പ്രഭാത വാർത്തകൾ*

🔘🔘🔘🔘🔘🔘🔘🔘🔘🔘

വാർത്തകൾ വിരൽത്തുമ്പിൽ

   *

2024 | ജൂൺ 5 | ബുധൻ | 1199 | ഇടവം 22 | കാർത്തിക l 1445 l ദുൽഖഅദ് 27
➖➖➖➖➖➖➖➖

◾പതിനെട്ടാമത് ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം. 294 സീറ്റുകളാണ് എന്‍ഡിക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബിജെപിക്ക് 240 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് 99 സീറ്റുകള്‍ നേടിയപ്പോള്‍ 231 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണി. യുപിയിലും, മഹാരാഷ്ട്രയിലും, ബംഗാളിലും എന്‍ഡിഎക്ക് തിരിച്ചടി. മോദിയുടെ ഭൂരിപക്ഷത്തിനും വന്‍ ഇടിവുണ്ടായപ്പോള്‍ ഘടകക്ഷികളുടെ കനിവിലാണ് ബിജെപി അധികാരത്തിലേക്ക് നീങ്ങുന്നത്. ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ടിഡിപിക്ക് 16 സീറ്റും ജെഡിയുവന് 12 സീറ്റും ലഭിച്ചു.

◾എന്‍.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായ മൂന്നാം തവണയും ജനം എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത്. ജനങ്ങളുടെ സ്‌നേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടത്തിവന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പ് നല്‍കുന്നു എന്നും അദ്ദേഹം പറഞ്ഞു.

◾ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെയാണ് ഈ വിധിയെഴുത്ത്. ഇന്ത്യന്‍ ജനത അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണ് നടത്തിയത്. പോരാട്ടം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയല്ല. തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

◾എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി ഇന്ത്യാ മുന്നണിക്ക് മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചത് സമാജ് വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്ന സഖ്യകക്ഷികളുടെ മികവിലാണ്. സമാജ് വാദി പാര്‍ട്ടിക്ക് ഉത്തര്‍ പ്രദേശില്‍ 37 സീറ്റും തൃണമൂല്‍ കോണ്‍ഗ്രസിന് പശ്്ചിമബംഗാളില്‍ 29 സീറ്റും ഡിഎംകെക്ക് തമിഴ്‌നാട്ടില്‍ 22 സീറ്റുകളും ലഭിച്ചു.

◾ഭാവി നീക്കങ്ങള്‍ തീരുമാനിക്കാന്‍ ഇന്ത്യ സഖ്യം ഇന്ന് യോഗം ചേരുമെന്നും സഖ്യകക്ഷികളുമായി ആലോചിച്ച് ഭാവി നീക്കം തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ രൂപീകരണത്തില്‍ അവകാശവാദം ഉന്നയിക്കുമോ പ്രതിപക്ഷത്തിരിക്കുമോയെന്നും ഇന്ന് തീരുമാനിക്കുമെന്നും ഏത് മണ്ഡലം തെരഞ്ഞെടുക്കണമെന്ന് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

◾ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം ഏറെക്കുറെ പൂര്‍ണമാകുമ്പോള്‍ കിംഗ് മേക്കര്‍മാരെന്ന വിശേഷണത്തിലേക്ക് എത്തുകയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് ചുവടുവയ്ക്കുന്ന ചന്ദ്രബാബു നായിഡുവും. എന്‍ ഡി എയുടെ ഭാഗമായി മത്സരിച്ച നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിക്ക് 16 ഉം നിതീഷിന്റെ ജനതാദളിന് 12 ഉം സീറ്റുകളാണ് ഉള്ളത്. എന്‍ ഡി എയെ സംബന്ധിച്ചിടത്തോളം ഈ രണ്ട് പേരും അവരുടെ പാര്‍ട്ടിയും അതീവ നിര്‍ണായകമാണ്.

◾ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യാ മുന്നണി വിപുലീകരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. കേവല ഭൂരിപക്ഷം നേടിയ എന്‍.ഡി.എ.യ്‌ക്കൊപ്പമുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു എന്നിവരുമായി ചര്‍ച്ച നടത്താനാണ് കോണ്‍ഗ്രസ് നീക്കം. 292 സീറ്റുകളാണ് എന്‍.ഡി.എ.ക്കുള്ളത്. ഇതില്‍ 28 സീറ്റുകള്‍ ജെ.ഡി.യു., ടി.ഡി.പി. സഖ്യകക്ഷികളുടേതാണ്. അതേസമയം ഇന്ത്യ ബ്ലോക്കിന് 234 സീറ്റുകള്‍. ജെ.ഡി.യു., ടി.ഡി.പി. സഖ്യത്തെ ഒപ്പം ചേര്‍ത്താല്‍ 262 സീറ്റിലേക്ക് ഉയരും. തുടര്‍ന്ന് കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളാണ് വേണ്ടിവരിക. മറ്റു പാര്‍ട്ടിക്കാരില്‍നിന്ന് ചിലരെ ഒപ്പം കൂട്ടിയാല്‍ ഈ സംഖ്യയും മറികടക്കാന്‍ കോണ്‍ഗ്രസിനാവും.

