2024 | മെയ് 17 | വെള്ളി | 1199 | ഇടവം 3 | പൂരം | 1445 ദുൽഖഅദ് 08.
➖➖➖➖➖➖➖➖
◾ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്. ജര്‍മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ ഇങ്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നേരത്തെ വിദേശത്ത് കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു.
◾ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത് ഷാ യുടെ വിമര്‍ശനത്തിനുള്ള മറുപടിയാണ് കോടതി നല്‍കിയത്. ജൂണ്‍ ഒന്ന് വരെയാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
◾ നാല് വയസുകാരിയ്ക്ക് ആറാം വിരല്‍ നീക്കം ചെയ്യുന്നതിന് പകരം നാവിന് ശസ്ത്രക്രിയ ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നടന്ന സംഭവത്തെപ്പറ്റി അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
◾ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍. ആറാം വിരല്‍ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഈ ശസ്ത്രക്രിയക്ക് ശേഷം ആറാം വിരലിന്റെ ശസ്ത്രക്രിയ അപ്പോള്‍ തന്നെ ചെയ്യണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനാല്‍ അതും ചെയ്യുകയായിരുന്നു അസോസിയേഷന്‍ അറിയിച്ചു.
◾ പിഞ്ചുകുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളമെന്ന് ചോദിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. എല്ലാ വകുപ്പുകളിലുമെന്ന പോലെ ആരോഗ്യവകുപ്പിലും ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണെന്നും കാലങ്ങള്‍ കൊണ്ട് കേരളം ആരോഗ്യ മേഖലകളില്‍ ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങള്‍ നിരന്തരം ഇല്ലാതാക്കുകയെന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.
◾ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നാലുവര്‍ഷ ബിരുദ പരിപാടിയെന്ന് മന്ത്രി ഡോ.ആര്‍. ബിന്ദു. കലാലയങ്ങളില്‍ നൈപുണ്യ വികസന സെന്ററുകള്‍ ആരംഭിക്കുമെന്നും സംവാദാത്മകമായ ക്ലാസ് മുറികള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. താല്‍പര്യമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കും. നാലുവര്‍ഷ ബിരുദം സംബന്ധിച്ച് അവബോധം നല്‍കാനായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
◾ കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വിവിധയിടങ്ങളില്‍ വ്യാപക വെള്ളക്കെട്ട്. ഇന്നലെ ഉച്ചതിരിഞ്ഞ് 3 മണിക്ക് ശേഷം ആരംഭിച്ച കനത്ത മഴയില്‍ തലസ്ഥാനത്തെ പ്രധാനയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. 9 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ അതിശക്തമായ മഴ തുടരുകയാണ്.
◾ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഇന്ന് മുതല്‍ പുന:സ്ഥാപിച്ചു. രാവിലെ 8 മണി മുതല്‍ 12 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയുമായിരിക്കും റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുക.
◾ ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വനിതാ കമ്മിഷന്‍. അതിജീവിത മരിച്ചത് കഴുത്തു ഞെരിഞ്ഞ് ശ്വാസം മുട്ടിയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു.
◾ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം. ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അടിയന്തിര നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി.
◾ കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പില്‍ മറ്റു മൂന്നു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു . മുഖ്യപ്രതി കെ. രതീശന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണ് പിടിയിലായത്. സൊസൈറ്റി സെക്രട്ടറി രതീശന്‍ ഈ സംഘാംഗങ്ങള്‍ക്ക് തുക കൈമാറിയ ബാങ്ക് ഇടപാടുകള്‍ പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
◾ സംസ്ഥാനത്തു കനത്ത വരള്‍ച്ചയില്‍ 257 കോടി രൂപയുടെ കൃഷി നാശമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഇടുക്കിയില്‍ വന്‍തോതില്‍ കൃഷി നാശമുണ്ടായ പ്രദേശങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി. കൃഷി മന്ത്രി പി പ്രസാദിനൊപ്പം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
◾ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന. ‘ഓപ്പറേഷന്‍ അപ്പറ്റൈറ്റ്’ എന്ന പേരില്‍ രാവിലെ 11 മണി മുതലാണ് പരിശോധന നടന്നത്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നടക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനാണ് പരിശോധന നടന്നത്.
◾ അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടോയെന്ന സംശയത്തില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 4 കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. അതേസമയം മുന്നിയൂര്‍ സ്വദേശിയായ 5 വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഇതേ ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് വയസുകാരിക്ക് മലപ്പുറം കടലുണ്ടി പുഴയില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം.
