കോട്ടോപ്പാടത്ത് ഓണാഘോഷം ലക്ഷ്യമിട്ട് സ്വാശ്രയ വാഴക്കുല ചന്ത പ്രവർത്തനം തുടങ്ങി. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിലാണ് വാഴക്കുല മാർക്കറ്റ് തുടങ്ങിയത്. പാറപ്പുറത്തെ വിപണിയിൽ നടന്ന ചടങ്ങിൽ കളത്തിൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വിഎഫ്പിസികെ കോട്ടോപ്പാടം വിപണി പ്രസിഡന്റ് കെ രാമൻകുട്ടി അധ്യക്ഷനായി. പി അബ്ദുൾ അസീസ്, ഇക്കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ വാഴക്കുല വിപണനം നടത്തിയ കർഷകരായ സി രാമൻകുട്ടി, കെ അജിത്കുമാർ, സമിതി സെക്രട്ടറി കെ ഷാജിമോൻ, എൻ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
കോട്ടോപ്പാടം, തച്ചനാട്ടുകര പഞ്ചായത്തുകളിലെ പച്ചക്കറി, വാഴ കർഷകർക്ക് സഹായമാകുന്ന സമിതി 2005 ലാണ് പ്രവർത്തനം തുടങ്ങിയത്. കർഷകരെ ചൂഷണം ചെയ്യുന്ന ഇടത്തട്ടുകാരെ ഒഴിവാക്കി, പൊതുവിപണിയിലെ ഓപ്പൺ മാർക്കറ്റിനേക്കാൾ മുന്തിയ വില നൽകിയാണ് കർഷകരിൽനിന്ന് വാഴക്കുല സംഭരിക്കുന്നത്. വിലയേക്കാൾ ഒരുരൂപ ഉൽപ്പാദന ബോണസും നൽകുന്നുണ്ട്. വിത്ത്, വളം, കീടനാശിനി എന്നിവ സബ്സിഡി നിരക്കിൽ നൽകുന്നുണ്ട്. കഴിഞ്ഞവർഷം 138 ടൺ വാഴക്കുലയാണ് ഓണക്കാലത്ത് വിപണനം നടത്തിയത്. ജില്ലയിൽ ജൈവപച്ചക്കറിയുൾപ്പെടെയുള്ളവ ഉൽപ്പാദിപ്പിക്കുന്നതിലും കോട്ടോപ്പാടം സമിതി മുന്നിലാണ്.