◾ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം. 18 സീറ്റുകളിലാണ് യുഡിഎഫിന്റെ മുന്നേറ്റം. യുഡിഎഫ് മുന്നേറ്റത്തിലും തൃശൂര്‍ കീഴടക്കി സുരേഷ് ഗോപി. ആലത്തൂരില്‍ മാത്രമാണ് എല്‍ഡിഎഫിന് വിജയം നേടാനായത്.

◾തിരുവനന്തപുരത്ത് യുഡിഎഫിന്റെ ശശിതരൂര്‍ എന്‍ഡിഎയുടെ രാജീവ് ചന്ദ്രശേഖറെ പിന്നിലാക്കിയത് ഏറെ വിയര്‍ത്താണ് .അവസാനം വരെ ലീഡ് പിടിച്ച രാജീവ് ചന്ദ്രശേഖറിനെതിരെ 16,077 വോട്ടിന്റെ ലീഡാണ് ശശിതരൂരിന് ലഭിച്ചത്. എല്‍ഡിഎഫിന്റെ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്,

◾കേരളം കണ്ട ഏറ്റവും വലിയ ഫോട്ടോഫിനിഷിനൊടുവില്‍ അസാനത്തെ റൗണ്ടിലാണ് ആറ്റിങ്ങലില്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശ് എല്‍ഡിഎഫിന്റെ വി ജോയിയെ 684 വോട്ടുകള്‍ക്ക് പിന്നിലാക്കിയത്. മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി വി.മുരളീധരന്റെ മികച്ച പ്രകടനമാണ് കാര്യങ്ങള്‍ ഫോട്ടോ ഫിനിഷിലേക്കെത്തിച്ചത്.

◾ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൊല്ലത്തെ യുഡിഎഫിന്റെ എന്‍.കെ.പ്രേമചന്ദ്രന്‍ എല്‍ഡിഎഫിന്റെ എം.മുകേഷിനെ മലര്‍ത്തിയടിച്ചത്. എന്‍ഡിഎയുടെ കൃഷ്ണകുമാര്‍ ഒന്നരലക്ഷത്തിലധികം വോട്ടുകള്‍ നേടി മൂന്നാമതെത്തി.

◾പത്തനംതിട്ടയില്‍ യുഡിഎഫിന്റെ ആന്റോ ആന്റണി എല്‍ഡിഎഫിന്റെ ടി.എം.തോമസ് ഐസകിനെ തോല്‍പിച്ചത് 66,119 വോട്ടുകള്‍ക്കാണ്. 2,34,406 വോട്ട് പിടിച്ച എന്‍ഡിഎയുടെ അനില്‍ ആന്റണി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

◾മാവേലിക്കരയിലെ വാശിയേറിയ മത്സരത്തില്‍ ഒടുവില്‍ വിജയം യുഡിഎഫിന്റെ കൊടിക്കുന്നില്‍ സുരേഷിനൊപ്പം. 10,868 വോട്ടിനാണ് എല്‍ഡിഎഫിന്റെ സി.എ.അരുണ്‍കുമാറിനെ സുരേഷ് തോല്‍പിച്ചത്. എന്‍ഡിഎയുടെ ബൈജു കലാശാലക്ക് 1,42,984 വോട്ട് കിട്ടി.

◾ആലപ്പുഴ മണ്ഡലം എല്‍ഡിഎഫിലെ എ.എം.ആരിഫില്‍ നിന്ന് തിരിച്ചു പിടിച്ച് യുഡിഎഫ്. 63,513 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്റെ കെ.സി.വേണുഗോപാല്‍ ഈ മണ്ഡലം സ്വന്തമാക്കിയത്. എന്‍ഡിഎ യുടെ ശോഭ സുരേന്ദ്രന്‍ 2,99,648 വോട്ടു നേടി കനത്തവെല്ലുവിളിയാണ് ഉയര്‍ത്തിയത്.

◾കോട്ടയം മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ തോമസ് ചാഴിക്കാടനെ വീഴ്ത്തി യുഡിഎഫിന്റെ ഫ്രാന്‍സിസ് ജോര്‍ജ്. 87,266 വോട്ടിനാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയം. 1,65,046 വോട്ടു നേടിയ എന്‍ഡിഎ യുടെ തുഷാര്‍ വെള്ളാപ്പള്ളി മൂന്നാമതെത്തി.

◾ഇടുക്കിയില്‍ എല്‍ഡിഎഫിന്റെ ജോയ്‌സ് ജോര്‍ജിനെ 1,33,727 വോട്ടിനെ തോല്‍പിച്ച യുഡിഎഫിന്റെ ഡീന്‍ കുര്യാക്കോസിന് വമ്പന്‍ വിജയം. മൂന്നാമതെത്തിയ എന്‍ഡിഎ യുടെ സംഗീത വിശ്വനാഥന് 91,323 വോട്ടാണ് ലഭിച്ചത്.

