ആന എഴുന്നള്ളിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് തീരുമാനം പിൻവലിക്കാതെ സുപ്രീംകോടതി. സ്റ്റേ നീക്കണമെന്ന അപേക്ഷ ഉടൻ പരിഗണിക്കണമെന്ന മൃഗസ്നേഹികളുടെ സംഘടനയുടെ ആവശ്യമാണു സുപ്രീം കോടതി നിരസിച്ചത്. കേരളത്തിൽ എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞ് ഒരാൾ കൊല്ലപ്പെട്ടെന്നും രണ്ടു ഡസനിലേറെപ്പേർക്ക് പരുക്കേറ്റെന്നും ചൂണ്ടിക്കാട്ടിയാണു സംഘടന ആവശ്യം ഉന്നയിച്ചത്. ദേവസ്വങ്ങൾക്ക് അനുകൂലമായി, നിലവിലെ ചട്ടങ്ങൾ പാലിച്ച് ആന എഴുന്നള്ളിക്കാമെന്നാണ്, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയത്. സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടന മുൻപു സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം അനുവദിക്കാനാകില്ലെന്നു ജസ്റ്റിസ് ബി.വി. നാഗരത്ന വ്യക്തമാക്കി. ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും നിർദേശിച്ചു.