‘വഴിയിടം’ വിശ്രമകേന്ദ്രം വഴിയാധാരമായി. വഴിയോരങ്ങളിൽ വിശ്രമിക്കാനും പ്രാഥമികസൗകര്യങ്ങൾ നിറവേറ്റുന്നതിനുമായി നെന്മാറ എൻഎസ്എസ് കോളേജിന് സമീപം തുടങ്ങിയ വഴിയിടം വിശ്രമ കേന്ദ്രമാണ് പ്രവർത്തനരഹിതമായി.

ജോജി തോമസ്

മംഗലം – ഗോവിന്ദാപുരം പാതയിലെ നെന്മാറ എൻ.എസ്.എസ്. കോളേജിനുസമീപമുള്ള ശൗചാലയം പഴനി ഗുരുവായൂർ ശബരിമല ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമായിരുന്നു. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്താണ് എല്ലാവർക്കും മേലാർകോട് ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതി ഫണ്ട് ഉപയോഗിച്ച് ശൗചാലയവും കടമുറികളുമായി നിർമിച്ചത്. നിർമാണം പൂർത്തിയായി ഒരു വർഷത്തിനുശേഷമാണ് പ്രവർത്തനം തുടങ്ങിയത്. ശൗചാലയത്തിലെ ജലവിതരണക്കുഴലുകളിൽ മരത്തിന്റെ വേരുകൾ കയറിയതിനാൽ ജലവിതരണം തടസ്സപ്പെട്ടതിനാലാണ് കേന്ദ്രം അടച്ചിട്ടതെന്നും, നന്നാക്കുന്നതിന് കരാർനടപടി പൂർത്തിയായിട്ടുണ്ടെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് ടി. വത്സല പറഞ്ഞു. ഇതിനിടയിൽ നിർമാണത്തിലെ അപാകതമൂലമാണ് ശൗചാലയം ഉപയോഗിക്കാൻ കഴിയാതെയായതെന്നും ആരോപണമുയർന്നു.
ഇതോടെ വഴിയിടം വിശ്രമ കേന്ദ്രവും കടമുറിയും മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്.