മനുഷ്യക്കടത്തിലൂടെ ആസൂത്രിതമായി അവയവക്കച്ചവടം നടത്തുന്ന സംഘത്തിന്‍റെ പ്രവർത്തനം മണി ചെയിൻ മാതൃകയില്‍. സാധാരണക്കാരായ ദാതാവില്‍നിന്ന് മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ നല്‍കി വാങ്ങുന്ന അവയവത്തിന് സ്വീകർത്താവില്‍നിന്ന് 30 മുതല്‍ 50 ലക്ഷം വരെയാണ് ഏജന്‍റുമാർ ഈടാക്കുന്നത്.

അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുത്തതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇതുവരെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അവയവക്കച്ചവടത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്ത് വൻ വ്യാപാരമായി വളരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.

ഹൈദരാബാദ്, ബംഗളൂരു, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് അവയവദാനത്തിനായി ആളുകളെ ഇറാനിലേക്ക് കടത്തിയ കേസാണ് എൻ.ഐ.എ അന്വേഷിക്കുന്നത്. രാജ്യാന്തര ബന്ധമുള്ള ഇടപാടിന് പിന്നില്‍ ആശുപത്രികളടക്കം നിരവധി ഏജൻറുമാർ പ്രവർത്തിക്കുന്നതായും കോടികള്‍ മറിഞ്ഞതായും സൂചന ലഭിച്ചിട്ടുണ്ട്. പ്രധാനമായും കൊച്ചിയും ഹൈദരാബാദും കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി നൂറിലധികം പേർ അവയവക്കച്ചവടത്തിന്‍റെ ഇരകളായിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ദാതാക്കളെ ഇറാനിലെത്തിച്ച്‌ അവിടുത്തെ ഫരീദിഖാൻ ആശുപത്രിയില്‍വെച്ചാണ് അവയവദാനം നടത്തിയത്. ഇത് സംബന്ധിച്ച്‌ ഇറാനില്‍ നിലനില്‍ക്കുന്ന ഇളവുകളും മാഫിയക്ക് സൗകര്യമായി. ഒരിക്കല്‍ അവയവം നല്‍കുന്നയാള്‍ തുടർന്ന് അടുത്ത ദാതാവിനെ കണ്ടെത്തി നല്‍കി ഈ ഇടപാടിന്‍റെ ഏജന്‍റായി മാറുന്നതാണ് രീതി. ഇത്തരത്തില്‍ ദാതാക്കളുടെ ചങ്ങല ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് നീളുന്നു. സാമ്പത്തികമായി താഴേക്കിടയിലുള്ളവരാണ് ഇരകളില്‍ ഏറെയും. ഒരു ദാതാവിനെ കിട്ടിയാല്‍ അതുവഴി ഇത്തരക്കാരെ എളുപ്പത്തില്‍ കണ്ടെത്തും. മാറ്റിവെക്കണമെന്ന് ആശുപത്രിയില്‍നിന്ന് നിർദേശിച്ചാല്‍ അവയവം വേണ്ടവർ ഉടൻ ഏജന്‍റുമാരെ ബന്ധപ്പെടുകയാണ് ചെയ്യുക. സ്വീകർത്താക്കളില്‍ നല്ലൊരു പങ്കും ഉയർന്ന ബിസിനസ്സുകാരും സമൂഹത്തിലെ മറ്റ് ഉന്നതരുമാണ്. അവയവം കിട്ടാൻ എത്ര പണം നല്‍കാനും ഇവർ തയാറാകുന്നു.