◾എറണാകുളം മണ്ഡലത്തില്‍ 2,50,385 വോട്ടിന് എല്‍ഡിഎഫിന്റെ കെ.ജെ.ഷൈനെ തകര്‍ത്ത് യു.ഡി.എഫിന്റെ ഹൈബി ഈഡന്‍. 1,44,500 വോട്ടാണ് എന്‍ഡിഎയുടെ കെ.എസ്.രാധാകൃഷ്ണനെ ലഭിച്ചത്.

◾ചാലക്കുടി മണ്ഡലത്തില്‍ യുഡിഎഫിന്റെ ബെന്നി ബെഹനാന്‍ 63,754 വോട്ടിന് എല്‍ഡിഎഫിന്റെ സി.രവീന്ദ്രനാഥിനെ തോല്‍പിച്ചു. 1,06,245 വോട്ടു നേടി എന്‍ഡിഎ യുടെ കെ.എ.ഉണ്ണികൃഷ്ണന്‍ മൂന്നാമതെത്തി. ട്വന്റി20 യുടെ ചാര്‍ളി പോള്‍ 1,05,560 വോട്ടു നേടിയതാണ് ബെന്നി ബെഹനാന്റെ ലീഡ് കുറയാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍.

◾തൃശൂരെടുത്ത് സുരേഷ്‌ഗോപി. തൃശൂര്‍ മണ്ഡലത്തില്‍ 4,12,338 വോട്ടുകള്‍ നേടിയ എന്‍ഡിഎയുടെ സുരേഷ്‌ഗോപിക്ക് എല്‍ഡിഫിന്റെ വി.എസ്.സുനില്‍ കുമാറിനേക്കാള്‍ 74,686 വോട്ടിന്റെ ഭൂരിപക്ഷം. മൂന്നാം സ്ഥാനത്തെത്തിയ യുഡിഎഫിന്റെ കെ.മുരളീധരന് 3,28,124 വോട്ടാണ് ലഭിച്ചത്.

◾ആലത്തൂരിലെ കെ.രാധാകൃഷ്ണന്‍ കേരളത്തിലെ ഇടതുമുന്നണിയുടെ ഏകകനല്‍ത്തരി. യുഡിഎഫിന്റെ രമ്യാ ഹരിദാസിനെ 20,111 വോട്ടിനാണ് കെ.രാധാകൃഷ്ണന്‍ തോല്‍പിച്ചത്. 1,88,230 വോട്ടു നേടി എന്‍ഡിഎ യുടെ ടി.എന്‍.സരസു.

◾യുഡിഎഫിന്റെ വി.കെ.ശ്രീകണ്ഠന് പാലക്കാട്ട് ഉജ്വല വിജയം. എല്‍ഡിഎഫിന്റെ കരുത്തനായ സ്ഥാനാര്‍ത്ഥി എ.വിജയരാഘവനേയാണ് ശ്രീകണ്ഠന്‍ 75,283 വോട്ടിന് തോല്‍പിച്ചത്. 2,51,778 വോട്ടുകള്‍ നേടി എന്‍ഡിഎയുടെ സി.കൃഷ്ണകുമാര്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു.

◾പൊന്നാനിയില്‍ യുഡിഎഫിന്റെ എം.പി.അബ്ദുസമദ് സമദാനിക്ക് 2,35,090 വോട്ടിന്റെ ഭൂരിപക്ഷം. എല്‍ഡിഎഫിന്റെ കെ.എസ് ഹംസയെയാണ് സമദാനി തോല്‍പിച്ചത്. എന്‍ഡിഎ യുടെ നിവേദിതക്ക് 1,24,295 വോട്ടു ലഭിച്ചു.

◾3,00,118 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷമാണ് മലപ്പുറത്ത് യുഡിഎഫിന്റെ ഇ.ടി.മുഹമ്മദ് ബഷീഷിന് ലഭിച്ചത്. എല്‍ഡിഎഫിന്റെ വി.വസീഫ് രണ്ടാമതെത്തിയപ്പോള്‍ 85,361 വോട്ടു നേടിയ ഡോ.എം.അബ്ദുള്‍ സലാം മൂന്നാമതെത്തി.

◾കോഴിക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ എളമരം കരീമിനെ 1,46,176 വോട്ടിന് യുഡിഎഫിന്റെ എം.കെ.രാഘവന്‍ തോല്‍പിച്ചു. മൂന്നാമതെത്തിയ എന്‍ഡിഎ യുടെ എം.ടി.രമേശിന് 1,80,66 വോട്ടാണ് ലഭിച്ചത്.

◾കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി വയനാടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 3,64,422 വോട്ടിനാണ് എല്‍ഡിഎഫിന്റെ ആനിരാജയെ രാഹുല്‍ തോല്‍പിച്ചത്. ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന് 141045 വോട്ടാണ് ലഭിച്ചത്.

◾കേരളത്തിലെ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായ വടകരയില്‍ വിജയം ഷാഫി പറമ്പിലിനൊപ്പം. എല്‍ഡിഎഫിന്റെ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയായ കെ.കെ.ഷൈലജ ടീച്ചറെ ഷാഫി തോല്‍പിച്ചത് 1,14,940 വോട്ടിനാണ്. മൂന്നാമതെത്തിയ സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍ 1,11,919 വോട്ടു നേടി മൂന്നാമതെത്തി.

