പ്രഭാത വാർത്തകൾ*

🔘🔘🔘🔘🔘🔘🔘🔘🔘🔘

വാർത്തകൾ വിരൽത്തുമ്പിൽ

   *

2024 | ജൂൺ 8 | ശനി |
1199 | ഇടവം 25 | തിരുവാതിര l 1445 l ദുൽഹജ്ജ് 01
➖➖➖➖➖➖➖➖

◾ ഭരണഘടനയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവനാണ് താനെന്നും അംബേദ്കറിന്റെ ഈ ഭരണഘടനയുള്ളതുകൊണ്ടാണ് പിന്നാക്ക വിഭാഗത്തില്‍ നിന്ന് വന്ന പാവപ്പെട്ട കുടുംബാംഗമായ തനിക്ക് രാജ്യത്തെ സേവിക്കാനായതെന്നും നരേന്ദ്രമോദി. ഇന്നലെ എന്‍ഡിഎ യോഗത്തിന് എത്തിയപ്പോള്‍ ഭരണഘടന തൊഴുന്ന ചിത്രവും മോദി എക്‌സില്‍ പങ്കുവച്ചു.

◾ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു പിന്നാലെ മോദി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിച്ച് കത്ത് നല്‍കി. രാഷ്ട്രപതിയെ കണ്ട ശേഷം മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി, പുതിയ കാലഘട്ടത്തിലേക്കാണ് രാജ്യം പ്രവേശിക്കുന്നതെന്നും,അമൃത് കാലത്തെ ആദ്യ തെരഞ്ഞെടുപ്പാണ് കഴിഞ്ഞ് പോയതെന്നും പറഞ്ഞു. എന്‍ഡിഎ സര്‍ക്കാറിന് മൂന്നാം തവണയും ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയ ജനത്തിന് നന്ദി പറഞ്ഞ മോദി ഇനിയുള്ള അഞ്ച് വര്‍ഷവും അതേ ലക്ഷ്യത്തോടെ, സമര്‍പ്പണത്തോടെ രാജ്യത്തെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും പറഞ്ഞു.

◾ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതിനു പിന്നാലെ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. മോദി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് അവകാശവാദം ഉന്നയിച്ചതിനു പിന്നാലെയാണ് മോദിയെ സര്‍ക്കാര്‍ രൂപവത്കരണത്തിന് രാഷ്ട്രപതി ക്ഷണിച്ചത്. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച രാത്രി 7.15ന് രാഷ്ട്രപതിഭവനില്‍ നടക്കും.

◾ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. 900 വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയെന്നാണ് 300 പേജുള്ള റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്. തൊഴില്‍ നല്‍കാന്‍ സ്വീകരിച്ച നടപടികള്‍, കൂടുതല്‍ ഐടി കമ്പനികളെ കേരളത്തിലേക്ക് എത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍, വ്യവസായ സൗഹൃദ സംസ്ഥാനമാകാന്‍ എടുത്ത ശ്രമങ്ങള്‍ എന്നിവ എണ്ണിയെണ്ണി റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.

◾ പ്രളയമാണ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കയറ്റിയത് എന്നാണ് ഒരു പുരോഹിതന്‍ പറയുന്നതെന്നും പുരോഹിതരുടെ ഇടയിലും വിവരദോഷികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമര്‍ശിച്ച യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാരണം പലതും ചെയ്യാനായില്ല. മഴക്കാല പൂര്‍വ ശുചീകരണ യോഗം പോലും നടത്താനായില്ല. ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അവിടുത്തെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാകണം. അത്തരം പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനം സര്‍ക്കാരിനൊപ്പവും സര്‍ക്കാര്‍ ജനത്തിനൊപ്പവുമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

◾ ആശയങ്ങളില്‍ ഏറ്റുമുട്ടാം എന്നതല്ലാതെ വ്യക്തിപരമായ പരാമര്‍ശങ്ങളില്‍ താന്‍ പ്രതികരിക്കാറില്ലെന്ന് മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോട് യാക്കോബായ സഭാ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി. അതേസമയം, സംസ്ഥാന സര്‍ക്കാരിനെതിരായ മാര്‍ കൂറിലോസിന്റെ പ്രസ്താവന യാക്കോബായ സഭ തള്ളി. കൂറിലോസിന്റെ പ്രസ്താവന സഭയുടെ ഔദ്യോഗിക നിലപാടോ അഭിപ്രായമോ അല്ലെന്ന് സഭാ നേതൃത്വം വ്യക്തമാക്കി.

