കൃത്യനിർവഹണത്തിനിടെ പോലീസിനെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു.

കൃത്യനിർവഹണത്തിനിടെ പോലീസ് സബ് ഇൻസ്പെക്ടറെയും സംഘത്തെയും ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. നെന്മാറ വിത്തനശ്ശേരി ചാണ്ടിച്ചാല ആലിങ്കൽ വീട്ടിൽ ഗിരീഷ് (29) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ കണ്ടാലറിയാവുന്ന ഓടിപ്പോയ പ്രദേശവാസികളായ മറ്റു മൂന്നുപേർക്കെതിരെയും പോലീസ് കേസെടുത്തു. നെന്മാറ പോലീസ് സബ് ഇൻസ്പെക്ടർ ഫാദിൽ റഹ്മാനും സംഘത്തിനും നേരെയാണ് നാല് യുവാക്കൾ ഡ്യൂട്ടിക്കിടെ അക്രമം അഴിച്ചുവിട്ടത്. നെന്മാറ വല്ലങ്ങി വേലയുടെ മുന്നോടിയായി കഴിഞ്ഞദിവസം രാത്രി 8.45ന് വിത്തനശ്ശേരിയിൽ വാഹന ഗതാഗതം തിരിച്ചു വിടുന്ന ഡ്യൂട്ടിക്കിടെയാണ് ഒരു സംഘം യുവാക്കൾ മദ്യപിച്ച് റോഡിൽ പരസ്പരം അടി കൂടുന്നത് ശ്രദ്ധയിൽപ്പെട്ടത്. പോലീസ് ഇടപെട്ട് ഇവരെ ആക്രമത്തിൽ നിന്ന് പിന്തിരിപ്പിച്ച് പിരിച്ചുവിടുകയും ചെയ്തു. അല്പസമയത്തിനുശേഷം മദ്യലഹരിയിലുള്ള പ്രതികൾ സംഘം ചേർന്ന് തിരിച്ചുവന്ന് തെറിവിളിച്ച് എസ്. ഐ. ക്ക് നേരെയും മറ്റു പോലീസുദ്യോഗസ്ഥർക്കും പോലീസ് ജീപ്പിനു നേരെയും സോഡാ കുപ്പി എറിഞ്ഞ് പൊട്ടിച്ച് ആക്രമണം അഴിച്ചുവിട്ടു. പോലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് പ്രതികളിൽ ഒരാളായ ഗിരീഷിനെ പിടികൂടിയാതോടെ മറ്റു മൂന്നു പ്രതികൾ ഓടി രക്ഷപ്പെട്ടു. പ്രതികൾക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് മറ്റു വകുപ്പുകളും ചേർത്ത് കേസെടുത്തു. പിടികൂടിയ പ്രതി ഗിരീഷിനെ വൈദ്യ പരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി.