*കണ്ണമ്പ്രയില്‍ വ്യവസായ പാര്‍ക്കിന് ഏറ്റെടുത്ത ഭൂമി കാട്ടുപന്നികളുടെ താവളം*
വടക്കഞ്ചേരി കണ്ണമ്പ്രയില്‍ വ്യവസായ പാര്‍ക്കിനായി ഏറ്റെടുത്ത മുന്നൂറ് ഏക്കറിലധികം ഭൂമി പൊന്തക്കാട് കയറി. ആളൊഴിഞ്ഞ വീടുകള്‍ സാമൂഹ്യവിരുദ്ധരും മദ്യപൻന്മാരും താവളമാക്കി. കാടുമൂടിയ പ്രദേശത്ത് കാട്ടുപന്നികളും നിറഞ്ഞു.
രാപ്പകല്‍ വ്യത്യാസമില്ലാതെ പന്നിക്കൂട്ടങ്ങള്‍ റോഡുകള്‍ക്ക് കുറുകെ പാഞ്ഞ് അപകടങ്ങളും നിത്യസംഭവമായി. പാമ്പും മറ്റു ഇഴജന്തുക്കളുമായി സമീപവാസികളുടെ സ്വൈര്യജീവിതവും അവതാളത്തിലാണ്. രണ്ടു നിലകളിലുള്ള വലിയ വീടുകളും റബര്‍, തെങ്ങ് തോട്ടങ്ങളുമൊക്കെയാണ് ഇവിടെ നാഥനില്ലാത്ത സ്ഥിതിയിലായിട്ടുള്ളത്.2016 ലാണ് വ്യവസായ പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. കാര്‍ഷിക വിളകള്‍ നിറഞ്ഞു നിന്നിരുന്ന ഭൂമി ഇനി തരം മാറ്റി വ്യവസായങ്ങള്‍ക്കായി രൂപപ്പെടുത്തേണ്ടതുണ്ട്. ഏറ്റെടുത്ത ഭൂമിയില്‍ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഏറ്റെടുത്ത ഭൂമിയിലെ ആദായങ്ങള്‍ ലേലം ചെയ്ത് വില്‍ക്കാൻ നടപടി ഉണ്ടാകണം. റബര്‍, തെങ്ങ് തുടങ്ങിയ വിളകളാണ് തോട്ടങ്ങളില്‍ കൂടുതലും. കണ്ണമ്പ്ര വ്യവസായ പാര്‍ക്ക് ഉള്‍പ്പെടുന്ന കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴി വരുന്നതോടെ ജില്ലയുടെ മുഖം മിനുങ്ങും, തൊഴിലവസരങ്ങള്‍ പെരുകും എന്നൊക്കെയാണ് പറയുന്നത്. എന്തായാലും വ്യവസായ പാര്‍ക്കിന്‍റെ പേരില്‍ മേഖലയിലെ വീതി കുറഞ്ഞ പല റോഡുകളും നവീകരിച്ച് പുനര്‍നിര്‍മിച്ചത് ഗതാഗത സൗകര്യം മെച്ചമാക്കിയിട്ടുണ്ട്