ചുരം റോഡ് ഗതാഗതയോഗ്യമാക്കാൻ നാല് ദിവസമെങ്കിലും വേണ്ടി വരുമെന്ന് അധികൃതർ. പൊതുമരാമത്ത്, ജിയോളജി പഞ്ചായത്ത്, പോലീസ്, വനം, എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കുന്ന സ്വീകരിച്ചുവരുന്നു.
ചുരം റോഡ് തകർച്ച പ്രധാന പ്രശ്നം.
കുണ്ടർചോലയ്ക്കും ഇരുമ്പു പാലത്തിനും ഇടയിൽ 26 സ്ഥലങ്ങളിൽ മണ്ണും പാറയും കല്ലും മരങ്ങളും റോഡിലേക്ക് വീണ് തടസ്സം നിൽക്കുകയാണ്. മൂന്നു സ്ഥലങ്ങളിൽ റോഡിന്റെ സംരക്ഷണഭിത്തി കുത്തനെ ഇടിഞ്ഞ് തകർന്ന് അപകട ഭീഷണിയായി നിൽക്കുന്നു. ഈ പ്രദേശങ്ങളിൽ എതിർഭാഗത്തുനിന്ന് പുതുതായി മണ്ണ് മാറ്റി റോഡ് സൗകര്യം ഏർപ്പെടുത്തുകയും ഇടിഞ്ഞ ഭാഗത്ത് സുരക്ഷാ വരമ്പും നിർമ്മിക്കേണ്ടതുണ്ട്. ഇതോടെ ചുരം റോഡിൽ 10 കിലോമീറ്റർ ഓളം ദൂരത്തിൽ ഗതാഗത തടസ്സം ഉണ്ടായിരിക്കുകയാണ്. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ അത്യാവശ്യ പ്രദേശവാസികൾ അല്ലാത്ത ആരെയും നെല്ലിയാമ്പതി ചുരം റോഡിലേക്ക് കടത്തിവിടുന്നില്ല. മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് മാറ്റാൻ കഴിയാതെ റോഡിൽ കിടക്കുന്ന കൂറ്റൻ പാറക്കല്ലുകളും മറ്റും ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ കംപ്രസ്സറുകളും ജാക്കി ഹാമറും മറ്റും ഉപയോഗിച്ച് കഷണങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ജോലി ഇന്നുമുതൽ ആരംഭിച്ചു. കൂടുതൽ മണ്ണ് മാന്ത്രി യന്ത്രങ്ങൾ എത്തിച്ച് വിവിധ ഇടങ്ങളിലായി ഗതാഗതം പുനസ്ഥാപിക്കാനായി ദുരുതഗതിയിൽ പണി നടന്നുകൊണ്ടിരിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് റോഡിലേക്ക് ഒഴുകിയെത്തിയ രണ്ടടിയോളം പൊക്കത്തിൽ കിടക്കുന്ന ചളിയും, മണലും, മണ്ണും നീക്കുന്ന ജോലി പുരോഗമിക്കുകയാണ്. റോഡിലേക്ക് മറിഞ്ഞുവീണ മരങ്ങൾ മുറിച്ചുമാറ്റുന്ന ജോലി ഇതിനോടകം പൂർത്തിയായി. റോഡിലൂടെ ഒഴുകിക്കൊണ്ടിരുന്ന വെള്ളം വശങ്ങളിലൂടെ ഒഴുക്കി വിട്ട് കലുങ്കുകളിലൂടെ കടന്നുപോകാനുള്ള താൽക്കാലിക സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. ശക്തമായ മഴയിൽ ഒലിച്ചുവരുന്ന വെള്ളം റോഡിന്റെ സംരക്ഷണഭിത്തികൾക്ക് ഭീഷണിയായി മാറുന്നത് ഒഴിവാക്കാനുള്ള ശ്രമവും നടക്കുന്നു. ദിവസങ്ങൾ എടുത്ത് താൽക്കാലിക ഗതാഗത സൗകര്യം ഏർപ്പെടുത്തിയാലും വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കൂടുതൽ ദിവസങ്ങൾ വേണ്ടിവരും. ബുധനാഴ്ച പകൽ സമയത്ത് ഉണ്ടായ ചെറിയ മഴയും പണി തടസ്സപ്പെടുത്തുന്നുണ്ട്. വൈകിട്ട് മൂന്നുമണിയോടെ ആരംഭിച്ച ശക്തമായ മഴയെ തുടർന്ന് സ്ഥിരം റോഡിലെ പണി താൽക്കാലികമായി നിർത്തി.