◾കെപിസിസി പ്രസിഡണ്ടും യുഡിഫ് സ്ഥാനാര്‍ത്ഥിയുമായ കെ.സുധാകരന് കണ്ണൂര്‍ മണ്ഡലത്തില്‍ തിളക്കമാര്‍ന്ന വിജയം. എല്‍ഡിഎഫിന്റെ എം.വി.ജയരാജനെ 1,08,411 വോട്ടിനാണ് സുധാകരന്‍ തോല്‍പിച്ചത്. എന്‍ഡിഎ യുടെ സി.രഖുനാഥ് 1,19,496 വോട്ടു നേടി മൂന്നാമതെത്തി.

◾കാസര്‍കോഡ് മണ്ഡലത്തില്‍ യുഡിഫിന്റെ രാജ് മോഹന്‍ ഉണ്ണിത്താന്‍ എല്‍ഡിഎഫിന്റെ എം.വി.ബാലകൃഷ്ണനെ 1,00,649 വോട്ടിന് തോല്‍പിച്ചു.എന്‍ഡിഎ യുടെ എം.എല്‍.അശ്വനി 2,19,558 വോട്ടു നേടി.

◾കേരളത്തിലെ ഇടത് മുന്നണിക്കുണ്ടായ തോല്‍വി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തോല്‍വി അംഗീകരിക്കുന്നു, പരിശോധിച്ച് പാര്‍ട്ടി മുന്നോട്ടേക്ക് പോകുമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഭരണവിരുദ്ധ വികാരം മാത്രമല്ല തോല്‍വിക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളാണ് എല്ലാത്തിന്റെയും അവസാനവാക്ക്. ഞങ്ങള്‍ അത് അംഗീകരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

◾തൃശൂരിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കെ മുരളീധരന്‍. ഇനിയൊരു തെരഞ്ഞെടുപ്പ് മത്സരത്തിന് ഇല്ലെന്നും കുരുതി കൊടുക്കാന്‍ താന്‍ നിന്നു കൊടുക്കാന്‍ പാടില്ലായിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫിന് വലിയ വിജയമുണ്ടായി. സംസ്ഥാനസര്‍ക്കാരിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. എന്നാല്‍ ഒരിക്കലും ഉണ്ടാകരുതെന്ന് ആഗ്രഹിച്ച അപ്രതീക്ഷിത വിജയം തൃശൂരില്‍ ബിജെപി നേടി എന്നും അദ്ദേഹം പറഞ്ഞു.

◾കെ മുരളീധരന് സംഭവിച്ചത് അപ്രതീക്ഷിത തോല്‍വിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജെപി- സിപിഎം ഗൂഢാലോചനയിലൂടെ അപകടകരമായ നീക്കമാണ് തൃശ്ശൂരിലെ തോല്‍വിക്ക് കാരണമെന്ന് വിഡി സതീശന്‍ പറഞ്ഞു. പൂരം കലക്കി കൊണ്ട് ബിജെപിക്ക് അനുകൂല സാഹചര്യം സിപിഎം ഒരുക്കിയെന്നും തോല്‍വി യുഡിഎഫ് പരിശോധിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

◾ബിജെപി കേരളത്തില്‍ ജയിക്കില്ലെന്ന പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കെ സുരേന്ദ്രന്‍. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി താമര ചിന്ഹത്തില്‍ ഒരു സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത് മാറ്റത്തിന്റെ തെളിവാണ്. ഈ വിജയം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ഗെയിം ചേഞ്ചര്‍ ആകുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

◾ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം അസാധാരണ വിധിയല്ലെന്ന് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും സമാന വിധിയുണ്ടായി. തുടര്‍ന്ന് വിശകലനം ചെയ്ത് കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ചു. ജനാധിപത്യത്തില്‍ ഇതെല്ലാം സാധാരണമാണ്. പരമാധികാരികള്‍ ജനങ്ങളാണെന്നും എം ബി രാജേഷ് പറഞ്ഞു.

◾തൃശ്ശൂരില്‍ മാത്രമല്ല കേരളത്തില്‍ പലയിടത്തും ബിജെപിയുടെ സാന്നിധ്യം ശക്തമായെന്ന് കെ.മുരളീധരന്‍. തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ്റിങ്ങലില്‍ വലിയ വ്യത്യാസമില്ലാതെ ബിജെപി എല്‍ഡിഎഫിന് അടുത്തെത്തിയെന്നും, പതിവില്ലാതെ രണ്ടു മുന്നണികള്‍ക്കൊപ്പം ബിജെപിയുടെ സാന്നിധ്യം ഉണ്ടായെന്നും ഇത് വളരെ ജാഗ്രതയോടെ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും മുരളീധരന്‍ വ്യക്തമാക്കി.

