കൊല്ലങ്കോട് കുമ്പളക്കോട് പാലം കാടുമൂടി.

അന്തർ സംസ്ഥാന പാതയായ മംഗലം ഗോവിന്ദാപുരം പാതയിലെ കുമ്പളക്കോട് പാലത്തിന്റെ കൈവരികളും സൂചന ബോർഡുകളും കാടുമുടി കിടക്കുന്നു. കൊല്ലങ്കോട് ദിശയിൽ നിന്നുള്ള ഭാഗത്താണ് കൈവരികളും പാലവും പാതയും ശ്രദ്ധയിൽ പെടാത്ത രീതിയിൽ കാടുമുടി കിടക്കുന്നത്. എന്നാൽ നെന്മാറ ദിശയിൽ നിന്നുള്ള ഭാഗം ഒരാഴ്ച മുമ്പ് തൊഴിലുറപ്പ് തൊഴിലാളികൾ വെട്ടി മാറ്റിയതോടെ പാലത്തിന്റെ കൈവരികൾ നെന്മാറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് കാണാൻ പറ്റുന്ന വിധമായി തെളിഞ്ഞു കാണാൻ തുടങ്ങി. കൊല്ലങ്കോട് ഭാഗത്ത് നിന്നുള്ള പാലത്തിന്റെ കൈവരിയോട് ചേർന്ന് മഞ്ഞയും കറുപ്പും നിറത്തിൽ രാത്രി വാഹനങ്ങൾക്ക് തിരിച്ചറിയാനുള്ള ബോർഡും പാലത്തിന്റെ കൈവരികളിൽ സ്ഥാപിച്ചിട്ടുള്ള വെളിച്ചം തട്ടുമ്പോൾ പ്രതിഫലിക്കുന്ന സ്റ്റിക്കറുകളും കാടും മുടി കിടക്കുകയാണ്. ശബരിമല സീസൺ ആയതോടെ തമിഴ്നാട് ഭാഗത്ത് നിന്നും നിരവധി വാഹനങ്ങളാണ് വീതി കൂടിയ രണ്ടുവരി റോഡിൽ നിന്നും ഒറ്റവരി പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ പുൽച്ചെടികൾ മറഞ്ഞ് പാലവും കൈവരികളും കാണാതെ അപകടത്തിൽപ്പെടുന്നു. ഞായറാഴ്ച വൈകിട്ട് ചരക്കുമായി വന്ന ലോറി വീതി കുറഞ്ഞ പാലത്തിൽ കയറിയതോടെ പുൽച്ചെടികൾക്ക് അരികിലുള്ള പാലത്തിന്റെ കൈവരിയിൽ ഉരസി കുറച്ചു സമയം ഇരു ദിശയിലേക്ക് ഗതാഗത തടസ്സം ഉണ്ടാക്കി. ഇതോടെ പാലത്തിന്റെ ഇരുദിശങ്ങളിലും നീണ്ട വാഹനനിര രൂപപ്പെട്ടു. ശബരിമല സീസൺ ആയതിനാൽ അപരിചിതരായ വാഹന ഡ്രൈവർമാർക്ക് റോഡിലെ പാലത്തിലേക്ക് കയറുമ്പോൾ ഉള്ള കുപ്പികഴുത്ത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ഡ്രൈവർമാർ പരാതിപ്പെട്ടു. പഞ്ചായത്ത് , പൊതുമരാമത്ത് എന്നീ വകുപ്പുകൾ ഇടപെട്ട് പ്രദേശത്തെ കാടുമുടി കിടക്കുന്ന പുല്ലുകൾ വെട്ടി മാറ്റി ഡ്രൈവർമാർക്ക് പാലവും സൂചനാ ബോർഡും കാണത്തക്ക വിധം സൗകര്യപ്പെടുത്തണം.