തമിഴ്നാട്ടിൽ നിന്നുള്ള മിനി ബസ് മറിഞ്ഞ് 18 പേർക്ക് പരുക്ക്.

എറണാകുളത്തേക്ക് തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടുപോകുന്ന മിനി ബസ് അപകടത്തിൽപ്പെട്ട് 18 പേർക്ക് പരുക്ക്. എലവഞ്ചേരി കുമ്പള കോടിനടുത്ത് കൊല്ലംകോട് ദിശയിൽ അപകടകരമായ രീതിയിൽ വന്ന വാഹനത്തിന്റെ കൂട്ടിയിടി ഒഴിവാക്കാൻ വെട്ടിച്ചപ്പോഴാണ് മിനി ബസ് റോഡിലേക്ക് തലകീഴായി മറിഞ്ഞത്. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവർ ആണ്ടവൻ 26, അമരാവതി 45, പരമൻ 49, പ്രേമ 33, ലക്ഷ്മി 40, പാണ്ഡ്യരാജൻ 28, ഡ്രൈവർ പ്രേംകുമാർ 27, ശരവണൻ 27, അലക്സ് പാണ്ഡ്യൻ 37, ജയാ 37, പൂങ്കൊടി 40, ഉമാറാനി 48, താവമണി 48, ശെൽവം 51, ഈശ്വരി 47, കാർത്തിക 33, മണികണ്ഠൻ 29, രമേശ് 46, എന്നീ 18 പേരാണ് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. തമിഴ്നാട്ടിലെ ഡിണ്ടുക്കൽ, തേനി തുടങ്ങിയ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽ പെട്ടത്. എറണാകുളം കാക്കനാട്, വാഴക്കാല, തേവര പ്രദേശങ്ങളിൽ കൃഷിപ്പണി ഉൾപ്പെടെയുള്ള വിവിധ പണികൾക്ക് വരുന്നവരാണ് അപകടത്തിൽപ്പെട്ട വാഹനത്തിൽ ഉണ്ടായിരുന്നത്. ദീപാവലി ആഘോഷത്തിന് നാട്ടിലേക്ക് പോയി മടങ്ങി വരുന്നവരാണ്. മിക്കവരും കുടുംബസമേതം കാക്കനാട്, എറണാകുളം മേഖലയിൽ വീടു വാടകയ്ക്ക് എടുത്ത് ഒന്നും രണ്ടുമാസം ജോലിചെയ്ത് നാട്ടിലേക്ക് മടങ്ങുന്നവരാണ്. തമിഴ്നാട്ടിൽ നിന്നും സ്ഥിരമായി തൊഴിലാളികളെ കൊണ്ടുവരുന്ന ഡ്രൈവർ പ്രേംകുമാർ (27) ഓടിച്ച മിനി ബസ്സാണ് എലവഞ്ചേരി, കുമ്പള കോടിനടുത്ത് അപകടത്തിൽ പെട്ടത്. ഡ്രൈവർ പ്രേംകുമാറിന് സാരമായ പരിക്കുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്ക് തൃശ്ശൂരിലേക്ക് കൊണ്ടുപോയി. വാഹനത്തിൽ ഉണ്ടായിരുന്ന തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലുള്ളവർ ഒട്ടൻചത്രം, ഡിണ്ടിക്കൽ, വടമധുര എന്നിവിടങ്ങളിൽ നിന്നാണ് തിങ്കളാഴ്ച വൈകിട്ട് മിനി ബസ്സിൽ കയറിയതെന്ന് അപകടത്തിൽ പരിക്കേറ്റ തേനി, കല്ലുപ്പട്ടി സ്വദേശി പരമൻ പറഞ്ഞു. ഡ്രൈവർ ഉൾപ്പെടെ 18 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്, സ്ഥിരമായി നാട്ടിലേക്കുള്ള യാത്രയിൽ ഉപയോഗപ്പെടുത്തുന്ന മിനി ബസാണിത്. യാത്രക്കാർ പരസ്പരം വാഹന യാത്രാ ചെലവ് പങ്കുവെച്ചാണ് യാത്ര ചെയ്യാറുള്ളത് എന്ന് യാത്രക്കാരനായ പാണ്ഡ്യരാജ് പറഞ്ഞു.