ഒന്നാം വിള കൊയ്യാറായ നെൽപ്പാടങ്ങളിൽ വാരിപ്പൂ ശല്യം രൂക്ഷമായി. വിളഞ്ഞു തുടങ്ങിയ നെൽക്കതിരുകളിൽ പ്രത്യേക പൂപ്പൽ രോഗബാധയെ തുടർന്ന് ഇളം പച്ച കലർന്ന മഞ്ഞ നിറത്തിലുള്ള പൂപ്പൽ കൂട്ടമായി പറ്റിപ്പിടിച്ച് നിൽക്കുന്നത് നെല്ലിന്റെ ഗുണമേന്മ ഇല്ലാതാക്കുന്നു. ഇതോടൊപ്പം നെന്മണികൾ പിളർന്ന് ഉള്ളിലെ അരിയും പൂപ്പൽ ബാധ ഏൽക്കുന്നതോടെ കറുത്ത പാതിരായ അരിയായി മാറുന്നു. വാരിപ്പു എന്നറിയപ്പെടുന്ന ഈ അസുഖം ഉമ ഇനത്തിൽപ്പെട്ട മട്ട നെല്ലിനാണ് വ്യാപകമായി കാണുന്നത്. പൂപ്പൽ ബാധിച്ച ഭാഗം നെല്ലിൽ പച്ച കലർന്ന മഞ്ഞ നിറത്തിൽ സ്പോഞ്ച് പോലെയുള്ള ചെറിയ ഉണ്ടകൾ ആയാണ് കാണപ്പെടുന്നത്. കതിരു നിരക്കുന്നതിന് മുമ്പ് തന്നെ വാരിപ്പൂവിനെതിരെയായ മരുന്നു തളിച്ചെങ്കിലും ഫലപ്രദമായില്ലെന്ന് കർഷകർ പറയുന്നു. മഴയില്ലാത്ത സമയങ്ങളിൽ കാറ്റുവീശുമ്പോൾ അന്തരീക്ഷമാകെ മഞ്ഞനിറം ആകുകയും കാറ്റിനൊപ്പം പറക്കുന്ന ഈ പൊടി കൂടുതൽ നെൽപ്പാടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നതായി കർഷകർ പരാതിപ്പെട്ടു. മഴ മാറി ചെറിയതോതിൽ രാത്രി ഉണ്ടാവുന്ന മഞ്ഞ് കൂടുതൽ നെൽപ്പാടങ്ങളിൽ വാരിപ്പൂ പടരുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു. ആഴ്ചകൾക്കകം കൊയ്യാൻ പാകമാകുന്ന നെൽപ്പാടങ്ങളിലാണ് വാരിപ്പു കൂടുതൽ ബാധിച്ചിരിക്കുന്നത്. വാരിപ്പു ബാധിച്ച നെൽപ്പാടങ്ങളിൽ ഉൽപാദനം നേർപകുതിയായി കുറയുമെന്നും കർഷകർ പറയുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന വെളനാശത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇൻഷുറൻസ് ആനുകൂല്യം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ ബഹുഭൂരിഭാഗം പാടശേഖരങ്ങളിലും വാരിപ്പൂ നെൽക്കതിരുകളിൽ വ്യാപകമായി കാണുന്നു.