◾ സര്‍ക്കാര്‍ ഖജനാവിനെ മുടിപ്പിക്കാനുള്ള മറ്റൊരു ധൂര്‍ത്ത് മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയ സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും മന്ത്രിമാരും എല്ലാം അഴിമതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരമാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ജനം അറിയാന്‍ ആഗ്രഹിച്ചത് മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതിയിലുണ്ടായ വര്‍ധനവിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടായിരുന്നെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ജനം വിലയിരുത്തിയതിന്റെ ഫലമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ പുറത്തുവന്നതെന്നും സുധാകരന്‍ പറഞ്ഞു.

◾ പാര്‍ട്ടി പ്രവര്‍ത്തനത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിലും ആത്മവിമര്‍ശനവും, തിരുത്തലും വേണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ അഭിപ്രായം ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വിമര്‍ശനങ്ങളോട് അസഹിഷ്ണുഷണത പ്രകടിപ്പിക്കരുതെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടുവെന്നും ബിജെപിയുടെ വോട്ട് ശതമാനം കൂടിയത് ആശങ്കാജനകമെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകള്‍.

◾ പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ഇടതുപക്ഷത്തുനിന്നും നീതി കിട്ടുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. അതിന്റെ തിരിച്ചടിയാണ് തിരെഞ്ഞെടുപ്പില്‍ കിട്ടിയത്. ഈഴവര്‍ക്ക് നീതി കിട്ടുന്നില്ല. ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ വന്നാല്‍ അവര്‍ക്ക് സര്‍ക്കാരിലും പാര്‍ട്ടിയിലും ഡബിള്‍ പ്രമോഷനാണ്. ഈഴവര്‍ക്ക് അധികാരത്തിലും പാര്‍ട്ടിയിലും പരിഗണനയില്ലാത്ത സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് ചോദിക്കുന്നതെല്ലാം നല്‍കി. ഈഴവര്‍ക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല. കോഴിക്കോടു നിന്നും മലപ്പുറത്തു നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവര്‍ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◾ മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും സംസ്ഥാന പൊലീസ് തയാറായില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനി വ്യാജ പണമിടപാട് നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് നിര്‍ദേശിച്ചത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കിലും തങ്ങള്‍ക്ക് നിയമപരമായി മുന്നോട്ടുപോകാനാകുമെന്ന് ഇഡി അറിയിച്ചു.

◾ രോഗികളോട് ആര്‍ദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയില്‍ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മന്ത്രി അഭിപ്രായം രേഖപ്പെടുത്തിയത്. അവര്‍ക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണം. അനാവശ്യമായി രോഗികളെ റഫര്‍ ചെയ്യരുത്. ആശുപത്രികളുടെ പ്രവര്‍ത്തന സമയം ഉറപ്പാക്കണം. ആശുപത്രികള്‍ പൂട്ടിയിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

◾ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടിയെന്ന് ആവര്‍ത്തിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് പുറത്ത് പ്രാക്ടീസ് നടത്താന്‍ അനുമതിയില്ല. ഇത് കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ക്ക് നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് അനുവദിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

◾ കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് ദുല്‍ഹിജ്ജ ഒന്നും, ഈമാസം 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

◾ തിരഞ്ഞെടുപ്പു തോല്‍വിയെച്ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ തൃശൂര്‍ ഡിസിസി ഓഫിസില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ അക്രമവും കയ്യാങ്കളിയും. ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാരോപിച്ച് അദ്ദേഹം ഓഫിസില്‍ പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചെന്നാണ് ആരോപണം. ഡിസിസി പ്രസിഡന്റിന്റെ മുറിയിലേക്ക് കയറാന്‍ ശ്രമിച്ചവരെ തടഞ്ഞതാണ് കയ്യാങ്കളിയിലേക്ക് എത്തിയതെന്നാണ് വിവരം. മര്‍ദനം ചോദ്യം ചെയ്യാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഓഫിസില്‍ ഉണ്ടായിരുന്നവരും തമ്മിലാണു പിന്നീട് കയ്യാങ്കളി ഉണ്ടായത്. വിഷയത്തില്‍ പ്രതികരണം തേടാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ കാണാന്‍ കൂട്ടാക്കിയില്ല. വിഷയത്തില്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കെപിസിസി അധ്യക്ഷന്‍ സുധാകരനോട് ആവശ്യപ്പെട്ടു.

