പോത്തുണ്ടി വഴിയോര വിശ്രമകേന്ദ്രം നിർമാണം തുടങ്ങാനായില്ല!!

നെന്മാറ പഞ്ചായത്ത് പ്രഖ്യാപിച്ച വഴിയോര വിശ്രമ കേന്ദ്രം നിർമ്മാണം ആരംഭിച്ചില്ല. വിനോദസഞ്ചാരികളെയും നെല്ലിയാമ്പതി യാത്രക്കാരെയും ഉദ്ദേശിച്ച് ആരംഭിക്കാനിരുന്ന പോത്തുണ്ടിയിലെ വഴിയോര വിശ്രമകേന്ദ്രത്തിൻ്റെ പണി രണ്ടുവർഷമായിട്ടും തുടങ്ങാനായില്ല. സ്ഥലം ലഭ്യമാക്കാതെയാണ് നെന്മാറ പഞ്ചായത്ത് പദ്ധതി പ്രഖ്യാപിച്ചത്. ജലസേചനവകുപ്പ് സ്ഥലം വിട്ടുനൽകാത്തതിനെത്തുടർന്നാണ് പദ്ധതി വൈകുന്നതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. അഞ്ച് സെന്ററിലാണ് വിശ്രമ കേന്ദ്രം നിർമിക്കാൻ നെന്മാറ ഗ്രാമപ്പഞ്ചായത്ത് തീരുമാനിച്ചത്. അഞ്ചുലക്ഷം രൂപ ഇതിനായി വകയിരുത്തി. സ്ഥലം ആവശ്യപ്പെട്ട് 2021-ൽ ജലസേചന വകുപ്പിന് കത്തുനൽകി. അനുമതി വൈകിയതോടെ കളക്ടർക്ക് പരാതി നൽകി. രണ്ടുവർഷം കഴിഞ്ഞിട്ടും നടപടിയായില്ല. പോത്തുണ്ടി അണക്കെട്ടിന് സമീപം പാതയോരത്താണ് വിശ്രമകേന്ദ്രം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പോത്തുണ്ടി ഉദ്യാനത്തിന് സമീപം വഴിയോര വിശ്രമ കേന്ദ്രം നിർമ്മിക്കാൻ നിലവിലുള്ള ഉദ്യാനത്തിന്റെ സ്ഥലം വിട്ടുനൽകാൻ ടൂറിസം വകുപ്പിന്റെയും പ്ലാനിങ് ബോർഡിന്റെയും നിയന്ത്രണം ഉണ്ടെന്ന് ജലസേചന വകുപ്പതികൃതർ പറയുന്നു. നെല്ലിയാമ്പതിയിലെത്തുന്ന സഞ്ചാരികളുടെ ഇടത്താവളമാണ് പോത്തുണ്ടി അണക്കെട്ടും ഉദ്യാനവും. ദീർഘദൂര യാത്ര ചെയ്തു ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വിശ്രമത്തിനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനും നിലവിൽ സൗകര്യമില്ല. അത്യാവശ്യക്കാർ 20 രൂപ ഉദ്യാനത്തിന്റെ ടിക്കറ്റ് എടുത്ത് ഉദ്യാനത്തിന്റെ ഒരു മൂലയിൽ പരിമിത സൗകര്യമുള്ള ശൗചാലയത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ഇത് സമയം നഷ്ടവും ധനനഷ്ടവും ഉണ്ടാക്കുന്നു. പ്രശ്നപരിഹാരത്തിനായി പഞ്ചായത്ത് സ്വകാര്യ ഭൂമിയെങ്കിലും വിലയ്ക്ക് വാങ്ങി വഴിയോര വിശ്രമ കേന്ദ്രം സ്ഥാപിക്കണം എന്ന ആവശ്യം ശക്തമാകുന്നു.