കതിരണിഞ്ഞ നെൽപ്പാടത്ത് പകൽ സമയത്ത് കൃഷിനാശം വരുത്തിയ രണ്ടു കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. മേലാർകോട് പഞ്ചായത്തിലെ കല്ലചെമ്പുഴി പാടശേഖരത്തിലെ സനലിന്റെ പാടശേഖര നെൽപ്പാടത്താണ് പകൽ സമയത്ത് കതിരുകൾ തിന്നു നശിപ്പിക്കുകയും കുത്തിമറിച്ചും നശിപ്പിച്ചുകൊണ്ടിരുന്ന കാട്ടുപന്നിക്കൂട്ടത്തെ കണ്ടത്. ദിവസങ്ങളായി മേഖലയിലെ നെൽപ്പാടങ്ങളിൽ കാട്ടുപന്നികൾ കൃഷിനാശം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി നെൽപ്പാടങ്ങളിൽ നിരീക്ഷണം നടത്തിയെങ്കിലും വെടിവെച്ചുകൊല്ലാൻ കഴിഞ്ഞിരുന്നില്ല. പകൽ സമയത്ത് നാശം തുടരുന്നത് കണ്ടെത്തിയ കർഷകനാണ് ഷൂട്ടർമാരെ വിളിച്ചുവരുത്തിയത്. നെൽപ്പാടത്ത് പതുങ്ങി നിന്ന രണ്ടെണ്ണത്തെ വനം വകുപ്പ് പാനലിൽ ഉൾപ്പെട്ട ഷൂട്ടർ കെ. വിജയൻ ചാത്തമംഗലമാണ് വെടിവെച്ചുകൊന്നത് വനം വകുപ്പ് നിർദ്ദേശപ്രകാരം ജഡം കുഴിച്ചുമൂടി.