സംസ്ഥാനത്ത് വാഹനങ്ങളിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നത് വ്യാപകം. അടുത്തിടെ മുഴുവൻ പോലീസ് സ്റ്റേഷൻ പരിധികളിലും ഒരുദിവസം നടത്തിയ പരിശോധനയിൽ (കോംബിങ്) ഇത്തരം നൂറുകണക്കിനു വാഹനങ്ങൾ കണ്ടെത്തിയതോടെ പോലീസുതന്നെ ഞെട്ടി. രജിസ്ട്രേഷൻ നമ്പർ പതിക്കാത്ത വാഹനങ്ങൾ, കള്ള നമ്പറുകൾ പതിച്ചവ, തെറ്റായി പ്രദർശിപ്പിക്കുന്നവ, നമ്പർ കാണാൻ പറ്റാത്തവിധം എഴുതിയവ തുടങ്ങി ഒട്ടേറെ കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്. തമിഴ്നാട് അതിർത്തിയിലുള്ള പ്രദേശങ്ങളിൽ ഇത്തരം വാഹനങ്ങൾ ഉപയോഗിച്ച് നികുതിവെട്ടിച്ച് ചരക്ക് കടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെത്തി 30-40 കിലോമീറ്റർ പരിധിയിൽനിന്ന് ആക്രിസാധനങ്ങളും മറ്റും ശേഖരിച്ച് മടങ്ങുന്നതായ വിവരമാണ് ലഭിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ.ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങളിൽനിന്നുതന്നെ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിക്കുന്നത് വ്യാപകമാണെന്ന് വ്യക്തമായിരുന്നു. നിയമലംഘനം കണ്ടെത്തിയിട്ടുണ്ടെന്നും പിഴ അടയ്ക്കണമെന്നുമുള്ള അറിയിപ്പ് തപാലിൽ വരുമ്പോഴാണ്, തങ്ങളുടെ വാഹനത്തിന് വ്യാജന്മാരുണ്ടെന്ന വിവരം പലരും അറിയുന്നത്.