നെല്ലിയാമ്പതിയിൽ ബൈക്ക് യാത്രക്കാരായ യുവതിക്കും യുവാവിനും നേരെ കാട്ടാനയുടെ ആക്രമണം: രണ്ട് പേർക്ക് പരിക്ക്.

ജോജി തോമസ്

നെല്ലിയാമ്പതിയിൽ ബൈക്ക് യാത്രക്കാരെ മരപാലത്തിനു സമീപം ചുരം റോഡിൽ വച്ച് കാട്ടാന ആക്രമിച്ചു. ഇന്നലെ ഉച്ചക്ക് 2.30 നാണ് സംഭവം. നെല്ലിയാമ്പതിയിൽ നിന്നും നെന്മാറ ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക് യാത്രികർ. ബൈക്കിൽ യാത്ര ചെയ്യുന്ന സുഹൃത്തുക്കളായ സ്ത്രിയും പുരുഷനുമാണ് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കൈയ്യെല്ലിനും കാലിനും പരിക്കുണ്ട്. ഇരുചക്ര വാഹനത്തിനും ആന നാശം വരുത്തിയിട്ടുണ്ട്. വടക്കഞ്ചേരി സ്വദേശിയായ പുരുഷനും ഒപ്പമുണ്ടായിരുന്ന കോട്ടയംക്കാരിയായ സ്ത്രീയ്ക്കുമാണ് പരുക്കേറ്റതെന്നാണ് പ്രാഥമികവിവരം. വനപാലകരും പോലീസും സംഭവ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. പരിക്കുപറ്റിയവരുടെ സ്വകാര്യത മാനിച്ച് അധികൃതർ പേരുകൾ പുറത്തുവിട്ടില്ല. പരിക്ക് പറ്റിയവരെ അതുവഴി വന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങളിൽ നെന്മാറയിലെ ഗവൺമെൻറ് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കായി എത്തിച്ചിരുന്നു. തുടർ ചികിത്സയ്ക്കായി യുവാവും യുവതിയും സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും പുറമേ ചികിത്സ തേടി.

ഞായറാഴ്ച വൈകുന്നേരം മുതൽ നെല്ലിയമ്പതി ചുരം റോഡിൽ കാട്ടാനക്കൂട്ടം ഇറങ്ങി ഗതാഗതം തടസ്സപ്പെടുത്തിയിരുന്നു. പതിനാലാം മൈലിനടുത്ത് കണ്ടെത്തിയ കാട്ടാനകളെ വനപാലകസംഘം എത്തി വൈകിട്ട് 6. 30 മണിയോടെ ഇരുഭാഗത്തുമുള്ള വാഹനങ്ങളെ നിയന്ത്രിച്ച് കാട്ടാനയെയും കുഞ്ഞിനെയും കാട്ടിലേക്ക് കയറ്റി വിട്ട ശേഷമാണ് രണ്ടു മണിക്കൂറോളം നീണ്ട ഗതാഗത തടസ്സം പരിഹരിക്കാനായത്. കുട്ടിയാനയുമായി വന്ന ഇതേ ആന തന്നെയാണ് മരപ്പാലത്തിന് സമീപം ബൈക്ക് യാത്രക്കാർക്ക് നേരെ ആക്രമണം നടത്തിയത് എന്നാണ് വനപാലകരുടെ നിഗമനം.