നെല്ലിയാമ്പതിയിൽ കടപുഴകിവീണ മരംനീക്കി മനംകവർന്ന് പി.ഒ. ജോസഫ്.

ജോജി തോമസ്

നെല്ലിയാമ്പതി ഊത്തുക്കുഴി റോഡിൽ കൂറ്റൻ പാറകമരം കടപുഴകിവീണ് ഗതാഗതം മണിക്കുറുകളോളം തടസപ്പെട്ടപ്പോൾ നെല്ലിയാമ്പതിയിലെ പൊതുപ്രവർത്തകനും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി. ഒ. ജോസഫെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചതു വിനോദ്സഞ്ചാരികളുടെ പ്രശംസക്കിടയായി. ഇന്നലെ രാവിലെ പത്തിനുണ്ടായ കാറ്റിലും മഴയിലുമാണ് മരം കട പുഴകി വീണത്.

വളരെയേറെ വിനോദസഞ്ചാരികൾ നെല്ലിയാമ്പതിയിൽ കുടുങ്ങേണ്ട അവസ്ഥ വരെയുണ്ടാകുമായിരുന്നു. ജോസഫിന്റെ സമയോചിത ഇടപെടലും ഒറ്റയാൻ രക്ഷാപ്രവർത്തനവുമെല്ലാം ഇവർക്കു തുണയാവുകയായിരുന്നു. കാലങ്ങളായി ജോസഫ് തുടർന്നു വരുന്ന ഇത്തരം പ്രവൃത്തികൾ മാധ്യമങ്ങളിലൂടെ പുറംലോകമറിയുന്നതാണെങ്കിലും ഇത്തവണ നേരിട്ടനുഭവിച്ചറിഞ്ഞാണ് ഓരോ വിനോദസഞ്ചാരികളും നെല്ലിയാമ്പതി വിട്ടത്. മാസങ്ങൾക്കുമുമ്പ് കനത്ത മഴയിൽ ഉരുൾപൊട്ടി തകർന്ന നെല്ലിയാമ്പതി ചുരംറോഡിലെ പുനർനിർമാണ പ്രവൃത്തികളിൽ പി.ഒ. ജോസഫിന്റെ സാനിധ്യം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

ഒറ്റപ്പെട്ട നെല്ലിയാമ്പതിയിലെ പുനർനിർമാണത്തിനായി മാസങ്ങളോളം ഇദ്ദേഹം പണിയിൽ ഏർപ്പെടുകയും തുടർന്നു ജോസഫിനെ നെല്ലിയാമ്പതി ഇടവകജനം പുരസ്കാരം നൽകി ആദരിച്ചിരുന്നത് മാധ്യമ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.