ആസാദി കാ അമൃതമഹോത്സവ്
ആലത്തൂർ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എ. അംഗമായിരുന്ന കാവശ്ശേരി വേപ്പിലശ്ശേരി വലിയ വീട് വാസുനായർക്ക് ആദരം. ആസാദി കാ അമൃതമഹോത്സവിന്റെ ഭാഗമായാണ് സർക്കാർ ആദരവ് നൽകിയത്. അന്തരിച്ച വാസുനായരുടെ ഭാര്യ മീനാക്ഷിക്കുട്ടി അമ്മയെ ആലത്തൂർ തഹസീൽദാർ പി. ജനാർദ്ദനനും ഭൂരേഖാ തഹസീൽദാർ ആർ. മുരളീമോഹനും ആദരിച്ചു. ഡപ്യൂട്ടി തഹസീൽദാർ വി.വി. വിജിത, വില്ലേജോഫീസർ എൻ. ചിത്രകല എന്നിവരും ഒപ്പമുണ്ടായിരുന്നു.
1942ൽ മലേഷ്യയിൽ ജോലി ചെയ്യുമ്പോഴാണ് വാസുനായർ സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി ഇന്ത്യൻ നാഷണൽ ആർമിയിൽ (ഐ.എൻ.എ.) ചേർന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഐ.എൻ.എ. ഭടന്മാർക്കൊപ്പം ഇന്ത്യയിലേക്ക് പുറപ്പെട്ടു. യുദ്ധത്തിൽ ജപ്പാന് തിരിച്ചടി നേരിടുകയും ബർമ്മ വഴി ഇന്ത്യയിലേക്കുള്ള ഐ.എൻ.എ. ഭടന്മാരുടെ നീക്കം പരാജയപ്പെടുകയും ചെയ്തു. ഇന്ത്യൻ അതിർത്തിയിൽ വാസുനായർ ബ്രിട്ടീഷ് പട്ടാളത്തിന്റെ പിടിയിലായി.
സ്വാതന്ത്ര്യാനന്തരം ജയിൽ മോചിതനായി. 1979ൽ അന്തരിച്ചു. കാവശ്ശേരി വേപ്പിലശ്ശേരിയിലെ വീട്ടിൽ ഇളയ മകൻ ഗോപിനാഥന് ഒപ്പമാണ് മീനാക്ഷിക്കുട്ടി അമ്മ കഴിയുന്നത്. സുധാകല അരവിന്ദ് (ചെന്നൈ), മുരളീധരൻ (ബെംഗളൂരു), ലളിത ഭാസ്കരൻ, പത്മിനി തിലകേശൻ (ഇരുവരും കാവശ്ശേരി), നാരായണൻകുട്ടി (പൊള്ളാച്ചി) എന്നിവരാണ് മറ്റ് മക്കൾ.
ഐ.എൻ.എ. ഭടൻ കാവശ്ശേരി വേപ്പിലശ്ശേരി വലിയ വീട് വാസുനായരുടെ ഭാര്യ മീനാക്ഷിക്കുട്ടി അമ്മയെ ആലത്തൂർ തഹസീൽദാർ പി. ജനാർദ്ദനനും ഭൂരേഖാ തഹസീൽദാർ ആർ. മുരളീമോഹനും ആദരിക്കുന്നു.