◾ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊല്ലത്ത് ചിന്നക്കടയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍. കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രിയപ്പെട്ട കെ എം നിങ്ങള്‍ ഞങ്ങളുടെ ഹൃദയമാണ്, ധീരനായ പോരാളിക്ക് അഭിവാദ്യങ്ങള്‍ എന്നാണ് എന്നാണ് ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്. മുരളീധരനെ പിന്തുണച്ച് നേരത്തെ കോഴിക്കോട് നഗരത്തിലും ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

◾ കോന്നി അടവി എക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ ആവശ്യപ്രകാരമാണ് നടപടി . ഇവിടെ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. കയ്യേറ്റം ചെയ്തതിലും, കൈവെട്ടുമെന്ന് നേതാവ് ഭീഷണിപ്പെടുത്തിയതുമായ സംഭവങ്ങളിലുമാണ് പ്രതിഷേധം. അനധികൃതമായി സ്ഥാപിച്ച കൊടി നീക്കിയ ഉദ്യോഗസ്ഥന്റെ കൈവെട്ടും എന്നായിരുന്നു സിപിഎം നേതാവിന്റെ പരസ്യ ഭീഷണി.

◾ 2021 മുതല്‍ മിക്സഡ് ആക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കിയത് 53 സ്‌കൂളുകള്‍ക്കാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇതില്‍ 26 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകള്‍ ആണ്. 27 എണ്ണം എയിഡഡ് സ്‌കൂളുകളുമാണ്. ലിംഗസമത്വം ഉറപ്പുവരുത്തുക, സഹവിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുക എന്നിവ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. സ്‌കൂളുകള്‍ മിക്സഡ് ആക്കുന്നതിനു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം എന്നും മന്ത്രി വ്യക്തമാക്കി.

◾ ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരില്‍ ഇനി അറിയപ്പെടുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിയ നിരവധി ഡ്രൈവുകളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയത്. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നേടി.

◾ സുരേഷ് ഗോപിയുടെ വിജയത്തോടൊപ്പം കേരളത്തില്‍ ബിജെപിയുടെ വോട്ട് ശതമാനവും വര്‍ധിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എംപി ഇല്ലാത്തപ്പോഴും കേന്ദ്രമന്ത്രിമാരെ കേരളത്തിന് കിട്ടിയിട്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള പ്രതികരണം. സിപിഎം ഹമാസിന് അനുകൂലമായി സംസാരിക്കുമ്പോള്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിക്ക് കിട്ടുമെന്ന് ഉറപ്പല്ലേയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

◾ കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും അഖിലേന്ത്യാ സെക്രട്ടറി സി.കെ. സുബൈറും കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. കോടതി രണ്ടുപേര്‍ക്കും ജാമ്യം അനുവദിച്ചു. കേസ് അടുത്തമാസം പത്താം തീയതി പരിഗണിക്കും.

◾ കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ കോഴിക്കോട് അരക്കിണര്‍ സ്വദേശി വി. നബീല്‍ പിടിയിലായി. രണ്ട് കോടിയോളം രൂപ ഇയാളുടെ അക്കൗണ്ടില്‍ എത്തിയതായാണ് പൊലിസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇന്നലെ രാവിലെയാണ് നബീല്‍ പൊലീസിന്റെ പിടിയിലാകുന്നത്.

◾ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ 13 ലിംഗമാറ്റ ശസ്ത്രക്രിയകള്‍ വിജയിച്ചില്ലെന്ന പരാതിയില്‍, സാമ്പത്തിക സഹായം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 3,06,772 രൂപ അനുവദിച്ചു. കമ്മീഷന്‍ അദ്ധ്യക്ഷനായിരുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാട്ടാക്കട സ്വദേശി സാഗറിനാണ് തുക അനുവദിച്ചത്.

