ചെറിയ മുഖവിലയുള്ള മുദ്രപ്പത്രങ്ങൾ കിട്ടാനില്ല. 100 രൂപ മുഖവിലയുള്ള മുദ്ര പത്രങ്ങൾ ട്രഷറികളിൽ സ്റ്റോക്ക് ഇല്ലാത്തതിനാൽ വെണ്ടർമാരുടെ കയ്യിലും ലഭ്യമല്ലാതായിട്ട് മാസങ്ങളാകുന്നു. നെന്മാറയിൽ സ്റ്റാമ്പ് വെണ്ടർ ഇല്ലാതായിട്ട് വർഷങ്ങളായതിനാൽ പലരും മുദ്രപത്രങ്ങൾക്കായി കൊല്ലങ്കോട്, ആലത്തൂർ, വടക്കഞ്ചേരി തുടങ്ങിയ ദൂരദിക്കുകളിൽ പോയാണ് മുദ്രപത്രങ്ങൾ വാങ്ങിയിരുന്നത്. അവിടെയെത്തുമ്പോഴാണ് 200 രൂപയുടെ മുദ്ര പത്രത്തിന് പകരം500, 1000 രൂപയുടെ മുദ്രപത്രങ്ങൾ മാത്രമേ ലഭ്യമുള്ളൂവെന്ന് അറിയുകയും ആവശ്യത്തിന് പൈസ തികയാതെയും ഉയർന്ന സംഖ്യ മുടക്കേണ്ടതിനാലും പലരും ഉദ്ദേശം നടക്കാതെ മടങ്ങിവരുകയാണ് ചെയ്യുന്നത്. ജൂൺ 15 ഓടെ സംസ്ഥാനത്ത് ഈ സ്റ്റാമ്പിങ് മുഖേന എല്ലാ വിലയിലുള്ള മുദ്രപത്രങ്ങളും ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് ട്രഷറി അധികൃതർ പറയുന്നുത്. ഇ – സ്റ്റാമ്പിംഗ് മുദ്ര പേപ്പറുകൾ ട്രഷറിയിൽ ഓൺലൈൻ മുഖേന തുകയടച്ച് ലഭിക്കുന്ന പാസ്സ്‌വേർഡ് പ്രകാരം 100 ജി എസ് എം പേപ്പറിൽ പ്രിന്റ് ചെയ്തു നൽകാനുള്ള പരിശീലനവും മറ്റും നിലവിലുള്ള സ്റ്റാമ്പ് വെണ്ടർമാർക്ക് നൽകിയിട്ടുണ്ടെങ്കിലും നെന്മാറയിൽ വെണ്ടർ ഇല്ലാത്തതിനാൽ പ്രദേശവാസികളുടെ പ്രശ്നത്തിന് പരിഹാരമാകുന്നില്ല. കരാറുകൾ എഴുതുന്നതിനും ബാങ്കുകളിൽ വായ്പയ്ക്കും മറ്റും 200 രൂപയുടെ മുദ്രപത്രം ആവശ്യമാണ് 100 രൂപയുടെ രണ്ടു മുദ്രപത്രമാണ് ഇതിനായി സാധാരണ വാങ്ങാറുള്ളത്.100 രൂപയുടെ മുദ്രപ്പത്രങ്ങൾ ലഭ്യമല്ലാത്തതിനാൽ 500, 1000 രൂപയുടെ മുദ്രപത്രങ്ങൾ വാങ്ങേണ്ടി വരുന്നു. പാട്ടത്തിന് നെൽകൃഷിയും, കുളങ്ങളിൽ മത്സ്യകൃഷിയും നടത്തുന്നവർക്ക് കൃഷിഭവൻ, ഫിഷറീസ് ഡിപ്പാർട്ട്മെന്റ് എന്നിവയിൽ നിന്ന് ലഭിക്കേണ്ട വിവിധ സബ്സിഡികൾക്കും മറ്റുമായി മുദ്രപത്രത്തിൽ കരാർ നൽകേണ്ടതുണ്ട്. കൂടാതെ ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയവയുടെ കരാർ പണിക്കാർക്കും പ്രവർത്തികൾ തുടങ്ങണമെങ്കിൽ 200 രൂപയുടെ മുദ്രപ്പത്രത്തിൽ എഗ്രിമെന്റ് നൽകേണ്ടതുണ്ട്. പ്ലസ് ടു റിസൾട്ട് വന്നതോടെ ഉന്നതവിദ്യാഭ്യാസത്തിന് ബാങ്ക് ലോണുകൾക്കും മറ്റുമായി ചെറിയ മുഖവിലയുള്ള മുദ്രപ്പത്രങ്ങൾ ലഭ്യമല്ലാതായതോടെ ഉയർന്ന മൂല്യമുള്ളവ വാങ്ങി ഉപയോഗിക്കേണ്ട സ്ഥിതിയായി.
കുറച്ചുകാലമായി കൂടുതൽ ആവശ്യക്കാർ ഇല്ലാത്ത 5,10 രൂപ മുഖവിലകളുള്ള പഴയ മുദ്രപ്പത്രങ്ങളെ പ്രത്യേക സീൽ പതിച്ച് സ്റ്റാമ്പ് ഡിപ്പോ ഓഫീസർമാർ പുനർ മൂല്യം നടത്തിയാണ് കുറച്ചു മാസമായി വിതരണം ചെയ്തിരുന്നത്. പഴയ മൂല്യം കുറഞ്ഞ മുദ്ര പത്രങ്ങളുടെ സ്റ്റോക്ക് കുറഞ്ഞതാണ് മൂല്യം കുറഞ്ഞ മുദ്ര പത്രങ്ങളുടെ ക്ഷാമത്തിന് കാരണം.
ഇ – സ്റ്റാമ്പിംഗ് സംവിധാനത്തിന് സംസ്ഥാനം തയ്യാറെടുത്തതോടെ സെൻട്രൽ സെക്യൂരിറ്റി പ്രസ്സിലേക്ക് സംസ്ഥാനത്തുനിന്ന് മുദ്ര പേപ്പറുകളുടെ ഇന്റന്റ് നൽകുന്നതും നിർത്തിയിരിക്കുകയാണ്
തിരുവനന്തപുരത്തുള്ള സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ ചെറിയ മൂല്യമുള്ള മുദ്രപ്പത്രങ്ങൾ സ്റ്റോക്ക് ഇല്ലാത്തതാണ് മുദ്ര പത്രങ്ങളുടെ ക്ഷാമത്തിന് കാരണമായിരിക്കുന്നത്. തിരുവനന്തപുരത്തുള്ള സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ നിന്നുമാണ് ഓരോ ജില്ലകളിലേക്കുമുള്ള സ്റ്റാമ്പ് ഡിപ്പോകളിലേക്കായി വിതരണം ചെയ്യാറുള്ളത്.