മുറിവുണങ്ങാതെ എൻഎസ്എസ്; മിത്ത് വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; തന്നെ സിപിഎം വിശേഷിപ്പിക്കുന്നത് അവഹേളനം: തുറന്നടിച്ച് സുകുമാരൻ നായർ.

*മുറിവുണങ്ങാതെ എൻഎസ്എസ്; മിത്ത് വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും; തന്നെ സിപിഎം വിശേഷിപ്പിക്കുന്നത് അവഹേളനം: തുറന്നടിച്ച് സുകുമാരൻ നായർ.
മിത്തു വിവാദത്തില്‍ എൻഎസ്‌എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായര്‍. വിവാദം പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇടത് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസിനെ സ്വീകരിച്ചത് സ്ഥാനാര്‍ത്ഥിയായത് കൊണ്ട് മാത്രമാണെന്നും സ്ഥാനാര്‍ത്ഥികള്‍ കാണാനെത്തുന്നത് സാധാരണയാണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ആണ് സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയത്.

സ്ഥാനാര്‍ത്ഥികള്‍ വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കും ജെയ്ക്ക് വന്നു, ചാണ്ടി ഉമ്മൻ വന്നു. ഇനി ബിജെപി സ്ഥാനാര്‍ത്ഥിയും വരും. അത് സാധാരണമാണ്. മിത്തുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നടത്തിയ സിപിഎം നേതാവും സ്പീക്കറുമായ എഎൻ ഷംസീറിന് മാപ്പില്ല. തന്നെ പോപ്പ് എന്ന് വിളിക്കുന്നത് അവഹേളനമാണ്. തെരഞ്ഞെടുപ്പില്‍ എൻ എസ് എസ് സ്വീകരിക്കുന്നത് സമദൂര നിലപാടാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് ദുര്‍വ്യാഖ്യാനപ്പെട്ടു.

ഇവിടെ ഒരു ഭരണമാറ്റം ജനമാവശ്യപ്പെടുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഉണ്ടെന്ന് ഞാൻ പറഞ്ഞു. അതെന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. എൻഎസ്‌എസിന്റേതായിരുന്നില്ല. അതിന്റെ പേരില്‍ എൻഎസ്‌എസ് സമദൂരം വിട്ടിട്ടില്ല. സമദൂര നിലപാട് തന്ത്രമാണെന്ന സിപിഎം സംസ്ഥാന സെക്കട്ടറി എം. വി ഗോവിന്റെ പരാമര്‍ശത്തെ തമാശയായി മാത്രമാണ് കാണുന്നതെന്നും മിത്ത് വിവാദത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ബിജെപി ശ്രമിച്ചിട്ടില്ലെന്നും സുകുമാരൻ നായര്‍ വിശദീകരിച്ചു.