
തുലാമഴ ശക്തമായതോടെ പോത്തുണ്ടി ഡാം പുഴയിലേക്ക് തുറന്നു. രണ്ടു ദിവസമായി മേഖലയിൽ തുലാവർഷം ശക്തമായി തുടരുന്നതിനാൽ പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഡാമിലെ അധിക ജലം പുഴയിലേക്ക് തുറന്നത്. 55 അടി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 54. 23 അടിയായി ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് പുഴയിലേക്ക് രണ്ട് സെന്റീമീറ്റർ വെള്ളം തുറന്നുവിട്ട് ജലം ക്രമീകരണം നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പോത്തുണ്ടി ഡാം സൃഷ്ടി പ്രദേശത്ത് 39 മില്ലിമീറ്റർ മഴ ലഭിച്ചു. നിലവിൽ പോത്തുണ്ടി ഡാം ജലനിരപ്പ് റെഡ് അലർട്ടിലാണ്. രാവിലെ ഒരു സെന്റീമീറ്റർ തുറന്നതാണെങ്കിലും മഴ കനത്തതോടെ ഇന്നലെ വൈകിട്ട് 2 സെന്റീമീറ്ററായി ഉയർത്തുകയായിരുന്നു. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.