ഇതിൻ്റെ പ്രയോജനം ലഭിച്ചത്. പാടശേഖര സമിതി സെക്രട്ടറി കെ. സുരേഷ് കുമാർ, അസിസ്റ്റൻറ് കൃഷി ഓഫീസർ സി.സന്തോഷ്, കൃഷി അസിസ്റ്റൻ്റുമാരായ കെ.പ്രകാശ്, വി. ലിഖിത, പാടശേഖര സമിതി ഭാരവാഹികളായ വി.സത്യൻ, കെ. രാമചന്ദ്രൻ, കെ. രവിന്ദ്രൻ എന്നിവർ പങ്കെടുത്തു.