◾ കങ്കണ റണാവത്തിനെ തല്ലിയ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറിനെതിരെ മൊഹാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതിനാല്‍ തന്നെ കുല്‍വീന്ദര്‍ കൗറിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമേ കേസ് എടുക്കൂവെന്ന് പഞ്ചാബ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

◾ കങ്കണ റണാവത്തിനെ മര്‍ദ്ദിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ഗായകനും നടനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്ലാനി. താന്‍ ഒരിക്കലും ഹിംസയെ പിന്തുണച്ചിട്ടുള്ള ആളല്ലെന്നും പക്ഷേ ഈ സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ രോഷത്തിന്റെ കാരണം ശരിക്കും മനസിലാവുന്നുണ്ടെന്നും വിശാല്‍ വ്യക്തമാക്കി.

◾ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനമറിയിച്ചു. മൂന്നാം തവണയും പ്രധാനമന്ത്രി ആകുന്നതില്‍ അഭിനന്ദനം എന്നാണ് ഇപിഎസിന്റെ പോസ്റ്റ്. ബിജെപി ബന്ധത്തെ ചൊല്ലി പാര്‍ട്ടിയില്‍ പരസ്യമായി പോരു നടക്കുന്നതിനിടെയാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുടെ പോസ്റ്റ്.

◾ മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി പദത്തില്‍നിന്ന് രാജി സമര്‍പ്പിച്ച ദേവേന്ദ്ര ഫഡ്‌നാവിസിനോട് തല്‍സ്ഥാനത്ത് തുടരാന്‍ നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരാനും സംസ്ഥാനത്ത് ബിജെപിയെ ശക്തിപ്പെടുത്താനുള്ള പദ്ധതി രൂപവത്ക്കരിക്കാനും ഫഡ്‌നാവിസിനോട് ഷാ നിര്‍ദേശിച്ചെന്നാണ് സൂചന.

◾ തിരഞ്ഞെടുപ്പിലെ ‘മാന്‍ ഓഫ് ദ മാച്ച്’ രാഹുലാണെന്ന് പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാഹുല്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്യമെമ്പാടും വ്യാപക പ്രചാരണം നടത്തി. എന്നാല്‍, ഖാര്‍ഗെ രാജ്യസഭയില്‍ പ്രതിപക്ഷത്തെ നയിക്കുകയാണ്. അതിനാല്‍ രാഹുല്‍ ലോക്സഭയില്‍ സമാന ചുമതല ഏറ്റെടുക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

◾ ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഏഴ് മാവോവാദികളെ വധിച്ചു. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് ഓര്‍ച്ച മേഖലയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതോടെ, സംസ്ഥാനത്ത് ഈവര്‍ഷം ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 125 ആയി.

◾ നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി ഇലോണ്‍ മസ്‌ക്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങള്‍ എന്ന് അദ്ദേഹം തന്റെ സമൂഹ മാധ്യമമായ എക്സിലെ പ്രൊഫൈലില്‍ കുറിപ്പിട്ടു. തന്റെ കമ്പനികള്‍ ഇന്ത്യയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◾ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിനത്തിലെ വീഴ്ചയ്ക്ക് ശേഷം ഇന്നലെ ഓഹരി വിപണി സര്‍വകാല ഉയരത്തിലെത്തി. സെന്‍സെക്സ് 1600 ലധികം പോയിന്റ് ഉയര്‍ന്ന് 76787 എന്ന റെക്കോര്‍ഡിട്ടു. നിഫ്റ്റിയും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതോടെ ഓഹരി വിപണി സര്‍വ്വകാല റെക്കോര്‍ഡിട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടു കൂടി വിപണിയില്‍ നാല് വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്. അതില്‍ നിന്നും നേരിയ പുരോഗതി അടുത്ത ദിവസങ്ങളില്‍ ഉണ്ടായെങ്കിലും ഇന്നലെ ഗണ്യമായ വളര്‍ച്ചയാണ് ഉണ്ടായത്.

