സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിന് എതിരായ ഹർജിഹൈക്കോടതി തള്ളി*

*സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിന് എതിരായ ഹർജിഹൈക്കോടതി തള്ളി*


ഈ വർഷത്തെ ചലച്ചിത്ര പുരസ്കാര നിർണയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആരോപണങ്ങളിൽ തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നടപടി. നേരത്തേ, ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.
അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന് ആരോപിച്ച് സംവിധായകൻ വിനയനാണ് ആദ്യം രംഗത്തെത്തിയത്. ചില ജൂറി അംഗങ്ങളെ ഉദ്ധരിച്ചായിരുന്നു വിനയന്റെ ആരോപണം. ഇതുസംബന്ധിച്ച് സർക്കാരിന് പരാതിയും നൽകിയിരുന്നു. എന്നാൽ, പുരസ്കാരം ലഭിച്ചവരും കലാകാരൻമാരാണെന്നും അവാർഡ് സ്റ്റേ ചെയ്യാൻ കോടതിയെ സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനു ശേഷമാണ് ‘ആകാശത്തിന് താഴെ’ എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് ഹൈക്കോടതിയെ സമീപിച്ചത്. വിനയന്റെ പരാതിയിൽ നടപടി ഉണ്ടായില്ലെന്നും രഞ്ജിത്തിന്റെ ഇടപെടലുകൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ, പരാതിയുണ്ടെങ്കിൽ വിനയനാണ് കോടതി സമീപിക്കേണ്ടതെന്ന് ഇന്ന് ഹർജി പരിഗണിക്കവേ കോടതി വ്യക്തമാക്കുകയായിരുന്നു.