
നെന്മാറ മേലാർകോട് പുളിഞ്ചോട്ടിൽ നിയന്ത്രണംവിട്ട കാർ ബൈക്കിലും കലുങ്കിലും ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പുളിഞ്ചോട്ടിൽ ചായക്കട നടത്തുന്ന ആണ്ടിത്തറയിൽ രഘുനാഥന്റെ മകൻ ബാലസുബ്രഹ്മണ്യൻ (38), ബൈക്ക് യാത്രികനായ കൊല്ലങ്കോട് കോവിലകംമുക്ക് പാലസ് കോർണർ പ്രസാദ് നിവാസിൽ രാഹുൽ ചന്ദ്രശേഖരൻ (45) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയാണ് അപകടം. ആലത്തൂരിൽനിന്നു നെന്മാറയിലേക്കു പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് എതിർദിശയിൽ വന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചതിനുശേഷം ചായക്കടയ്ക്കടുത്തുള്ള റോഡരികിലെ കലുങ്കിൽ ഇടിക്കുകയായിരുന്നു. കലുങ്കിലിരിക്കുകയായിരുന്നു ബാലസുബ്രഹ്മണ്യൻ. അമിതവേഗമാണ് അപകടത്തിനു കാരണമെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ ഉടനെതന്നെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാറിൽ സഞ്ചരിച്ചിരുന്ന ഡ്രൈവർ നെന്മാറ ബസ് സ്റ്റാൻഡിനു സമീപമുള്ള പ്രതാപൻ (46), വത്സല (52), ഗായത്രി (10), കലുങ്കിൽ ഇരിക്കുകയായിരുന്ന മേലാർകോട് ഇരട്ടക്കുളം ജയകൃഷ്ണൻ (54), മേലാർകോട് പഴയാണ്ടിത്തറ സന്തോഷ് (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാഹുൽ ചന്ദ്രശേഖരൻ ഇസാഫ് ബാങ്ക് മേലാർകോട് ബ്രാഞ്ച് മാനേജരാണ്. പിതാവ്: ചന്ദ്രശേഖരൻ (കനറാ ബാങ്ക് റിട്ട. മാനേജർ) മാതാവ്: പരേതയായ ഗിരിജ. സഹോദരി: രശ്മി.
രാജേശ്വരിയാണ് മരിച്ച ബാലസുബ്രഹ്മണ്യന്റെ മാതാവ്. ഭാര്യ: രമ്യ. മക്കൾ: അനുഷ്ക, കനിഷ്ക, സഷ്ടിക. ബാലസുബ്രഹ്മണ്യന്റെ മൃതദേഹം ആലത്തൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. ആലത്തൂർ പോലീസ് കേസെടുത്തു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പോലീസ് പറഞ്ഞു.

