വയനാട് ദുരന്തത്തിൽ മരിച്ച നെന്മാറ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു; വിങ്ങലോടെ നാട്.

വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തത്തിൽ കാണാതായ നെന്മാറ സ്വദേശിയുടെ മൃതശരീരം നാട്ടിലെത്തിച്ച് സംസ്കരിച്ചു. മുണ്ടക്കൈ ദുരന്തം നടന്ന സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പോത്തുണ്ടി സ്വദേശിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനെ തുടർന്ന് കുടുംബം വയനാട് അന്വേഷണം നടത്തുകയായിരുന്നു. പോത്തുണ്ടി നെല്ലിച്ചോട് സ്വദേശിയായ കളത്തിപ്പറമ്പിൽ സെബാസ്റ്റ്യന്റെ മകൻ ജസ്റ്റിൻ തോമസ് (26) നാണ് മുണ്ടക്കൈ ദുരന്തത്തിൽ കാണാതായത്. കഴിഞ്ഞയാഴ്ച മുണ്ടക്കൈയിലുള്ള അമ്മയുടെ അനുജത്തിയുടെ വീട്ടിൽ വിരുന്ന് പോയതായിരുന്നു ജസ്റ്റിൻ. തിങ്കളാഴ്ച രാത്രി 12 മണിവരെ ജസ്റ്റിൻ അമ്മയുമായി സംസാരിച്ചിരുന്നു. ദുരന്ത വിവരമറിഞ്ഞ് ജസ്റ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കഴിഞ്ഞില്ലെന്നും വീട്ടുകാർ പറഞ്ഞു. മുണ്ടക്കൈ എൽ. പി സ്കൂളിന്റെ സമീപത്തായിരുന്നു ബന്ധുവിന്റെ വീട്. ബന്ധുക്കള്‍ വയനാട്ടിലേക്ക് ചൊവ്വാഴ്ച പോയിരുന്നു. കഴിഞ്ഞ രണ്ട് ദിവസവും ജസ്റ്റിനെ കുറിച്ച് വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും ആശങ്കാകുലരായിരുന്നു. ദിവസങ്ങൾ വൈകിയതോടെ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. വെള്ളിയാഴ്ച ദ്രുതകർമ്മ സേന നടത്തിയ തിരച്ചിലിലാണ് ഭൗതികശരീരം കണ്ടെടുത്തത്. കോയമ്പത്തൂരിൽ മെക്കാനിക് എൻജിനീയറിങ് വിദ്യാർത്ഥിയാണ് ജസ്റ്റിൻ. ബാംഗ്ലൂരിൽ നിന്നും കോയമ്പത്തൂരെത്തിയ ബന്ധുവിന്റെ കൂടെയാണ് ജസ്റ്റിൻ വയനാട്ടിലേക്ക് പോയത്. ജൂലൈ 30ന് ടെലിവിഷനിൽ തത്സമയ സംപ്രേഷണത്തില്‍ കണ്ടെടുത്ത മൃതദേഹങ്ങളിൽ ഒന്ന് ജസ്റ്റിന്റെ മുഖവുമായി സാദൃശ്യമുണ്ടെന്ന് സംശയത്തെ തുടർന്ന് വിദേശത്ത് നിന്ന് അമ്മാവൻ ജോയി സ്ഥലത്തെത്തി വയനാട്ടിൽ അന്വേഷിച്ചെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ കുടുംബത്തിലെ നാലുപേരാണ് ദുരന്തത്തില്‍പ്പെട്ടത്, ഇതില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ ചികിത്സയിലാണ്. പാലക്കാട് നിന്നും പോയ ബന്ധുക്കൾ ജസ്റ്റിന്റെ മൃതദേഹം തിരിച്ചറിഞ്ഞ് പോസ്റ്റ് മാറ്റത്തിനുശേഷം മൃതദേഹവുമായി വയനാട്ടിൽ നിന്ന് തിരിച്ച് സംഘം വൈകിട്ട് 7.30 ഓടെ പോത്തുണ്ടിയിൽ എത്തി. പ്രദേശവാസികൾ മൃതദേഹത്തിന് അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. രാത്രി 9 മണിയോടെ പോത്തുണ്ടി നല്ലിടയൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. അച്ഛൻ: സെബാസ്റ്റ്യൻ, അമ്മ: ഷീജ, സഹോദരി: ഷിജി.