ഓണത്തിരക്കിലായി നാട്. ഓണമേളകള്‍ ഒരുങ്ങുന്നു.

ഓണത്തിന്‌ ആഴ്ചകൾ ശേഷിക്കെ സജീവമായി ഓണവിപണി. വസ്ത്രവ്യാപാരികളും പലവ്യജ്ഞന വ്യാപാരികളും ഓണവിപണി പ്രതീക്ഷിച്ചുള്ള സാധനങ്ങൾക്കായി പ്രത്യേക സംഭരണവും തയ്യാറാക്കി. ഉപഭോക്താക്കളെ ആകർഷിക്കാൻ വിലക്കിഴിവിനൊപ്പം സമ്മാനങ്ങളും ഒരുക്കുന്നുണ്ട്.

ഖാദി പഴയ ഖാദിയല്ല

ഓണത്തിന് പുത്തൻകോടിയെന്ന മലയാളി പാരമ്പര്യത്തിനൊപ്പം നിൽക്കാൻ പുതിയ ഉൽപ്പന്നങ്ങളും റിബേറ്റ് വിൽപ്പനയുമായി ഖാദി കൈത്തറി മേളകൾ സജീവമായി. കേരള ഖാദി ഗ്രാമ വ്യാവസായ ബോർഡിന്റെ മേള 27 വരെ നടത്തും. മേളയിൽ 30 ശതമാനംവരെ റിബേറ്റ് ലഭിക്കും. സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് ഒരുലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുണ്ടുകൾക്കും സാരികൾക്കും പുറമെ ഡിസൈനർ വസ്ത്രങ്ങളും മേളയിലുണ്ടാകും. ഹാൻടെക്സ്, ഹാൻവീവ് തുടങ്ങിയ സ്ഥാപനങ്ങളിലും സഹകരണസംഘങ്ങളും വിപണിയൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു.

വിലക്കിഴിവുമായി കടകൾ

വസ്ത്ര, ഇലക്ട്രോണിക്സ്, ഗൃഹോപകരണ മേഖലയിൽ പതിവുപോലെ വിലക്കിഴിവിന്റെ മേള ആരംഭിച്ചു.

മാളുകളിലും ഹൈപ്പർ മാർക്കറ്റുകളിലും സ്വാതന്ത്ര്യദിനാഘോഷവും ഓണവും ഒരുമിപ്പിച്ചുള്ള ഓഫറുകൾ വന്നുതുടങ്ങി. ഇത്തവണവും മൊബൈൽ ഫോൺ, ടിവി, റഫ്രിജറേറ്ററുകൾ എന്നിവയാണ്  ഓഫറുകൾക്കും മുന്നിൽ.