പരിസ്ഥിതി സൗഹൃദ കൃഷി കൂട്ടായ്മയില്‍ മികച്ച കൃഷിഭവനുള്ള പുരസ്‌കാരം ആലത്തൂര്‍ കൃഷിഭവന്

നെല്ലുല്‍പ്പാദനം ഏക്കറിന് 500 കിലോ വര്‍ധിച്ചു
കീടനാശിനിയുടെ ഉപയോഗം കുറച്ചു കൃഷി പ്രോത്സാഹിപ്പിച്ചു.

WhatsApp Image 2023-08-10 at 6.48.14 PM

ആലത്തൂര്‍: വിളപരിപാലനവും, പരിസ്ഥിതി സൗഹൃദ കൃഷിയും, കാര്‍ഷിക വിപണിയും, കര്‍ഷകകൂട്ടായ്മയുടെയും കരുത്തില്‍ സംസ്ഥാനത്തെ മികച്ച കൃഷിഭവനുള്ള വി.വി.രാഘവന്‍ സ്മാരക പുരസ്‌കാരം ആലത്തൂര്‍ കൃഷിഭവന്. കര്‍ഷകരുടെ വിളകള്‍ക്കുള്ള പ്രശ്‌ന പരിഹാരത്തിനായി കൃഷി ഉദ്യോഗസ്ഥര്‍ പാടശേഖരങ്ങളിലേക്ക് എത്തിയാണ് ആലത്തൂര്‍ കൃഷിഭവന്‍ വിജയഗാഥയ്ക്ക് തുടക്കമിട്ടത്. ന്യൂതന കൃഷി രീതിയും, വിള ആരോഗ്യ പരിപാലനവും, കീടനാശിനിയുടെ ഉപയോഗം കുറച്ചും അഞ്ച് വര്‍ഷം മുന്‍പ് ഏക്കറിന് 2000 കിലോഗ്രാം നെല്ല് ലഭിച്ചിരുന്നത് ഇപ്പോള്‍ ശരാശരി 2500 കിലോഗ്രാമായി ഉയര്‍ത്തുവാന്‍ കഴിഞ്ഞു.
തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കിയും, ജൈവ കൃഷി പ്രോത്സാഹിപ്പിച്ചും, ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ സമഗ്ര കാര്‍ഷിക വികസന പദ്ധതിയായ നിറയും, ഗ്രാമപഞ്ചായത്തിന്റെ വിവിധ പദ്ധതികളിലൂടെയുമാണ് കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ മണ്ണ് ജല സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തൊഴിലുറപ്പില്‍ 1.13 കോടി രൂപയും, വിവിധ പദ്ധതികളിലൂടെ 1.30 കോടി രൂപയുടെയും പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൃഷിഭവനിലൂടെ നടപ്പിലാക്കിയത്.
650 ഹെക്ടര്‍ നെല്‍കൃഷിയുള്ള കൃഷിഭവനില്‍ 19 പാടശേഖര സമിതികളും, 24 കൃഷിക്കൂട്ടങ്ങളും, ജൈവ വളങ്ങള്‍ നിര്‍മ്മിക്കുന്ന മൂന്ന് ഗ്രൂപ്പുകളും, നിറ പദ്ധതിയില്‍ കാര്‍ഷിക വിപണന കേന്ദ്രവും, സംസ്ഥാനത്തെ ആദ്യത്തെ ട്രെട്രോകാര്‍ഡ് നിര്‍മ്മാണ യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ വിളക്കാലത്തും കര്‍ഷക കലണ്ടര്‍ രൂപീകരിച്ച് എല്ലാകര്‍ഷകരും അതിനനുസരിച്ച് കൃഷിയിറക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. കാര്‍ബണ്‍ ന്യൂട്രല്‍ ആലത്തൂര്‍ പദ്ധതിയുടെ ഭാഗമായി 150 ഏക്കറില്‍ പരിസ്ഥിതി സൗഹൃദ കൃഷിയും, 3500 വീടുകളിലായി പച്ചക്കറി കൃഷിയും, ഇക്കോഷോപ്പും, ഞാറ്റുവേല ചന്ത, ഗ്രാമചന്ത തുടങ്ങിയ വഴി നടീല്‍ വസ്തുക്കളും, വിവിധ പഴം പച്ചക്കറി വിപണനവും നടത്തി കര്‍ഷകര്‍ക്ക് സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
ജനപ്രതിനിധികളോടൊപ്പം കൃഷി ഓഫീസര്‍ എം.വി.രശ്മി, അസി.കൃഷി ഓഫീസര്‍ കെ.സുനന്ദ, കൃഷി അസിസ്റ്റന്റുമാരായ ശുഭ, അനില്‍, ഫീല്‍ഡ് അസിസ്റ്റന്റുമാരായ രമണി, സൗമ്യ എന്നിവരുടെയും കൂട്ടായ്മ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിനു അര്‍ഹമാക്കിയത്. അഞ്ച് ലക്ഷം രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കൃഷി ഓഫീസര്‍ എം.വി.രശ്മിയ്ക്ക് 2015 ലെ മികച്ച കൃഷി ഓഫീസര്‍ക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്്.