പോത്തുണ്ടി ഡാമിൽ ജലനിരപ്പ് 11 അടിയായി ഉയർന്നു.

പോത്തുണ്ടി ഡാമിലെ ജലനിരപ്പ് 11അടിയായി. മിഥുന മാസമായിട്ടും പോത്തുണ്ടി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ മഴ പെയ്യുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശങ്ങളിൽ നിന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നില്ലെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനിടെ പോത്തുണ്ടി ഡാമിൽ അരയടി വെള്ളം മാത്രമാണ് ഉയർന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പോത്തുണ്ടിയിൽ മഴ രേഖപ്പെടുത്തിയില്ല. 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ നിലവിൽ 11അടി വെള്ളമുണ്ട്. 2023 ജൂൺ 9ന് ഒന്നാം വിളയ്ക്കായി വെള്ളം തുറന്നതിനെ തുടർന്ന് ഡാമിൽ ജൂൺ 20ന് അരയടി വെള്ളമായി ചുരുങ്ങിയിരുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പത്തര അടിയോളം വെള്ളം മാത്രമെ ജൂൺ പകുതിയാകുമ്പോഴേക്കും സംഭരിക്കാൻ കഴിഞ്ഞിട്ടുള്ളു. മിഥുനമാസം ആരംഭിച്ചതോടെ വരുംദിവസങ്ങളിൽ കാലവർഷം ശക്തമായി കാർഷിക മേഖലയ്ക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഈ വർഷം ഏപ്രിലിൽ ഡാമിൽ ഒന്നര അടി വെള്ളമായി ചുരുങ്ങിയ സ്ഥാനത്തുനിന്നാണ് 11 അടിയായി വെള്ളം ഉയർന്നത്.