തൃശൂർ ചേറ്റുപുഴയിൽ യുവാവിന്റെ മരണം വാഹനാപകടത്തിലല്ല, കൊലപാതകമെന്ന് വ്യക്തമായി. യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്ന് തെളിഞ്ഞു. യുവാവിന്റെ സഹോദരനും സുഹൃത്തുമാണ് കസ്റ്റഡിയിലായിരിക്കുന്നത്. അരിമ്പൂർ സ്വദേശി ഷൈനിന്റെ (28) മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. സഹോദരൻ ഷെറിൻ (24) ഷെറിന്റെ കൂട്ടുകാരൻ അരുൺ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇരുവരെയും പൊലീസ് ചോദ്യംചെയ്യുകയാണ്. ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്ന് ധരിപ്പിച്ചു. വണ്ടിയിൽ പെട്രോൾ തീർന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു. സഹോദരനും കൂട്ടുകാരനും ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിലെത്തിച്ചു. കൊലപാതകം തെളിഞ്ഞത് പോസ്റ്റ്മോർട്ടത്തിൽ.
കഴിഞ്ഞ 13ാം തീയതിയാണ് ദാരുണമായ സംഭവമുണ്ടാകുന്നത്. രാത്രി തൃശൂർ നഗരത്തിലെ ബാറിൽ മദ്യപിച്ചിരുന്ന യുവാവിനെ ഷൈൻ എന്ന യുവാവിനെ വിളിച്ചു കൊണ്ടുപോകാൻ എത്തിയതായിരുന്നു ഷൈനിന്റെ സഹോദരൻ ഷെറിനും സുഹൃത്ത് അരുണും. ഇവർ തിരിച്ച് ബാറിൽ നിന്ന് വരുന്ന വഴി പെട്രോൾ തീർന്നു. ഇതിനെ തുടർന്ന് തർക്കമുണ്ടാകുന്നു. തർക്കത്തിനിടെ സഹോദരനെ ഷെറിൻ ഹെൽമെറ്റ് ഉപയോഗിച്ച് അടിച്ചു വീഴ്ത്തി. ഇയാൾ ബോധമില്ലെന്ന് കണ്ട് ബൈക്കിൽ നിന്ന് തള്ളിയിടുകയാണുണ്ടായത്.
ശേഷം ആംബുലൻസിനെയും പൊലീസിനെയും വിളിച്ചു പറയുകയും ചെയ്തു. അപകടമുണ്ടായി എന്നാണ് പറഞ്ഞത്. ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിലാണ് വീണതിന്റെ പരിക്കുകളല്ല ഇയാൾക്കുണ്ടായിരുന്നതെന്ന് ബോധ്യപ്പെട്ടത്. ഹെൽമെറ്റ് കൊണ്ട് അടിച്ചതാണെന്ന് ബോധ്യപ്പെട്ടു. ഷൈനിന്റെ ശവസംസ്കാരത്തിന് ശേഷം ഷെറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ദാരുണമായ അരുംകൊലയാണ് പുറത്തുവന്നിരിക്കുന്നത്.