*പോക്സോ കേസില്‍ 75 ദിവസത്തെ ജയില്‍വാസം: മകളുടെ വിവാഹം മുടങ്ങി, ഭാര്യ നിത്യരോഗിയായി; അധ്യാപകനെ കോടതി വെറുതെ വിട്ടു*
പോക്സോ കേസില്‍ 75 ദിവസം ജയിലില്‍ കിടന്ന അധ്യാപകനെ തിരൂര്‍ കോടതി വെറുതെ വിട്ടു. വിദ്യാര്‍ഥികളിലൊരാളുടെ രക്ഷിതാവ് നല്‍കിയ കേസില്‍ 75 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് തിരൂര്‍ പോക്സോ കോടതി അധ്യാപകനെ വെറുതെ വിട്ടത്.താനൂര്‍ പൊലീസ് വേണ്ട വിധം അന്വേഷിക്കാത്തതിനാലാണ് അകാരണമായി ശിക്ഷ അനുഭവിക്കേണ്ടി വന്നതെന്നും 75 ശതമാനം അംഗവൈകല്യമുള്ള തനിക്കെതിരെ വിദ്യാര്‍ഥിയുടെ രക്ഷിതാവിനുണ്ടായ മറ്റ് ചില വിരോധം മുതലെടുത്ത് പോക്സോ കേസ് നല്‍കുകയായിരുന്നെന്നുമാണ് അധ്യാപകൻ പറയുന്നത്. ഇതിന് വിദ്യാലയത്തിലെ ചില അധ്യാപകര്‍ കൂട്ടുനിന്നതായും അധ്യാപകൻ ആരോപിക്കുന്നു.
ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അകത്തായതോടെ മാനഹാനിയുണ്ടാവുകയും തന്റെ ഭാര്യ നിത്യരോഗിയായതായും മകളുടെ വിവാഹം മുടങ്ങുകയും ചെയ്തു. കേരള വികലാംഗ സഹായ സമിതിയുടെ സംസ്ഥാന ഭാരവാഹിയും സ്കൂള്‍ അധ്യാപക സംഘടനയുടെ ജില്ല ഭാരവാഹിയുമായിരുന്ന താൻ എല്ലാ മേഖലയിലും തഴയപ്പെട്ടതായും അധ്യാപകൻ പറഞ്ഞു. മഞ്ചേരി ജയിലില്‍ കടുത്ത ദേഹോപദ്രവമേറ്റതായും അധ്യാപകൻ പറഞ്ഞു.
നിരപരാധിയായ തന്നെ പോക്സോ കേസില്‍ കുടുക്കിയ കുട്ടിയുടെ രക്ഷിതാക്കള്‍, വിദ്യാലയത്തിലെ രണ്ട് അധ്യാപകര്‍, താനൂര്‍ പൊലീസ് സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ സുപ്രീം കോടതി വരെ പോരാടാൻ തയാറാണ്. തിരൂര്‍ കോടതിയില്‍ നടന്ന കേസില്‍ അധ്യാപകന് വേണ്ടി മഞ്ചേരി കോടതിയിലെ അഭിഭാഷകൻ അഡ്വ. എം. അബ്ദുല്‍ ഷുക്കൂര്‍ ഹാജരായി.