◾തൃശൂരിലെ കറ തീര്‍ന്ന മതേതര വോട്ടുകളാണ് തനിക്ക് കിട്ടിയതെന്നും ഒരു വര്‍ഗീയ പ്രചാരണവും താന്‍ നടത്തിയിട്ടില്ലെന്നും തൃശൂരില്‍ നിന്ന് മിന്നും വിജയം നേടിയ സുരേഷ്ഗോപി. ബിജെപിയെ ഇനി മാറ്റി നിര്‍ത്താനാവില്ലെന്നും ബിജെപിയുടെ സാന്നിധ്യം കേരളത്തില്‍ എല്ലാ തലത്തിലും വര്‍ധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

◾ഇന്ത്യാ മുന്നണിയുടെ പ്രകടനത്തില്‍ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, പികെ കുഞ്ഞാലിക്കുട്ടിയും. മുന്‍ധാരണകളെ തിരുത്തുന്ന ഫലങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നതെന്നും ഇന്ത്യന്‍ ജനത മാറിയിരുക്കുന്നു എന്നതിന്റെ തെളിവാണിതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പാണക്കാട് കുടുംബത്തിന് കീഴില്‍ മുസ്ലീം ലീഗ് ഭദ്രമെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പികെ കുഞ്ഞാലിക്കുടി പറഞ്ഞു. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഒറ്റപ്പെട്ട സംഭവമാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

◾ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തമിഴകം. താമര വിരിയിക്കാമെന്ന ബിജെപിയുടെ മോഹം മുളയിലേ നുള്ളി തമിഴകം. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനും കോയമ്പത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ അണ്ണാമലൈ കളത്തിലിറക്കിയിട്ടും തമിഴകത്ത് അക്കൗണ്ട് തുറക്കാന്‍ എന്‍ഡിഎക്കായില്ല. തമിഴ്നാട്ടിലെ 39 സീറ്റില്‍ 39 ഇടത്തും ഇന്ത്യ സഖ്യമാണ് വിജയം നേടിയത്.

◾വാരാണസിയിലെ നരേന്ദ്രമോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു. 2019ല്‍ 4,79,505 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മോദിയുടെ ഭൂരിപക്ഷം ഇത്തവണ 1,52,513 മാത്രമാണ്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ മോദി എതിരാളിയായ അജയ് റായ്യേക്കാള്‍ പിന്നിലായിരുന്നു. അതേ സമയം രാഹുല്‍ ഗാന്ധിക്ക് വയനാടിലും റായ്ബറേലിയിലും നാല് ലക്ഷത്തിനടുത്താണ് ഭൂരിപക്ഷം. വയനാട്ടില്‍ രാഹുല്‍ 3,64,422 ന്റെ ഭൂരിപക്ഷം നേടിയപ്പോള്‍ റായബറേലിയില്‍ 3,90,030 വോട്ടാണ് ഭൂരിപക്ഷം.

◾83 വയസിലും പ്രായം തളര്‍ത്താത്ത പോരാട്ട വീര്യത്തോടെ ശരദ്പവാര്‍ . പാര്‍ട്ടിയും ചിഹ്നവും നഷ്ടമായിടത്തുനിന്ന് മത്സരിച്ച 10 സീറ്റുകളില്‍ എട്ടിലും ജയിച്ചു കയറി ശരദ്പവാര്‍ സഖ്യം. അദ്ദേഹത്തിന്റെ അനന്തരവന്‍ അജിത് പവാര്‍ ഉള്‍പ്പെടെ ശത്രുപക്ഷത്ത് അണിനിരന്നപ്പോഴും വിജയിക്കുമെന്ന ശുഭപ്രതീക്ഷയോടെ അദ്ദേഹം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ മകള്‍ സുപ്രിയ സുലെ ബാരമതിയില്‍ വിജയിച്ചു. മഹാരാഷ്ട്രക്കാര്‍ ശരദ്പവാറിനോടുള്ള ഇഷ്ടം വോട്ടിലൂടെ പ്രകടിപ്പിക്കുക തന്നെ ചെയ്തു.

◾എക്സിറ്റ് പോളുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഫലങ്ങള്‍. എന്‍ഡിഎയെ തുണയ്ക്കുന്നതായിരുന്നു ഒട്ടുമിക്ക എക്സിറ്റ് പോളുകളും. ബിജെപിക്ക് നാനൂറ് സീറ്റുകളില്‍ കൂടുതല്‍ കിട്ടുമെന്ന് പ്രവചിച്ച എക്സിറ്റ് പോളുകളും ഉണ്ടായിരുന്നു. അതെല്ലാം അസ്ഥാനത്ത് ആക്കുന്നതാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം.

◾ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയാണ് ബിജെപിയുടെ നിശബ്ദ അന്തകനായത്. സമാജ്വാദി പാര്‍ട്ടിയുടെ അത്ഭുതകരമായ തിരിച്ചുവരവും രാഹുല്‍ ഗാന്ധിയുടെ കീഴില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും ബിജെപിയെ പിന്നിലേക്ക് തള്ളി. അയോധ്യാക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തില്‍ പോലും സമാജ്വാദി പാര്‍ട്ടിയുടെ വിജയക്കൊടി പാറി. യുപിയില്‍ എസ്പി 37 സീറ്റുകളാണ് നേടിയത്. ബിജെപി 33 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. കോണ്‍ഗ്രസ് ആറിടത്തും വിജയിച്ചു. യുപിയിലെ ബിജെപി സ്റ്റാര്‍ സ്ഥാനാര്‍ഥി സ്മൃതി ഇറാനി വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

