എവിടെ.. ജസ്റ്റിൻ തോമസ് എവിടെ? വയനാട് മുണ്ടക്കൈ ദുരന്തത്തിൽ പെട്ട നെന്മാറ സ്വദേശിയെവിടെ.

ജോജി തോമസ്

വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ദുരന്തത്തിൽ നെന്മാറ സ്വദേശിയായ ജസ്റ്റിൻ തോമസിനെ കാണാതായ സംഭവം. ഉള്ളുപൊട്ടി നെന്മാറ പ്രദേശവാസികൾ. ദുരന്തം നടക്കുന്ന സമയത്ത് ഒപ്പം ഉണ്ടായിരുന്നതായും മലവെള്ളപ്പാച്ചിലിൽ നിന്നു രക്ഷിക്കാൻ ശ്രമിച്ചതായും നിലമ്പൂർ ആശുപത്രിയിൽ കഴിയുന്ന സുഹൃത്ത് പറയുന്നു. പോത്തുണ്ടി നെല്ലിച്ചോട് കളത്തിപ്പറമ്പിൽ സെബാസ്‌റ്റ്യൻ്റെ മകൻ ജസ്റ്റിൻ തോമസ് (26) ആണ് കഴിഞ്ഞ ദിവസം മുണ്ടക്കൈയിലുള്ള അമ്മയുടെ ഇളയ സഹോദരി ഷീബയുടെ വീട്ടിൽ വിരുന്ന് പോയത്. ഷീബയുടെയും ഭാർത്താവിന്റെയും ഒരു മകളുടെയും മൃതദേഹം ഇന്നലെ കിട്ടിയെങ്കിലും ജസ്റ്റിനെക്കുറിച്ചു വിവരമില്ല. തിങ്കളാഴ്ച രാത്രി 12 വരെ ജസ്റ്റിൻ അമ്മയുമായി സംസാരിച്ചിരുന്നു. ഷീബയുടെ മകൻ ജയ്സൺ ജസ്റ്റിനുമായി വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് മലവെള്ളപ്പാച്ചിലിൽ പെട്ടത്ത്. വലിയ കുത്തൊഴുക്കിൽ നിന്നു ജസ്റ്റിന്റെ ഒരു കൈ പിടിച്ചു രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പിന്നീട് അവശനായി ആശുപത്രിയിലെത്തിയ ജെയ്സനാണ് ജസ്റ്റിനെ പറ്റി പറയുന്നത്. മുണ്ടക്കൈ എൽ.പി സ്കൂ‌ളിന്റെ സമീപത്തുണ്ടായിരുന്ന വീട്ടിലായിരുന്നു ജസ്‌റ്റിൻ പോയിരുന്നത്. ദുരന്ത വാർത്ത അറിഞ്ഞ പോത്തുണ്ടിയിലെ വീട്ടുകാർ വയനാട്ടിലേക്കു പോയിട്ട് ദിവസങ്ങളായിട്ടും ഒരു വിവരവുമില്ലാതെ നിരാശയിലാണവർ.