കണ്ണൂർ എസ്.പി.സി.എ ജങ്ഷനു സമീപത്തെ പെട്രോള്‍ പമ്ബില്‍ ഞായറാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ കണ്ണൂർ സിറ്റി ജില്ല ഹെഡ് ക്വാർട്ടേഴ്സിലെ ഡ്രൈവർ കെ. സന്തോഷ് കുമാറിനെതിരെയാണ് (50) ടൗണ്‍ പൊലീസ് വധശ്രമം ചുമത്തി കേസെടുത്തത്. പൊലീസുകാരൻ പൊലീസ് കസ്റ്റഡിയിലാണ്. ജോലിയില്‍നിന്ന് സസ്പെൻഡ് ചെയ്തു. 2100 രൂപക്കാണ് പൊലീസുകാരൻ കാറില്‍ പെട്രോള്‍ അടിച്ചത്. എന്നാല്‍, 1900 രൂപ മാത്രമാണ് നല്‍കിയത്. ബാക്കി 200 രൂപ ചോദിച്ചതോടെ പണം നല്‍കാതെ കാറോടിച്ചുപോകാൻ ശ്രമിച്ചു. പമ്പ് ജീവനക്കാരൻ അനില്‍, കാർ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു പൊലീസുകാരന്റെ പരാക്രമം. കാറിന്റെ ബോണറ്റില്‍ ഇരുന്ന അനിലിനെയുംകൊണ്ട് കാർ ഏറെ ദൂരം മുന്നോട്ടുപോവുകയായിരുന്നു. പൊലീസുകാരനെതിരെ സസ്പെൻഷൻ ഉള്‍പ്പെടെയുള്ള വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ കെ. അജിത്കുമാർ അറിയിച്ചു.