◾കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ബിജെപിയില്‍ നിന്നും സ്മൃതി ഇറാനിയില്‍ നിന്നും അമേഠിയെ 164331 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിച്ചു .ബിജെപിയോ, സ്മൃതി ഇറാനിയോ കിഷോരി ലാലിനെ ഒരു ഒത്ത എതിരാളിയായി കണക്കാക്കിയിരുന്നില്ല. തന്റെ വിജയത്തിന് അദ്ദേഹം നന്ദി പറയുന്നത് ഗാന്ധി കുടുംബത്തിനും ഇന്ത്യാ സഖ്യത്തിനുമാണ്. പ്രത്യേകിച്ചും പ്രിയങ്കഗാന്ധിയ്ക്കാണ് വിജയത്തിനു ശേഷം കിഷോരി ലാല്‍ നന്ദി പറഞ്ഞത്.

◾ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍ ഉഗാണ്ടയെ 125 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഉഗാണ്ടക്ക് വെറും 58 റണ്‍സെടുക്കാനേ സാധിച്ചുള്ളു. മറ്റൊരു മത്സരത്തില്‍ നെതര്‍ലണ്ട്സ് നേപ്പാളിനെ 6 വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത നേപ്പാളെടുത്ത 106 റണ്‍സ് 4 വിക്കറ്റ് നഷ്ടത്തില്‍ 8 പന്ത് ബാക്കി നില്‍ക്കേ നെതര്‍ലണ്ട്സ് അടിച്ചെടുത്തു.

◾തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്‌സ് ഇ-കൊമേഴ്‌സ് ബ്രാന്‍ഡായ കാന്‍ഡിയറിന്റെ 15 ശതമാനം ഓഹരികള്‍ കൂടി ഏറ്റെടുക്കുന്നു. ഇതോടെ കല്യാണിന്റെ പൂര്‍ണ ഉപകമ്പനിയായി കാന്‍ഡിയര്‍ മാറി. കാന്‍ഡിയര്‍ സ്ഥാപകന്‍ രൂപേഷ് ജെയിനില്‍ നിന്നാണ് 42 കോടി രൂപയ്ക്ക് ഓഹരി സ്വന്തമാക്കുന്നത്. 57,320 ഓഹരികളാണ് പുതുതായി ഏറ്റെടുത്തത്. ഇ-കൊമേഴ്‌സ് മേഖലയിലേക്ക് കടക്കാനായി 2017ലാണ് കല്യാണ്‍ ജുവലേഴ്‌സ് ഓണ്‍ലൈന്‍ ജുവലറി ബ്രാന്‍ഡായ കാന്‍ഡിയറിന്റെ ഭൂരിഭാഗം ഓഹരികള്‍ സ്വന്തമാക്കിയത്. പിന്നീട് പല ഘട്ടങ്ങളിലായി ഓഹരി ഉയര്‍ത്തി 85 ശതമാനം ആക്കുകയായിരുന്നു. 280 കോടി രൂപ മൂല്യം കണക്കാക്കിയായിരുന്നു കാന്‍ഡിയറിന്റെ ഏറ്റെടുക്കല്‍. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കാന്‍ഡിയറിന്റെ വരുമാനം 130.3 കോടി രൂപയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷവുമായി നോക്കുമ്പോള്‍ ഇത് കുറവാണ്. കഴിഞ്ഞ വര്‍ഷം 11 ഷോറൂമുകള്‍ കാന്‍ഡിയറിനു കീഴില്‍ തുറന്നിരുന്നു. ഈ വര്‍ഷം 50 കാന്‍ഡിയര്‍ ഷോറൂമുകള്‍ തുറക്കാനാണ് കല്യാണ്‍ ജുവലേഴ്‌സ് ലക്ഷ്യമിടുന്നത്. കല്യാണ്‍ ജുവലേഴ്‌സ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 596 കോടിരൂപയാണ് ലാഭം രേഖപ്പെടുത്തിയത്. വിറ്റുവരവ് 18,548 കോടി രൂപയുമായി. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ നിക്ഷേപകര്‍ക്ക് 233 ശതമാനം നേട്ടം നല്‍കിയിട്ടുള്ള ഓഹരിയാണ് കല്യാണ്‍ ജുവലേഴ്‌സ്.

◾ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘ലെവല്‍ ക്രോസ്’ എന്ന സിനിമയുടെ ടീസര്‍ എത്തി. അര്‍ഫാസ് അയൂബ് ആണ് സംവിധാനം. ജീത്തു ജോസഫ് ആണ് സിനിമ അവതരിപ്പിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ആസിഫ് അലിയുടേതാി അവസാനം റിലീസ് ചെയ്ത ‘തലവന്‍’ തിയറ്ററുകളില്‍ മികച്ച വിജയം നേടികൊണ്ട് മുന്നേറുകയാണ്. ഇതിനിടയിലാണ് വേറിട്ടു നില്‍ക്കുന്ന വേഷവുമായി ആസിഫ് എത്തുന്നത്. ടുണീഷ്യയില്‍ ഷൂട്ട് ചെയ്ത ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പ്രത്യേകതയും ‘ലെവല്‍ ക്രോസി’നുണ്ട്. ബിഗ് ബജറ്റ് ചിത്രം ‘റാ’മിന്റെ നിര്‍മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി. പിള്ളയുടേതായി റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം. കഥയും തിരക്കഥയും അര്‍ഫാസിന്റേതാണ്. വരികള്‍ എഴുതിയത് വിനായക് ശശികുമാര്‍. ചായഗ്രഹണം അപ്പു പ്രഭാകര്‍. ജെല്ലിക്കെട്ട് ചുരുളി,നന്‍പകല്‍ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റര്‍. സംഭാഷണം ആദം അയൂബ്ബ്. ചിത്രം ജൂണ്‍ രണ്ടാം വാരം തിയറ്ററുകളിലെത്തും.

◾ഒരുപിടി മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് എസ്.യു അരുണ്‍ കുമാര്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അരുണ്‍ കുമാറിന്റെ ചിറ്റ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിറ്റയ്ക്ക് ശേഷം ചിയാന്‍ വിക്രമിനെ നായകനാക്കി അരുണ്‍ കുമാര്‍ ഒരുക്കുന്ന ചിത്രമാണ് ‘വീര ധീര സൂരന്‍ പാര്‍ട്ട് 2’. ഇത് ആദ്യമായാണ് വിക്രമും അരുണ്‍ കുമാറും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. മധുര, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മുപ്പത് ശതമാനം വരെ ചിത്രീകരണം പൂര്‍ത്തിയായെന്നാണ് അരുണ്‍ കുമാര്‍ അറിയിച്ചിരിക്കുന്നത്. ഡ്രാമയും ഇമോഷനുമൊക്കെ കൂടിച്ചേര്‍ന്ന ആക്ഷന്‍ ത്രില്ലറാണ് ചിത്രമെന്നാണ് സംവിധായകന്‍ ഒരഭിമുഖത്തില്‍ ചിത്രത്തേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ദുഷാര വിജയന്‍, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിവി പ്രകാശ് ആണ് സംഗീത സംവിധാനം ഒരുക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പച്ചക്കറി വില്‍പ്പനക്കാരനായ ഒരു സാധാരണക്കാരനായാണ് ചിത്രത്തില്‍ വിക്രമെത്തുന്നത്.

◾ഔഡിയുടെ പ്രീമിയം സെഡാന്‍ എ 4 സ്വന്തമാക്കി സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ്. കൊച്ചി ഔഡി വിതരണക്കാരില്‍ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. 2008 ല്‍ പത്തൊമ്പതാം വയസില്‍ സെക്കന്‍ഡ് ഹാന്‍ഡ് സാന്‍ട്രോ സിപ് ഡ്രൈവില്‍ തുടങ്ങിയ യാത്ര ഔഡി എ4 ല്‍ എത്തിനില്‍ക്കുന്നു എന്നാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ച് രഞ്ജിന്‍ പറഞ്ഞത്. കുടുംബവുമായി എത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോല്‍ രഞ്ജിന്‍ സ്വീകരിച്ചത്. ഔഡി എ4 ന്റെ പ്രീമിയം പ്ലസ് എന്ന മോഡലാണ് ഇത്. ഏകദേശം 63 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓണ്‍റോഡ് വില. രണ്ട് ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 202 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. മുമ്പ് ഉണ്ടായിരുന്ന ഔഡി എ3ക്ക് പകരമാണ് രഞ്ജിന്റെ പുതിയ വാഹനം. ഏറെ നാളത്തെ സ്വപ്നമായിരുന്നു ഔഡി കാര്‍ എന്നായിരുന്നു അന്ന് രഞ്ജിന്‍ പറഞ്ഞത്. ആദ്യത്തേയ് സെക്കന്‍ഡ് ഹാന്‍ഡ് ഔഡി എ3 ആയിരുന്നെങ്കില്‍ രണ്ടാമത്തേത് പുതിയ ഔഡി എ4 ആണ്.

◾മനുഷ്യബന്ധങ്ങളില്‍ മായാത്ത മുറിവുകള്‍ സൃഷ്ടിക്കുന്ന ചില തീവ്രമായ വികാരങ്ങളും ധാരണകളും ജീവിതത്തിന്റെ നേരിയ സ്പന്ദനങ്ങളെപ്പോലും വിഷലിപ്തമാക്കും. രക്തബന്ധങ്ങളെ ഉലയ്ക്കും. ചിന്തകളില്‍ കാര്‍മേഘത്തിന്റെ കറുത്ത മൂടല്‍മഞ്ഞു പുതയ്ക്കും. മനസ്സില്‍ തറച്ചു പോകുന്ന മുറിവുകളില്‍നിന്നും രക്തം വാര്‍ന്ന ചില ജീവിതങ്ങള്‍ അവ പളുങ്കുപാത്രംപോലെ ഉടഞ്ഞുവീഴുന്നു. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍നിന്നും ഉയര്‍ക്കൊണ്ട അച്ഛന്റെയും മകന്റെയും കഥ. ‘പിതൃപതി’. അഡ്വ. സുരേഷ് ചിറക്കര. ഗ്രീന്‍ ബുക്സ്. വില 255 രൂപ.

