ഉത്തർപ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാൻ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അപകട സ്ഥലം സന്ദർശിക്കും. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കും. മരിച്ച 116 പേരിൽ 89 പേർ ഹത്രാസ് സ്വദേശികളാണ്. 27 പേരുടെ സ്വദേശം ഇറ്റയാണ്. മരണ സംഖ്യ ഉയരാൻ കാരണം ആശുപത്രിയിൽ സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ ആരോപണം. ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തതും ഓക്‌സിജൻ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെ കുറവും പലപ്പോഴും നാട്ടുകാരും അധികൃതരും തമ്മിൽ തർക്കത്തിലേക്ക് നയിച്ചു. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും.ജില്ലാ ഭരണകൂടത്തിൻ്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ.