ഒലിപ്പാറ മേഖലയിൽ കാട്ടാനകളുടെ താണ്ഡവത്തിൽ ടാപ്പിങ് തൊഴിലാളികൾക്ക് പരിക്ക്. ജനവാസ മേഖലയായ മാനം കൊട്ടപൊറ്റ, മണലൂർ ചള്ള ഭാഗങ്ങളിൽ കാട്ടാന വ്യാപക നാശം വരുത്തി. ഇന്നലെ രാവിലെ ടാപ്പിംഗ് ജോലിക്കായി പോയ മിനി ജോസഫ് പടിഞ്ഞാറേ വാടിയിൽ, ബിനോജ് ജോസഫ് വരിക്കപ്പുള്ളി എന്നിവരെയാണ് കാട്ടാന ഓടിച്ചത്. മണലൂർ ചള്ളയിൽ റോഡിലൂടെ 30 മീറ്ററോളം പിന്തുടർന്ന് ഓടിച്ചതിനെ തുടർന്നാണ് ഇരുവരും വീണു പരിക്കേറ്റു. മിനിക്ക് കാലിനും ഇടുപ്പെല്ലിനും പരിക്കുണ്ട്. ജോസഫിന് മുട്ടുകാലിനും പരിക്കുപറ്റി. പരിക്കേറ്റ ഇരുവരെയും അടിപ്പെരണ്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. എക്സ് റേ എടുത്ത ശേഷം ഇടുപ്പെല്ലിന് പരിക്കുപറ്റിയ മിനിക്ക് ദീർഘകാല വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. മിനിക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ട്. മുട്ടുകാലിന് പരിക്കുപറ്റിയ ബിനോജിന്റെ മുട്ടുകാലിൽ ബാൻഡേജ് ഇടാൻ നിർദ്ദേശിച്ചു. ഇവർ സഞ്ചരിച്ച മോട്ടോർസൈക്കിൾ കാട്ടാനചവിട്ടി നശിപ്പിച്ചു. കാട്ടാന ചിഹ്നം വിളിച്ച് പിന്തുടർന്ന് വരുന്നത് കണ്ട് ഇരുചക്രവാഹനം വഴിയിൽ ഉപേക്ഷിച്ച് ഓടിയതിനാൽ ആനയുടെ ശ്രദ്ധ മാറ്റി വിടാൻ കഴിഞ്ഞു. തുടർന്ന് ആന ഇരുചക്രവാഹനം തള്ളിയിട്ട് ചവിട്ടി നാശം വരുത്തി. റോഡരികിലെ കനാൽ ബണ്ടിനോട് ചേർന്ന് നിന്നിരുന്ന ഈറമ്പന തള്ളിയിട്ട് തിന്നുകൊണ്ടിരിക്കുന്നതിനിടെയാണ് കാട്ടാന ഇരുവരെയും ആക്രമിച്ചത്.