സംസ്ഥാനത്തെ സ്കൂളുകളിൽ ഇല്ലാത്ത അധികാരം ഉപയോഗിച്ച് അധ്യാപക രക്ഷാകർതൃ സമിതികളും (പിടിഎ) സ്കൂൾ മാനേജ്മെൻറ് കമ്മിറ്റികളും (എസ്എംസി) നടത്തുന്ന ഭരണം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്. പി.ടി.എകളും എസ്.എം.സികളും നിക്ഷിപ്തമായ അധികാരങ്ങൾക്കപ്പുറം അധ്യയന-ഭരണ കാര്യങ്ങളിൽ ഇടപെട്ട് സ്കൂളുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി.സ്കൂൾ പി.ടി.എ കമ്മിറ്റികളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികൾ ഉയരുന്നുണ്ട്. സ്കൂളിലെ പഠന പ്രവർത്തനങ്ങളും സമാധാന അന്തരീക്ഷവും വികസന പ്രവർത്തനങ്ങളും പൊതുജനങ്ങളും രക്ഷാകർതൃ സമൂഹവും ആഗ്രഹിക്കുന്ന രൂപത്തിൽ നടപ്പാക്കാൻ സ്കൂൾ അധികൃതരെയും വിദ്യാർഥികളെയും സഹായിക്കുക എന്നതാണ് പിടിഎകളുടെയും എസ്എംസികളുടെയും മുഖ്യകടമ. സ്കൂളിനാവശ്യമായ വിവിധ കാര്യങ്ങളുടെ നിർവഹണമാണ് മാർഗനിർദേശമായി നൽകിയിട്ടുള്ളത്.