◾ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ ഓഹരി വിപണി തകര്‍ച്ചയില്‍ അന്വേഷണം ആവശ്യപ്പെട്ടും സെബിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടും സുപ്രീം കോടതിയില്‍ ഹര്‍ജി. ഹിന്‍ഡന്‍ ബെര്‍ഗ് കേസിലെ ഹര്‍ജിക്കാരന്‍ വിശാല്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്. ഫലപ്രഖ്യാപനദിവസത്തെ ഓഹരിവിപണി തകര്‍ച്ചയില്‍ ആരോപണവുമായി കോണ്‍ഗ്രസ് നേരത്തെ രംഗത്ത് എത്തിയിരുന്നു.

◾ ടി20 ലോകകപ്പ് അയര്‍ലന്‍ഡിനെതിരേ കാനഡക്ക് 12 റണ്‍സിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കാനഡ, നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. അയര്‍ലന്‍ഡിന്റെ മറുപടി പക്ഷേ, നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സില്‍ അവസാനിച്ചു.

◾ ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് യുപിഐ ലൈറ്റ് വാലറ്റ് പരിഷ്‌കരിച്ച് ആര്‍ബിഐ. ബാലന്‍സ് നിശ്ചിത പരിധിയില്‍ താഴെ പോകുകയാണെങ്കില്‍ ഓട്ടോമാറ്റിക്കായി പണം വരവുവെച്ച് യുപിഐ ലൈറ്റില്‍ പണം നിറയ്ക്കുന്ന സംവിധാനമാണ് ആര്‍ബിഐ അവതരിപ്പിച്ചത്. ചെറുകിട ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ആര്‍ബിഐ യുപിഐ ലൈറ്റ് കൊണ്ടുവന്നത്. നിലവില്‍ 2000 രൂപയാണ് പ്രതിദിന പരിധി. ഒറ്റത്തവണയായി 500 രൂപ വരെ മാത്രമേ കൈമാറാന്‍ സാധിക്കുകയുള്ളൂ. യുപിഐയുടെ ലളിതമായ വേര്‍ഷനായ യുപിഐ ലൈറ്റ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം അവതരിപ്പിച്ചതെന്ന് ആര്‍ബിഐ അറിയിച്ചു. ഇ-മാന്‍ഡേറ്റ് ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവന്നാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. യുപിഐ ലൈറ്റില്‍ ബാലന്‍സ് നിശ്ചയിക്കാന്‍ ഉപഭോക്താവിന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പരിധിക്ക് താഴെയാണ് ബാലന്‍സ് എങ്കില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ യുപിഐ ലൈറ്റ് വാലറ്റുകള്‍ ഓട്ടോമാറ്റിക്കായി നിറയ്ക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. വേഗത്തിലും തടസ്സങ്ങളില്ലാതെയും ചെറിയ മൂല്യമുള്ള പേയ്മെന്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് 2022 സെപ്റ്റംബറിലാണ് യുപിഐ ലൈറ്റ് അവതരിപ്പിച്ചത്.

◾ നടനായ ദേവ് പട്ടേല്‍ ആദ്യമായി സംവിധായകനായ ചിത്രമായിരുന്നു ‘മങ്കി മാന്‍’. അമ്മയുടെ മരണത്തിന് കാരണക്കാരായ വ്യക്തികളെ തേടിപ്പിടിച്ച് പ്രതികാരം ചെയ്യുന്നതാണ് ആക്ഷന്‍- ത്രില്ലര്‍ ചിത്രമായ മങ്കി മാന്റെ പ്രമേയം. ഇന്ത്യയില്‍ ചിത്രത്തിന്റെ റിലീസ് അണിയറപ്രവര്‍ത്തകര്‍ തന്നെ റദ്ദാക്കിയിരുന്നു. ചിത്രത്തിലെ രംഗങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചേക്കാം എന്ന് കരുതിയാണ് റിലീസ് ചെയ്യാതെയിരുന്നത്. ഇപ്പോഴിതാ ചിത്രം ഓടിടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. ജൂണ്‍ 14-ന് യുഎസ് വീഡിയോ സ്ട്രീംഗ് പ്ലാറ്റ്ഫോമായ പീക്കോക്കിലാണ് പ്രീമിയര്‍ ചെയ്യുക. ജിയോ സിനിമ വഴിയാണ് ഇന്ത്യയില്‍ പ്രേക്ഷകര്‍ക്ക് ചിത്രം ലഭ്യമാവുക. ശോഭിത ധുലിപാല, മകരന്ദ് ദേശ്പാണ്ഡേ, സികന്ദര്‍ ഖേര്‍, ഷാള്‍ട്ടോ കോപ്ലേ, പിറ്റോബാഷ്, അദിതി കുല്‍ക്കാണ്ടേ, അശ്വിനി ഖലേസ്‌കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഡാനി ബോയല്‍ സംവിധാനം ചെയ്ത അക്കാദമി അവാര്‍ഡ് വിന്നിങ് മൂവി ‘സ്ലം ഡോഗ് മില്ല്യണയര്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ദേവ് പട്ടേല്‍. പിന്നീട് ലയണ്‍, ദി ഗ്രീന്‍ നൈറ്റ് തുടങ്ങീ നിരവധി സിനിമകളിലൂടെ ദേവ് പട്ടേല്‍ തന്റെ സാന്നിധ്യമറിയിച്ചു.