◾ഷുഗര്‍-ഫ്രീ എന്ന ലേബലില്‍ പാക്ക് ചെയ്തു വരുന്ന ഭക്ഷണങ്ങളിലും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പുമായി ഐസിഎംആര്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ കര്‍ശന നിബന്ധനകള്‍ മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും ലേബല്‍ കണ്ട് ആരോഗ്യകരമാണെന്ന് കരുതി വാങ്ങുന്ന പല പാക്കറ്റ് ഭക്ഷണങ്ങളും അനാരോഗ്യകരമാണെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഷുഗര്‍-ഫ്രീ, നോ-കൊളസ്റ്റോള്‍ ടാഗുകളോടെ നിരവധി പാക്കറ്റ് ഭക്ഷണങ്ങളാണ് ദിവസം തോറും വിപണിയില്‍ ഇറങ്ങുന്നത്. എന്നാല്‍ ഇവയില്‍ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവ് കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങളിലെ ലേബലില്‍ ഉയര്‍ന്ന കലോറിയും ഗ്ലൈസെമിക് സുചികയും സൂചിപ്പിക്കണമെന്നും ഐസിഎംആര്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. വെറും 10 ശതമാനം പഴച്ചാര്‍ മാത്രമാണ് യഥാര്‍ഥ ഫ്രഷ് ജ്യൂസ് എന്ന് പറഞ്ഞ് വിപണിയില്‍ ഇറക്കുന്ന പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്നത്. കൂടാതെ നോ-കൊളസ്‌ട്രോള്‍ അഥവ ഹൃദയാരോഗ്യത്തിന് മികച്ചതെന്ന് പറയുന്ന ലേബലുകളില്‍ പുറത്തിറങ്ങുന്ന ഭക്ഷണങ്ങളില്‍ 100 ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ടാവമെന്നും മാര്‍ഗനിര്‍ദേശത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭക്ഷണത്തിന്റെ പേര്, ബ്രാന്‍ഡിന്റെ പേര്, ചേരുവകളുടെ പട്ടിക, കാലാവധി, അലര്‍ജന്‍ ഡിക്ലറേഷന്‍ എന്നിവ ഒരു ലേബലില്‍ ഉണ്ടാവമെന്നും ഐസിഎംആര്‍ മാര്‍ഗനിര്‍ദേശത്തില്‍ വിശദീകരിച്ചു.

ശുഭദിനം
കവിത കണ്ണന്‍
ആ ഉറുമ്പുകള്‍ സുഹൃത്തുക്കള്‍ ആയിരുന്നു. ഒരാള്‍ പഞ്ചസാരച്ചാക്കിലും മറ്റെയാള്‍ ഉപ്പുചാക്കിലുമായിരുന്നു താമസം. ഉപ്പുചാക്കിലെ ഉറുമ്പ് ശോഷിച്ചിരിക്കുന്നതു കണ്ട് പഞ്ചസാരച്ചാക്കിലെ ഉറുമ്പിനു വിഷമമായി. ശരീരം നന്നാക്കാന്‍ അവന്‍ സുഹൃത്തിനെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി. അവിടെ ആഴ്ചകളോളം താമസിച്ചിട്ടും കൂട്ടുകാരനു മാറ്റമൊന്നുമില്ലാത്തതിനാല്‍ അവര്‍ തങ്ങളുടെ വൈദ്യന്റെ അടുത്തെത്തി. ആദ്യ പരിശോധനയില്‍ പ്രത്യേകിച്ച് ഒന്നും തന്നെ കണ്ടെത്താനായില്ല. അവസാനം വായ് തുറന്നുനോക്കിയപ്പോള്‍ വൈദ്യന്‍ അദ്ഭുതപ്പെട്ടു. കൂട്ടുകാരന്റെ വായില്‍ ഒരു ഉപ്പുകല്ല്! ശീലങ്ങളുടെ അടിമകളാണ് പലരും. ഒഴിവാക്കാനാകാത്ത ദിനചര്യകളും ഉപേക്ഷിക്കാനറിയാത്ത ബലഹീനതകളുമാണ് ഒരാളുടെ ജീവിതനിലവാരം തീരുമാനിക്കുന്നത്.
തുടരേണ്ട കാര്യങ്ങള്‍ നിര്‍ബാധം തുടരാനും അവസാനിപ്പിക്കേണ്ടവ ആശങ്കകളില്ലാതെ അവസാനിപ്പിക്കാനും കഴിയുമ്പോഴാണു ജീവിതത്തിന്റെ കടിഞ്ഞാണ്‍ നമ്മുടെ കൈകളിലാകുന്നത്. നമുക്കും മാറാന്‍ ശ്രമിക്കാം..കാലഘട്ടത്തിന്റെ അഭിരുചികള്‍ക്കനുസരിച്ചു മാത്രമല്ല, സ്വന്തം വളര്‍ച്ചയ്ക്ക് അനുഗതമായും. ശുഭദിനം.