കാറ്റിലും മഴയിലും മരം കടപുഴകി ഗതാഗത തടസ്സം വ്യാപകം.

കാറ്റും മഴയും നെല്ലിയാമ്പതിയിലും നെന്മാറയിലും മരം വീണ് ഗതാഗത തടസ്സം. നെല്ലിയാമ്പതി ചെറുനെല്ലിയിൽ ബുധനാഴ്ച രാവിലെ 6. 30 നാണ് റോഡിലേക്ക് മരം കടപുഴകി വീണത്. നെല്ലിയാമ്പതിയിലേക്കുള്ള കെഎസ്ആർടിസി ബസ്സും നെല്ലിയാമ്പതിയിൽ നിന്ന് നെന്മാറയിലേക്ക് വന്ന സ്വകാര്യബസ്സും മറ്റു യാത്രക്കാരും മൂന്നു മണിക്കൂർ റോഡിൽ കുടുങ്ങി. രാവിലെ ഏഴിന് നെല്ലിയാമ്പതിയിൽ എത്തേണ്ട കെ. എസ്. ആർ. ടി. സി. ബസ് 9.45 നാണ്നെല്ലിയാമ്പതിയിലെത്തിയത്. കൊല്ലങ്കോട് നിന്ന് അഗ്നിരക്ഷാസേനയും വനം ജീവനക്കാരും എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. കഴിഞ്ഞ നാല് ദിവസം തുടർച്ചയായി നെല്ലിയാമ്പതി റൂട്ടിൽ മരം വീണ് ഗതാഗത തടസ്സം നേരിട്ടു. നെന്മാറ പോത്തുണ്ടി റോഡിൽ പേഴുംപാറയിൽ റോഡരികിലെ കൂറ്റൻ വേപ്പ് മരം ഉച്ചയ്ക്ക് 12.45 ന് കടപുഴകി വീണു. നെന്മാറ പോത്തുണ്ടി, കരിമ്പാറ, നെല്ലിയാമ്പതി ഭാഗങ്ങളിലേക്കുള്ള ഗതാഗതം ഇതുമൂലം രണ്ടു മണിക്കൂർ തടസ്സപ്പെട്ടു. അഗ്നിരക്ഷാസേനയും പ്രദേശവാസികളും ചേർന്ന് മരം മുറിച്ചു മാറ്റി 2. 30 ഓടെ ഗതാഗതം പുനസ്ഥാപിച്ചു.