കണ്ണൂരില്‍ സായുധ മാവോയിറ്റ് സംഘം പ്രകടനം നടത്തി, സംഘത്തില്‍ മൂന്ന് സ്ത്രീകളും; പൊലീസ് തെരച്ചില്‍ തുടരുന്നു

*കണ്ണൂരില്‍ സായുധ മാവോയിറ്റ് സംഘം പ്രകടനം നടത്തി, സംഘത്തില്‍ മൂന്ന് സ്ത്രീകളും; പൊലീസ് തെരച്ചില്‍ തുടരുന്നു


കണ്ണൂര്‍: കണ്ണൂർ കീഴ്പ്പള്ളി അയ്യൻകുന്നിൽ സായുധ മാവോയിസ്റ്റ് സംഘമെത്തി. വിയറ്റ്‌നാം അങ്ങാടിയിൽ ഇവർ പ്രകടനം നടത്തി. ‘ആറളം ഫാം ആദിവാസികൾക്ക്’ എന്നെഴുതിയ പോസ്റ്ററും ഇവര്‍ വിയറ്റ്‌നാം അങ്ങാടിയിൽ പതിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങി. നേരത്തെയും ഇവിടെ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. സിപിഐ മാവോയിസ്റ്റ് കബനി ഏരിയാ സമിതി എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.

മൂന്ന് സ്ത്രീകൾ അടങ്ങുന്ന പതിനൊന്ന് അംഗ സംഘമാണ് തോക്കുകളുമായി വൈകുന്നേരം കീഴ്‍പ്പള്ളി അയ്യൻകുന്നിൽ എത്തി പ്രകടനം നടത്തിയത്. ആറളം ഫാമിലെ തൊഴിലാളികളല്ല, ഫാമിന്റെ ഉടമകളാണ് എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചു. ഒരു മണിക്കൂറിന് ശേഷമാണ് സംഘം കാട്ടിലേക്ക് മടങ്ങിയത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഈ പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സംഘമെത്തുന്നത്. രണ്ടാഴ്ച മുമ്പ് സമീപ പ്രദേശമായ അയ്യന്തോളിൽ അഞ്ച് അംഗ സംഘം എത്തിയിരുന്നു. വിവരം ലഭിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി ഇവര്‍ക്കായി അന്വേഷണം തുടങ്ങി