◾ റോഡില്‍ വാട്ടര്‍ അതോറിറ്റി പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് പാലക്കാട് വടക്കന്തര സ്വദേശി സുധാകരന് ദാരുണാന്ത്യം . പാലക്കാട് പറക്കുന്നത്ത് ഇന്നലെ രാത്രിയാണ് സംഭവം. സ ്കൂട്ടര്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
◾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുകളുടെ കയറ്റിയിറക്കലിനായി നാല് ക്രെയിനുകള്‍ കൂടി തുറമുഖത്ത് എത്തിച്ചു. ഇനി കൊളംബോയില്‍നിന്ന് ഈ മാസം ഒരു യാര്‍ഡ് ക്രെയിന്‍കൂടി എത്തിക്കുന്നതോടെ 32 ക്രെയിനുകളുമാകുമെന്ന് തുറമുഖ കമ്പനി അധികൃതര്‍ പറഞ്ഞു.
◾ പെരുമ്പാവൂര്‍ വേങ്ങൂരിലെ മഞ്ഞപ്പിത്തബാധയില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. ആരോഗ്യവിഭാഗത്തിന്റെ പരിശോധനയില്‍ ജല അതോറിറ്റിയുടെ വീഴ്ചയാണ് വ്യാപക മഞ്ഞപ്പിത്തബാധയ്ക്ക് കാരണമെന്ന് കണ്ടെത്തി. എന്നാല്‍ യാതൊരുവിധ നടപടികളും സ്വീകരിച്ചിരുന്നില്ല. വേങ്ങൂര്‍ പഞ്ചായത്തില്‍ 200ല്‍ അദധികം പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ ആര്‍.ഡി.ഒയ്ക്ക് നിര്‍ദേശം നല്‍കി.
◾ ഗുണ്ടകള്‍ക്കും, സാമൂഹികവിരുദ്ധര്‍ക്കും, ലഹരിമാഫിയയ്ക്കുമെതിരെ സംസ്ഥാനത്ത് പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 243 പേര്‍ അറസ്റ്റിലായി. വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും, വാറണ്ട് കേസിലെ പ്രതികളുമാണ് അറസ്റ്റില്‍ ആയത്. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദ്ദേശം നല്‍കി.
◾ ആലപ്പുഴ നീര്‍ക്കുന്നം എസ് എന്‍ കവല ജംഗ്ഷന് കിഴക്ക് ഗുരുകുലം ജംഗ്ഷന് സമീപം ഒന്‍പത് വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. സമീപത്തെ വീട്ടില്‍ ട്യൂഷന് പോകാനായി ഇറങ്ങിയപ്പോള്‍ വാനിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. ആളുകള്‍ വരുന്നതു കണ്ട് സംഘം വാനില്‍ രക്ഷപെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയിരുന്നു സംഭവം.
◾ വെള്ളം സംഭരിക്കുന്ന വലിയ ടാങ്കില്‍ കുളിക്കാന്‍ പോയ കര്‍ണാടക ഹാസനിലെ നാല് കുട്ടികള്‍ മുങ്ങി മരിച്ചു. ആളൂര്‍ താലൂക്കിലെ മുത്തിഗെ ഗ്രാമത്തിലാണ് അപകടം. ആളൂര്‍ സ്വദേശികളായ ജീവന്‍ (13), പ്രിത്ഥ്വി(12), വിശ്വ(12), സാത്വിക്(11) എന്നീ കുട്ടികള്‍ ആണ് മരിച്ചത്. ഒരു കുട്ടി മുങ്ങിപ്പോയതോടെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റ് കുട്ടികളും അപകടത്തില്‍ പെടുകയായിരുന്നു.
◾ ലോക്‌സഭ തിരഞ്ഞെടുപ്പ് മഹാഭാരതയുദ്ധത്തിന് സമാനമാണെന്നും യുദ്ധത്തില്‍ എന്‍.ഡി.എ. സഖ്യം പാണ്ഡവപ്പടയാണെന്നും ഇന്ത്യസഖ്യം കൗരവപ്പടയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതേസമയം ബിഹാര്‍ സീതാമാതാവിന്റെ ഭൂമിയാണെന്നും ഇവിടെ പശുക്കടത്തോ ഗോവധമോ ഞങ്ങള്‍ അനുവദിക്കുകയില്ലെന്നും ഇത് നരേന്ദ്ര മോദിയുടെ ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു. അല്‍പം ചൂട് കൂടിയാല്‍ ബാങ്കോക്കിലും തായ്‌ലന്‍ഡിലും അവധിയാഘോഷിക്കാന്‍ പോകുന്ന രാഹുലിന് ബിഹാറിനെ വികസനത്തിലേക്ക് നയിക്കാനാകില്ലെന്നും ബിഹാറിലെ മധുബനിയില്‍ പൊതുജനറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അമിത് ഷാ പറഞ്ഞു. ‘
◾ ജാമ്യം ലഭിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തിയ പ്രസ്താവന ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്രിവാളിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇ ഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ആംആദ്മി പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്താല്‍ തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളോട് കെജ്രിവാള്‍ പറഞ്ഞത്.
