മുൻ എഐസിസി അംഗവും പിഎസ് സി അംഗവുമായിരുന്ന സിമി റോസ് ബെൽ ജോണിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജുവാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ കോൺഗ്രസിലെ വനിതാ നേതാക്കളെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സിമി റോസ് ബെൽ ജോണിന്റെ പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പ്രഥമദൃഷ്ട്യാ പാർട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് അച്ചടക്ക നടപടിയെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. സ്ത്രീത്വത്തെ അധിക്ഷേപിച്ച സിമി റോസ്ബെൽ ജോണിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസിലെ വനിതാ നേതാക്കൾ എഐസിസി-കെപിസിസി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലൂടെ സിമി റോസ്ബെൽ ജോൺ കോൺഗ്രസിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ചെന്നും ഇതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് വനിതാ നേതാക്കളുടെ പരാതി.