ഗുരുതര ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന എഡിജിപി എം.ആര്.അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. ജൂലൈ ഒന്നിന് നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേസ് സാഹിബ് സര്‍വീസില്‍നിന്ന് വിരമിക്കുമ്പോള്‍ ഉണ്ടാകുന്ന ഒഴിവിലേക്കാണ് അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകുക.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് അജിത് കുമാറിന് സ്ഥാനക്കയറ്റത്തിന് ശിപാര്‍ശ നല്‍കിയിരുന്നത്. വിജിലന്‍സ് അന്വേഷണം നേരിടുന്നതുകൊണ്ട് മാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പൂരം കലക്കല്‍, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളിലും അജിത്കുമാറിനെതിരേ അന്വേഷണം നടക്കുന്നുണ്ട്.