കേരളത്തിൽ മുണ്ടിനീര് വ്യാപകം; രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്!!

കുട്ടികളിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ശ്രദ്ധ വേണമെന്ന് ആരോഗ്യ വിഭാഗം. മുണ്ടി നീര്, പാരമിക്‌സോ വൈറസ് രോഗാണുവിലൂടെയാണ്  പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ആണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ്  രോഗം സാധാരണയായി പകരുന്നത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്.

 ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുത്. ഇത് ചെവിക്ക് താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമനുഭവപ്പെടുന്നു. വിശപ്പില്ലായ്മയും ക്ഷീണവും, വേദനയുംപേശി വേദനയുമാണ് മറ്റു ലക്ഷണങ്ങള്‍.നീര്,തൊണ്ടവേദന എന്നൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ സ്വീകരിക്കുന്നതിന് താമസിക്കരുത്. ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കുക. ഡോക്ടറെ കണ്ട് ചികിത്സ തേടുക. ഉമിനീര്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ ഇവയുടെ കണികകൾ വായുവിൽ കലരുന്നതുമൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും  രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരുന്നു.പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി  ഇവയ്ക്ക് അണുബാധ ഉണ്ടാകുകയും  ചികിത്സിച്ചില്ലെങ്കില്‍ കേൾവി തകരാറിനും,ഭാവിയില്‍ പ്രത്യുൽപാദന തകരാറുകൾ ഉണ്ടാകുതിനും  സാധ്യത ഉണ്ട്. തലച്ചോറിനെ ബാധിച്ചാല്‍ ഗുരുതരമായ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ  ഉണ്ടാകാനിടയുണ്ട്. അസുഖ ബാധിതര്‍ പൂര്‍ണമായും  രോഗം ഭേദമാകുന്നത് വരെ വീട്ടിൽ വിശ്രമിക്കുക.   മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. 

രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടരുത്.

 രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക. 

മുണ്ടിനീരിൻ്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർ രക്ഷിതാക്കളെയും ആരോഗ്യപ്രവർത്തകരെയും വിവരമറിയിക്കാൻ ശ്രദ്ധിക്കുക. പനി പോലെയുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കുടിവെള്ളം പങ്കിടാൻ അനുവദിക്കരുത്.

രോഗികൾ ധാരാളം വെള്ളം കുടിക്കുക. പുളിപ്പുള്ള പഴച്ചാറുകൾ പോലെയുള്ള പാനീയങ്ങൾ കുടിക്കേണ്ടതില്ല.

ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത നേർത്ത ഭക്ഷണങ്ങൾ കഴിക്കുക. നീരിന്റെയും വേദനയുടെയും പ്രയാസം കുറയ്ക്കുന്നതിനായി ഇളം ചൂടുള്ള ഉപ്പുവെള്ളം ഗാർഗിൾ ചെയ്യുക. ഐസ് വെക്കുന്നതും ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ചൂട് വെക്കുന്നതും നീരിനും വേദനയ്ക്കും ആശ്വാസം നൽകാൻ സഹായിക്കും

സാധാരണയായി  രണ്ട് ആഴ്ചകൊണ്ട് രോഗം ഭേദമാകാറുണ്ട്.എങ്കിലും രോഗാണുവിൻ്റെ ഇൻകുബേഷൻ കാലയളവ് ( രോഗികളുമായി സമ്പർക്കത്തിലായവർക്ക്  രോഗ ലക്ഷണം പ്രകടമാകാൻ സാദ്ധ്യത ഉള്ള സമയം) 12 മുതൽ 25 ദിവസം വരെ ആയതിനാൽ രോഗമുള്ളവരുമായി സമ്പർക്കത്തിൽ  ആയവർ ശ്രദ്ധ പുലർത്തുന്നത്  രോഗവ്യാപനം തടയുന്നതിന് സഹായകമാണെന്ന് അറിയിപ്പിൽ പറയുന്നു.