അപകട ഭീഷണിയായി നിൽക്കുന്ന ഉണക്ക മരം മുറിച്ചുമാറ്റാൻ നടപടിയായില്ല!!

നെന്മാറ – ചാത്തമംഗലം റോഡിലാണ് ഉണങ്ങിയ മരം അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്. ചാത്തമംഗലം മാരിയമ്മൻ കോവിലിന് സമീപത്താണ് പൊതുമരാമത്ത് റോഡിൽ ഉണങ്ങി ഇലകൾ കൊഴിഞ്ഞ് വൈദ്യുത ലൈനിന് മുകളിലൂടെ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരമാണ് അധികൃതർ മുറിച്ചു മാറ്റാതെ അപകട ഭീഷണി ഉയർത്തുന്നത്. ഈ മരത്തിന്റെ ഉണങ്ങിയ ചില്ലകൾ വൈദ്യുതി ലൈനിൽ വീണ് വൈദ്യുതി തടസവും റോഡിൽ വീണ് ഗതാഗത തടസവും ഉണ്ടാക്കിയിരുന്നു. അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാൻ പഞ്ചായത്തിന് അധികാരം നൽകിയിട്ടുണ്ടെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. മുറിച്ചു മാറ്റിയ മരം പൊതുമരാമത്തിനു കൈമാറണമെന്നും പൊതുമരാമത്താണ് ലേലം ചെയ്യേണ്ടതെന്നുമാണ് നിലവിലെ ചട്ടമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരം മുറിച്ചു മാറ്റാൻ നെന്മാറ പഞ്ചായത്ത് അധികൃതർ നടപടികൾ കൈക്കൊണ്ടിട്ടില്ല. സ്കൂൾ ബസ്സുകളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ ദിവസം നൂറോളം വാഹനങ്ങൾ കടന്നുപോകുന്ന ഒരു പൊതുമരാമത്തിലാണ് ഭീഷണിയായ മരം നിൽക്കുന്നത്. ഒരു വർഷത്തോളമായി മരം ഉണങ്ങിയ നിലയിലാണ്. ഇടയ്ക്കിടെ ചെറു ചില്ലകൾ റോഡിൽ വീണ് അപകട ഭീഷണിയും ഉയർത്തുന്നുണ്ട്.