◾ പശ്ചിമബംഗാളിലെ മാള്‍ഡയില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളടക്കം 11 പേര്‍ മരിച്ചു. രണ്ട് പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
◾ ഡല്‍ഹി പണ്ഡിറ്റ് പന്ത് മാര്‍ഗിലെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ തീപിടുത്തം. ഫയര്‍ ഫോഴ്സെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തമാണൊഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു.
◾ 16 പേര്‍ മരിക്കാനിടയായ മുംബൈ പരസ്യ ബോര്‍ഡ് ദുരന്തത്തില്‍, പരസ്യ ബോര്‍ഡ് സ്ഥാപിച്ച കമ്പനിയുടെ ഡയറക്ടര്‍ ഭാവേഷ് ഭിന്‍ഡേ അറസ്റ്റില്‍. മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം രാജസ്ഥാനിലെ ഉദയ്പൂരില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
◾’ 40 അടിയില്‍ കൂടുതല്‍ വലുപ്പത്തില്‍ ഉള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ മുംബൈയില്‍ ബിഎംസി നിര്‍ദേശം നല്‍കി . ഘാട്കോപ്പറില്‍ കഴിഞ്ഞ ദിവസമാണ് പെട്രോള്‍ പമ്പിന് മുകളിലേക്ക് 120 അടിയിലധികം വലുപ്പത്തിലുളള ബോര്‍ഡ് വീണ് 16 പേര്‍ കൊല്ലപ്പെട്ടത്. മുംബൈയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ പൊടിക്കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. ഇതിനെ തുടര്‍ന്നാണ് നടപടി .
◾ കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ സ്വാതി മലിവാള്‍ പൊലീസില്‍ പരാതി നല്‍കി . കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തിയ സമയത്ത് അതിക്രമം നേരിട്ടുവെന്ന് കാട്ടിയാണ് സ്വാതിയുടെ പരാതി.വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുത് എന്നാണ് സ്വാതി ആവശ്യപ്പെടുന്നത്. അതേസമയം സ്വാതി മലിവാളിന്റെ പരാതി ലഭിച്ച പൊലീസ് ബൈഭവ് കുമാറിനെതിരെ കേസെടുത്തു.
◾ ഇന്ത്യ സഖ്യത്തിനുള്ള പിന്തുണ ആവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. തന്റെ പാര്‍ട്ടി ഇപ്പോഴും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന് ഹാല്‍ദിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അവര്‍ വ്യക്തമാക്കി. എന്നാ ഈ യു-ടേണ്‍ വിശ്വസിക്കരുതെന്നാണ് കോണ്‍ഗ്രസിന്റെ ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടെ അഭിപ്രായം.
◾ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്റ് പങ്കിട്ടു. ഇതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 15 പോയന്റുമായി പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും നേരത്തെ പ്ലേ ഓഫിലെത്തിയിരുന്നു.
◾ ടി 20 ലോക കപ്പില്‍ രണ്ടു ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് കര്‍ണാടകയിലെ സഹകരണ ഡയറി ബ്രാന്‍ഡ് ആയ നന്ദിനി. സ്‌കോട്‌ലാന്‍ഡ്, അയര്‍ലാന്‍ഡ് ടീമുകളുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആണ് നന്ദിനി. നന്ദിനിയെ ആഗോള ബ്രാന്‍ഡ് ആക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മലേഷ്യ, വിയറ്റ്‌നാം, സിംഗപ്പൂര്‍, യുഎസ്എ, യുഎഇ എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ നന്ദിനിക്കു സാന്നിധ്യമുണ്ട്. ലോക നിലവാരത്തിലുള്ള ഡയറി ഉത്പന്നങ്ങള്‍ ആഗോളതലത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. നന്ദിനി ബ്രാന്‍ഡ് പേര് പതിച്ച ജഴ്‌സിയുമായി സ്‌കോട്ട്‌ലാന്‍ഡ് ടീം നായകന്‍ റിച്ചി ബെറിങ്ടണ്‍ നില്‍ക്കുന്ന ചിത്രവും സിദ്ധരാമയ്യ പങ്കുവച്ചിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമാണ് നന്ദിനിയുടെ ഉത്പാദകരായ കെഎംഎഫ്. ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെയും അമേരിക്കയെയും സ്‌പോണസര്‍ ചെയ്യുമെന്ന് നേരത്തേ തന്നെ പ്രമുഖ പാല്‍ ഉത്പാദന ബ്രാന്‍ഡായ അമൂല്‍ പ്രഖ്യാപിച്ചിരുന്നു. ഇരുടീമുകളുടേയും ക്രിക്കറ്റ് ബോര്‍ഡുകളാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ ഒന്നിനാണ് ടി20 ലോകകപ്പിന് തുടക്കമാവുക. ഇതാദ്യമായാണ് അമേരിക്ക ലോകകപ്പ് ക്രിക്കറ്റ് കളിക്കുന്നത്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ഇത്തവണത്തെ ട്വന്റി 20 ലോകകപ്പ്. ജൂണ്‍ ഒന്നിന് അമേരിക്കയും കാനഡയും തമ്മിലാണ് ലോകകപ്പ് ഉദ്ഘാടന മത്സരം.