◾ മഹാമാന്ത്രികന്‍ കടമറ്റത്ത് കത്തനാരുടെ ജീവിതം പറയുന്ന ‘കത്തനാര്‍: ദി വൈല്‍ഡ് സോര്‍സറര്‍’ ചിത്രത്തില്‍ ജയസൂര്യയ്‌ക്കൊപ്പം നിതീഷ് ഭരദ്വരാജും. പത്മരാജന്റെ ഗന്ധര്‍വനായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ നിതീഷ് ഭരദ്വാജ് 33 വര്‍ഷത്തിന് ശേഷമാണ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് നിതീഷ് ഭരദ്വാജ്. ബോളിവുഡിലും നിരവധി സിനിമകളില്‍ നിതീഷ് അഭിനയിച്ചിട്ടുണ്ട്. ‘കേദാര്‍നാഥ്’ എന്ന ചിത്രത്തിലാണ് നിതീഷ് ഭരദ്വാജ് ഒടുവില്‍ വേഷമിട്ടത്. ‘ഫിലിപ്സ് ആന്‍ഡ് ദ മങ്കിപെന്‍’, ‘ജോ ആന്‍ഡ് ദ ബോയ്’, ‘ഹോം’ എന്നീ സിനിമകള്‍ക്ക് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കത്തനാര്‍. അനുഷ്‌ക ഷെട്ടി, പ്രഭുദേവ, സാന്‍ഡി മാസ്റ്റര്‍, കുല്‍പ്രീത് യാദവ്, ഹരീഷ് ഉത്തമന്‍ തുടങ്ങിയ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സനൂപ് സന്തോഷ്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷന്‍ എന്നീ താരങ്ങളും സിനിമയില്‍ വേഷമിടുന്നുണ്ട്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

◾ ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ആള്‍ട്രോസിന്റെ സ്പോര്‍ടി മോഡല്‍ റേസര്‍ വിപണിയില്‍. മൂന്ന് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ ആര്‍1 എന്ന മോഡലിന് 9.49 ലക്ഷം രൂപയും ആര്‍ 2 എന്ന മോഡലിന് 10.49 ലക്ഷം രൂപയും ആര്‍ 3 എന്ന മോഡലിന് 10.99 ലക്ഷം രൂപയുമാണ് വില. റേസ് കാറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് കാറിന്. 1.2 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 120 പിഎസ് കരുത്തും 120 എച്ച്പി 170 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. രൂപകല്‍പനയില്‍ ബോണറ്റിലേയും റൂഫിലേയും ട്വിന്‍ റേസിങ് സ്ട്രിപ്പുകള്‍, റേസര്‍ ബാഡ്ജ്, ചെറിയ മാറ്റങ്ങളുള്ള ഗ്രില്‍ എന്നിവയാണ് സ്റ്റാന്‍ഡേഡ് ഹാച്ച് ബാക്കുമായുള്ള പ്രധാന വ്യത്യാസങ്ങള്‍. 26.03 സെന്റിമീറ്റര്‍ ടച്ച് സ്‌ക്രീന്‍, സെഗ്മെന്റിലെ ആദ്യ വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗുകള്‍, ഇഎസ്സി, ഹെഡ് അപ് ഡിസ്‌പ്ലേ, വോയ്‌സ് അസിസ്റ്റഡ് സണ്‍ റൂഫ് എന്നിങ്ങനെയാണ് ഫീച്ചറുകളിലുള്ള വ്യത്യാസങ്ങള്‍. ഇതുകൂടാതെ ആള്‍ട്രോസിന് പുതിയ മൂന്ന് മോഡലുകളും കൂടി ടാറ്റ അവതരിപ്പിച്ചു. എസഡ്എക്സ് എല്‍യുഎക്സ് എന്ന മോഡലിന് 8.99 ലക്ഷം രൂപയും എക്സ്ഇസഡ് പ്ലസ് എസ് എല്‍യുഎക്സ് എന്ന മോഡലിന് 9.64 ലക്ഷം രൂപയും എക്സ്ഇസഡ് പ്ലസ് ഒഎസ് എന്ന മോഡലിന് 9.98 ലക്ഷം രൂപയുമാണ് വില.

