വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തരുത്; ഹൈക്കോടതി.

ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഏതു വസ്ത്രം ധരിക്കുന്നുവെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.

സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എം.ബി. സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ധരിക്കുന്ന വസ്ത്രമടക്കം കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ച മാവേലിക്കര കുടുംബക്കോടതി ഉത്തരവിനെതിരേ രണ്ടു കുട്ടികളുടെ അമ്മയായ യുവതി നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്.