കഴിഞ്ഞ നാല്പത് വർഷമായി ഒടയംചാലിൽ എത്തുന്ന ഏവർക്കും സുപരിചിതനും പൊതു- ജീവകാരുണ്യ പ്രവർത്തനരംഗത്തെ സജീവ സാന്നിദ്ധ്യവും ഹരിത കാവേരി ലോട്ടറി സ്റ്റാൾ ഉടമയുമാണ് അന്തരിച്ച ജോസ് കൈതമറ്റം. വർഷങ്ങൾക്കുമുമ്പ് തെരുവ് സർക്കസ് കലാകാരനായി ഒടയംചാലിൽ എത്തിയ കൈതമറ്റം തന്റെ അസാധാരണമായ ശാരീരിക വഴക്കങ്ങൾ പ്രകടിപ്പിച്ചും അഭ്യാസപ്രകടനങ്ങൾ നടത്തിയും ഒരുകാലത്ത് നാട്ടിലെ സർക്കസ് ആസ്വാദകരെ വിസ്മയിപ്പിച്ചിരുന്നു.അക്കാലത്ത് കൂടാര സർക്കസ് കൂട്ടത്തിലെ പ്രധാന ആകർഷണം കൈതമറ്റം തന്നെയായിരുന്നു. ഉരുക്കുപോലുള്ള ശരീരവും നീട്ടിവളർത്തിയ തലമുടിയും അദ്ദേഹത്തിന്റെ മാത്രം പ്രേത്യേകത യായിരുന്നു. മണിക്കൂറുകളോളം മണ്ണിൽ കുഴിച്ചിടുക, നീണ്ട മുടി ജീപ്പിൽ കെട്ടി ജീപ്പ് വലിക്കുക, ട്യൂബ് ലൈറ്റിനുമുകളിൽ കിടന്ന് വലിയ കല്ല് ദേഹത്ത് കയറ്റിവെച്ച്കൊണ്ട് ട്യൂബ് പൊട്ടിക്കുക, സൈക്കിളിൽ ജാലവിദ്യ കാണിക്കുക തുടങ്ങിയവയായിരുന്നു കൈതമറ്റത്തിന്റെ പ്രധാന ഇനങ്ങൾ..ഇടക്കാലത്ത് സർക്കസ് കമ്പനി വിട്ട് ആളുകൾ മറ്റ് പല മേഖലകളിലേക്ക് മാറുകയും കൈതമറ്റം ഒടയംചാലിൽ തന്നെ കഴിയുകയുമായിരുന്നു. വത്സലകുമാരിയാണ് ഭാര്യ. സമ്പന്ന കുടുംബത്തിൽ ജനിച്ച കൈതമറ്റം സർക്കസിനോടുള്ള അതിയായ താത്പര്യം കൊണ്ട് സർക്കസുകാരനായി മാറുകയായിരുന്നു. പിന്നീട് മൈക്ക് , സൗണ്ട് സിസ്റ്റം വാടകയ്ക്ക് വിതരണം ചെയ്യുന്ന ജോലിയും ആരംഭിച്ചു. ആദ്യമായി ഉച്ചഭാഷിണി നാടിന് പരിചയപ്പെടുത്തിയ ആൾ എന്ന നിലയിൽ “മൈക്ക് ജോസ് ” എന്ന പേരും ഇദ്ദേഹത്തിന് സ്വന്തമായി. ഒൻപതോളം ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന കൈതമറ്റം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ തുടർച്ചയായി ലോകസഭയിലേക്ക് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുമുണ്ട്… ചുറ്റുമുള്ള മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങളും ദേശീയ അന്ത:ദേശീയ വിഷയങ്ങളും ഉൾപ്പെടുത്തി തന്റേതായ ശൈലിയിൽ മണ്ഡലത്തിൽ മറ്റ് സ്ഥാനാർത്ഥികൾക്കൊപ്പം തെരെഞ്ഞടുപ്പ് പ്രചാരണങ്ങൾ നടത്തുമ്പോൾ ആശ്ചര്യവും പരിഹാസവും തോന്നാറുണ്ടെങ്കിലും കൈതമറ്റം മുന്നോട്ട് വെച്ച ചോദ്യങ്ങൾ ഇന്നും ചോദ്യങ്ങളായി തന്നെ അവശേഷിക്കുന്നതായി അദ്ദേഹത്തോട് അടുത്ത് നിൽക്കുന്ന ആളുൾ പറയുന്നു.. അടുത്ത കാലത്ത് ആരംഭിച്ച തന്റെ ഹരിത കാവേരി ഭാഗ്യക്കുറി വില്പനയിലും സംസ്ഥാന സർക്കാരിന്റെ ഒന്നാം സമ്മാനം കൈതമറ്റം വില്പനനടത്തിയ ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്. ഓണക്കാലമായാൽ മാവേലിവേഷത്തിൽ നാട്ടിലും മറ്റ് വിവിധ ക്ലബ് പരിപാടികളിലും കൈതമറ്റം പങ്കെടുത്തിരുന്നു. ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമായി ഇടപെട്ടുകൊണ്ടിരുന്ന കൈതമറ്റം തന്റെ മരണശേഷം ഭൗതീകശരീരം മെഡിക്കൽ പഠനത്തിനു വിട്ടുനൽകണം എന്ന ധീരമായ തീരുമാനമെടുത്തിരുന്നുവെങ്കിലും ശരീരത്തിൽ ആന്തരിക അണുബാധ ഉണ്ടായതിനാൽ അതിനു കഴിയാതെ വന്നിരിക്കുകയാണ്. നാട്ടിലെ എല്ലാ വിഷയങ്ങളിലും തന്റേതായ അഭിപ്രായം രൂപപ്പെടുത്തുന്നതിലും നിർഭയത്തോടെ മുന്നിട്ടിറങ്ങുന്നതിനും ദിവസവും ടൗൺ ശുചീകരിക്കുന്നതിലും ടൗണിൽ എത്തുന്നവർക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനും കാലത്തിനും മുമ്പേ ക്യാമറസ്ഥാപിച്ചതും ജോസഫ് കൈതമറ്റമായിരുന്നു.