സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു; പലരും ചികിത്സതേടുന്നത് രോ​ഗം മൂർച്ഛിക്കുമ്പോൾ മാത്രം. കരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ്.

സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ മഞ്ഞപ്പിത്തം പടരുന്നു. ഈവർഷം ജനുവരി ഒന്നുമുതൽ ഏപ്രിൽ നാലുവരെ സംസ്ഥാനത്ത് 2,872 പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സതേടി. ഇതിൽ 14 പേർ മരിച്ചു. 

മലിനജലത്തിലൂടെ പടരുന്ന മഞ്ഞപ്പിത്തമാണ് വ്യാപകമാകുന്നത്. പലരിലും രോഗം ഗുരുതരമാകാത്തതിനാൽ ചെറിയൊരു ശതമാനമേ ചികിത്സതേടുന്നുള്ളു. അതിനാൽ അനൗദ്യോഗിക കണക്കിനേക്കാൾ കൂടുതലായിരിക്കും രോഗബാധിതരുടെ എണ്ണം. 

മാർച്ചിലാണ് കൂടുതൽപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചത് -1,026. ഏഴുപേർ മരിച്ചു. മരണം കൂടുതലും മാർച്ചിലാണ്. പലരും രോഗം മൂർച്ഛിച്ചശേഷമാണ് ചികിത്സതേടുന്നത്. ഇത് ജീവൻ അപകടത്തിലാക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.