
നെല്ലിയാമ്പതിയിൽ അവധിദിനങ്ങൾ ആഘോഷിക്കാനായി സഞ്ചാരികളുടെ തിരക്ക് കൂടി. തുടർച്ചയായ അവധി ദിവസങ്ങൾ ആഘോഷിക്കാനായി നെല്ലിയാമ്പതിയിലെ എല്ലാ റിസോർട്ടുകളും മുൻകൂട്ടി ബുക്ക് ചെയ്ത സഞ്ചാരികളുടെ തിരക്കിലമർന്നു. ഒരു ദിവസത്തിനായി മാത്രം സന്ദർശനത്തിനെത്തിയ
സഞ്ചാരികളുടെ വാഹന തിരക്കും നെന്മാറ – നെല്ലിയാമ്പതി റോഡിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇടയ്ക്കിടയ്ക്ക് പെയ്യുന്ന മഴ ഇരു ചക്ര വാഹനങ്ങളിലും കാറുകളിലും മറ്റ് വലിയ വാഹനങ്ങളിലും എത്തിയവരെ ഏറെ വലച്ചു. കനത്ത മഴയിൽ റോഡുകളിൽ മിക്കയിടത്തും വാഹനങ്ങൾക്ക് പരസ്പരം വശം കൊടുക്കാൻ കഴിയാതെ ഏറെനേരം ഗതാഗതകുർക്ക് അനുഭവപ്പെട്ടു. ആനമട – മിന്നാംപാറ ഭാഗങ്ങളിലേക്ക് നടത്തുന്ന സഫാരി ജീപ്പ് സർവീസുകാരുടെ വാഹനങ്ങളും ഗതാഗതക്കുരുക്കിന് കാരണമായി. ദിവസങ്ങൾക്കു മുമ്പ് ആനമട ഓഫ് റോഡിൽ സഫാരി ജീപ്പ് താഴ്ചയിലേക്ക് വീണ സംഭവം സഞ്ചാരികളിൽ ഭീതി വളർത്തി. കനത്ത മഴയെ തുടർന്ന് ഓഫ് റോഡ് യാത്രയും കുറവായിരുന്നു. ഊത്തുകുഴി റോഡിൽ കൂറ്റൻ പാറകം മരം കടപുഴകി വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് പി. ഒ. ജോസഫ് എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.