◾ വാമൊഴിയായി കൈമാറിയും പരമ്പരാഗതമായി പരിചയിച്ചും നിലനിര്‍ത്തിയിരുന്ന നാട്ടിന്‍പുറത്തെ നന്മകള്‍ ലിഖിതരൂപത്തിലെത്താനാവാതെ അന്യം നിന്നുപോയതിനെ 2007-ല്‍ ഗ്രന്ഥകാരന്‍ സമാഹരിച്ച് നാടു മറന്ന നാട്ടുപഴമയായി മാളുബന്‍ പ്രസിദ്ധീകരിച്ചു. ബാക്കിവന്നവ സമാഹരിച്ച് ഇപ്പോള്‍, നാടു മറന്ന നാട്ടുപെരുമ എന്ന പുസ്തക രൂപത്തിലായി. ‘നാടു മറന്ന നാട്ടുപെരുമ’. ആര്യനാട് സത്യന്‍. മാളുബന്‍ പബ്ളിക്കേഷന്‍സ്. വില 76 രൂപ.

◾ ഹോട്ടല്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണു മിക്കവരും. തിരക്കും മടിയുമൊക്കെ ഇതിനു കാരണവുമാണ്. എന്നാല്‍ ഭക്ഷ്യവിഷബാധ വാര്‍ത്തകള്‍ പലരെയും ആശങ്കയിലാക്കുന്നു. ഭക്ഷണം സുരക്ഷിതമാകണമെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. എത്ര നല്ല ഹോട്ടലില്‍ നിന്ന് ഭക്ഷണം പാഴ്‌സല്‍ വാങ്ങിയാലും ചിലപ്പോള്‍ ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണമായേക്കും. ഹോട്ടലില്‍ നിന്നും ഭക്ഷണം പാഴ്‌സല്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. പാഴ്‌സല്‍ വാങ്ങി മണിക്കൂറുകളോളും ഭക്ഷണം കവറില്‍ തന്നെ സൂക്ഷിച്ച ശേഷം കഴിക്കുന്ന ശീലം ഒഴിവാക്കണം. ഷവര്‍മ, കുഴിമന്തി, അല്‍ഫാം തുടങ്ങിയ ചൂടുള്ള ഭക്ഷണസാധനങ്ങള്‍ക്ക് ഒപ്പം നല്‍കുന്ന മയോണൈസ്, കെച്ചപ്പ്, ചമ്മന്തി പോലുള്ള തണുത്ത സാധനങ്ങള്‍ ഉടന്‍ തന്നെ വേര്‍ത്തിരിച്ചു വെക്കുക. ഭക്ഷണത്തിനൊപ്പം കിട്ടുന്ന മയോണൈസില്‍ മുട്ട ചേര്‍ത്തിട്ടില്ലെന്ന് ഉറപ്പു വരുത്തുക. കൂടാതെ പരാമവധി ഒരു മണിക്കൂറിനകം തന്നെ ഇവ കഴിക്കാന്‍ ശ്രദ്ധിക്കുക. പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണം ഒന്നില്‍ തവണ ചൂടാക്കിയും തണുപ്പിച്ചും കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. തുറന്നു വെച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഭക്ഷണത്തിന്റെ രുചിയിലോ മണിത്തിലോ നിറത്തിലോ വ്യത്യാസം വന്നാല്‍ കഴിക്കരുത്.

