ഒന്നാം വിളയ്ക്കും യന്ത്ര നടീൽ നടത്തി കർഷകർ. ഒന്നാം വിള സമയത്ത് മഴ കൂടുതലായതിനാൽ നട്ട നെൽച്ചെടികൾ അളിഞ്ഞുപോകാനുള്ള സാധ്യത കൂടുതലുള്ളതിനാൽ പൊടിവിതയോ, പറിച്ചു നടിയിലോ ആണ് സാധാരണ നടത്താറുള്ളത്. അയിലൂർ കൃഷിഭവൻ പരിധിയിൽ മണ്ണാം കുളമ്പ്, പുതുച്ചി, മല്ലംകുളമ്പ് പാടശേഖരങ്ങളിലെ കർഷകരാണ് യന്ത്ര നടീൽ ഒന്നാം വിളയ്ക്കും പ്രയോഗിക്കുന്നത്. യന്ത്ര നടീലിന് 15 ദിവസംകൊണ്ട് പറിച്ചു നടാം എന്ന മേന്മയുണ്ട്. തൊഴിലാളികളെ ഉപയോഗിച്ച് പറിച്ചു നടുകയാണെങ്കിൽ 25 മുതൽ 30 ദിവസം വരെ ഞാറ് വളർച്ച എത്തണം. യന്ത്ര നടീലിന് പ്ലാസ്റ്റിക് ഷീറ്റിൽ പാകിയ ഞാറ്റടിയാണ് ഉപയോഗിക്കുന്നത്. സാധാരണ നടീലിന് ഉപയോഗിക്കുന്നതിന്റെ നേർപകുതി വിത്ത് മതിയാവും എന്ന മേന്മയും യന്ത്ര നടീലിനുണ്ട്. വെള്ളം വാർത്തു കളയാൻ സൗകര്യം ഉള്ളവരും നെൽപ്പാടങ്ങളിൽ വെള്ളം കൂടുതൽ കെട്ടിനിൽക്കാത്തതുമായ നെൽപ്പാടങ്ങളുള്ള മണ്ണാങ്കുളമ്പിലെ കർഷകരായ എസ്. സ്മിജിത്ത്, വി. രാമചന്ദ്രൻ, തുടങ്ങിയ കർഷകരാണ് യന്ത്ര നടീൽ നടത്തിയിട്ടുള്ളത്.