മേഖലയിൽ ചുഴലിക്കാറ്റിൽ മരങ്ങൾ വൈദ്യുതി ലൈനുകളിലും, റോഡിലേക്കും പൊട്ടിവീണു. വ്യാപക നാശം. ഉച്ചയ്ക്ക് രണ്ടുമണിയോടെ മഴയോട് അനുബന്ധിച്ചാണ് ചുഴലിക്കാറ്റ് വീശിയത്. കയറാടി കൈതച്ചിറയിൽ വൻമരം കടപുഴകി റോഡിലേക്ക് വീണു. മൂന്ന് വൈദ്യൂതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. വൈദ്യുതി ജീവനക്കാരെത്തി മരം മുറിച്ചുമാറ്റി. താൽക്കാലികമായി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
നെല്ലിയാമ്പതി കൈകാട്ടിക്ക് സമീപവും കഴിഞ്ഞദിവസം വൈകിട്ട് റോഡിന് കുറുകെ മരം വീണ് ഗതാഗത തടസ്സമുണ്ടായി. നെല്ലിയാമ്പതി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പി.ഒ. ജോസഫിന്റെ നേതൃത്വത്തിൽ പ്രവേശവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു
നെല്ലിയാമ്പതി ചുരം റോഡിൽ ചെറുനെല്ലിക്കടുത്ത് ഉച്ചയോടെ മരം റോഡിലേക്ക് മറിഞ്ഞുവീണു. മൂന്നു മണിക്കൂർ മേഖലയിലെ ഗതാഗതം തടസ്സപ്പെട്ടു. 2.30ന് നെല്ലിയാമ്പതിയിൽ എത്തേണ്ട കെ.എസ്. ആർ.ടി.സി ബസ് സർവീസ് 5.40നാണ് നെല്ലിയാമ്പതിയിൽ എത്തിയത്. കൊല്ലങ്കോട് നിന്ന് അഗ്നിരക്ഷാസേനയെത്തി ഗതാഗതം പുനസ്ഥാപിച്ചു. ചാത്തമംഗലം യു.പി. സ്കൂളിന് സമീപം റോഡരികിലെ മരം റോഡിലേക്ക് മറിഞ്ഞുവീണു. ഉച്ചയ്ക്ക് 1:30 മുതൽ 2.30 വരെ ഗതാഗതവും, വൈദ്യുതി, നെറ്റ്‌വർക്ക് കേബിളുകളും തടസ്സപ്പെട്ടു. വൈദ്യുതി ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിച്ച് നൽകിയതിനെത്തുടർന്ന് പ്രദേശവാസികൾ മരക്കൊമ്പുകൾ മുറിച്ചുമാറ്റി. ഗതാഗതം പുനസ്ഥാപിച്ചു. ചാത്തമംഗലം റേഷൻ ഷോപ്പിന് സമീപം കരിമ്പന ഒഴിഞ്ഞ പറമ്പിലേക്ക് കടപുഴകി വീണു. കാറ്റ് ദിശ മാറി വീശിയതിനാൽ റേഷൻകട ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് നാശനഷ്ടം ഒഴിവായി. നെന്മാറ വില്ലേജ് ഓഫീസ് മാട്ടുപ്പാറ റോഡിരികിലെ മരം സമീപത്തെ നെൽപ്പാടത്തേക്ക് മറിഞ്ഞുവീണു. കരിമ്പാറ ചേവിണിയിൽ റബ്ബർ മരം വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണ് വൈദ്യുതി ഉൾപ്പെടെ മുറിഞ്ഞുവീണു. നെന്മാറ പോത്തുണ്ടി റോഡിൽ ചെമ്മന്തോട് മൂന്നു മരങ്ങൾ റോഡിലേക്ക് മറിഞ്ഞുവീണു രണ്ടു മണിമുതൽ മൂന്നു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. നെന്മാറ പോലീസ് നാട്ടുകാരുടെ സഹായത്തോടെ ഉപയോഗിച്ച് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.നിരവധി വൈദ്യുതി തൂണുകളും കമ്പികളും പൊട്ടി വീണതിനാൽ മേഖലയിലെ വൈദ്യുതി ബന്ധം നാളെയെ പുനസ്ഥാപിക്കാൻ കഴിയൂ എന്ന് വൈദ്യുതി ബോർഡ് അധികൃതർ അറിയിച്ചു.