ശുഭദിനം
കവിത കണ്ണന്‍
ധ്യാനം പരിശീലിപ്പിക്കുന്ന മികച്ച ഗുരുവിനെ തേടിയാണ് അയാളുടെ യാത്ര. ഹിമാലയത്തില്‍ ഒരു സന്യാസിയുണ്ടെന്ന് ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അയാള്‍ ഹിമാലയത്തില്‍ എത്തിയിരിക്കുകയാണ്. പലരോടും ചോദിച്ചെങ്കിലും ആര്‍ക്കും സന്ന്യാസിയുടെ വാസസ്ഥലം കൃത്യമായി പറയാന്‍ സാധിച്ചില്ല. ദിവസങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍ അലഞ്ഞെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. ക്ഷീണിച്ച് നിരാശനായി വഴിയരികില്‍ കിടക്കുമ്പോള്‍ അയാള്‍ ചിന്തിച്ചു – എല്ലാം ഉപേക്ഷിക്കാം, ഇനി യാത്രയില്ല. അങ്ങനെ തീരുമാനിച്ച് ഉറപ്പിച്ചപ്പോള്‍ ആരോ ഇദ്ദേഹത്തെ തൊട്ടു. കണ്ണുതുറന്ന് നോക്കുമ്പോള്‍ തേടിനടന്ന സന്ന്യാസി മുന്നില്‍. എന്താണ് നിങ്ങളുടെ ആവശ്യം? സന്ന്യാസി ചോദിച്ചു. എനിയ്ക്ക് ഒരാവശ്യവുമില്ല. അയാള്‍പറഞ്ഞു. സന്യാസി അയാളെ തന്റെ വാസസ്ഥലത്തേയ്ക്ക് ക്ഷണിച്ചു. ധ്യാനം തുടങ്ങാന്‍ തയ്യാറായിക്കൊള്ളാന്‍ പറഞ്ഞു. ആഗ്രഹങ്ങളും ആവശ്യങ്ങളും അവസാനിക്കുന്നിടത്ത് മാത്രമേ ധ്യാനം ആരംഭിക്കൂ. നിധികളുടേയും നിക്ഷേപങ്ങളുടേയും ഇടയില്‍ ഇരുന്ന് സ്വയം തേടലോ ഈശ്വരനെ തേടലോ സാധ്യമല്ല. പുറത്തുള്ളവയില്‍ നിന്ന് കണ്ണും കാതും തിരിക്കാതെ ആന്തരിക ദര്‍ശനം സാധ്യല്ല. പ്രാര്‍ത്ഥനകളും ധ്യാനങ്ങളും പലപ്പോഴും നിഷ്ഫലമാകുന്നതിന്റെ കാരണം മനസ്സ് ശൂന്യമല്ല എന്നതു തന്നെയാണ്. സ്ഥാനങ്ങളും സ്ഥാപിത താല്‍പര്യങ്ങളും മാറ്റിവെച്ച് മനസ്സിനെ സ്വസ്ഥതയില്‍ ഉറപ്പിക്കുമ്പോള്‍ മാത്രമേ വിശകലനവും വിശുദ്ധിയും പ്രാപ്യമാകൂ. സ്വയം ശൂന്യരായി നടത്തുന്ന ആത്മാന്വേഷണത്തില്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ നിഴലുകള്‍ ഉണ്ടാകില്ല. നമ്മുടെ സന്ദേശങ്ങളും പ്രവൃത്തികളും ഹൃദയത്തില്‍ നിന്നും ഉത്ഭവിക്കട്ടെ എന്തുകൊണ്ടെന്നാല്‍ ഹൃദയത്തില്‍ നിന്നു പ്രവഹിക്കുന്ന സന്ദേശങ്ങള്‍ക്ക് സ്വഭാവികതയും സത്യസന്ധതയും ഉണ്ടാവുകും – ശുഭദിനം.
➖➖➖➖➖➖➖➖