◾ ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാന്‍സ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും നിര്‍മ്മാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രം ‘ആദ്രിക’യുടെ ട്രെയിലര്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യുന്നു. സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ഒ പി നയ്യാരുടെ ചെറുമകള്‍ നിഹാരിക റൈസാദയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമാവുന്നത്. ഐ.ബി 71, സൂര്യവന്‍ശി, വാറിയര്‍ സാവിത്രി, ടോട്ടല്‍ ധമാല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. അവരോടൊപ്പം ഡോണോവന്‍ ടി വോഡ്ഹൗസും അജുമല്‍ ആസാദും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാര്‍ഗരറ്റ് എസ് എ, ദി ഗാരേജ് ഹൗസ്, യുണീക് ഫിലിംസ് ധയുഎസ്പ, റെയ്സാദ എന്റര്‍ടൈന്‍മെന്റ് എന്നീ ബാനറുകള്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന് സാര്‍ത്ഥക് കല്യാണിയാണ് സംഗീതം ഒരുക്കുന്നത്.
◾ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘കാലന്റെ തങ്കക്കുടം’. ചിതസംയോജകനായ നിധീഷ് കെ ടി ആര്‍ ആണ് ഈ ചിത്രം തിരക്കഥയും ചിത്രസംയോജനവും നിര്‍വ്വഹിച്ച് സംവിധാനം ചെയ്യുന്നത്. പൂര്‍ണ്ണമായും കോമഡി എന്റര്‍ടൈനറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, സൈജുക്കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, ഇന്ദ്രന്‍സ്, ജോണി ആന്റണി, ഗ്രിഗറി, രമേശ് പിഷാരടി, ജൂഡ് ആന്റണി ജോസഫ്, ഷാജു ശ്രീധര്‍, അസീസ് നെടുമങ്ങാട് എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. ഗാനങ്ങള്‍ മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍, സംഗീതം രാഹുല്‍ രാജ്.
◾ ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്, ക്ലാസിക് 650 എന്ന മറ്റൊരു മോഡലിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഈ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650, ക്ലാസിക് 350-ന്റെ കാലാതീതമായ രൂപകല്‍പ്പനയെ 648 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിന്‍ ശക്തിയോടെ സമന്വയിപ്പിക്കും. കമ്പനി അടുത്തിടെ ‘ക്ലാസിക് 650 ട്വിന്‍’ എന്ന പേര് ട്രേഡ്മാര്‍ക്ക് ചെയ്യാന്‍ അപേക്ഷിച്ചിരുന്നു. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 ട്വിനെ അതിന്റെ ചെറിയ എതിരാളിയായ ക്ലാസിക് 350-ല്‍ നിന്ന് വേറിട്ട് നിര്‍ത്താന്‍, റോയല്‍ എന്‍ഫീല്‍ഡ് അതിന്റെ പേരിനൊപ്പം ‘ട്വിന്‍’ എന്ന് ചേര്‍ക്കാന്‍ പദ്ധതിയിടുന്നു. കാഴ്ചയില്‍, ക്ലാസിക് 650 ട്വിന്‍ ക്ലാസിക് 350 ല്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കില്ല. അതേസമയം പുതിയ ബുള്ളറ്റിന്റെ ഇടതുവശത്ത് ഒരു അധിക പീഷൂട്ടര്‍ പൈപ്പ് ലഭിക്കും. എഞ്ചിന്‍ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍, റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് 650 സിസി മോഡലുകളില്‍ ഡ്യൂട്ടി ചെയ്യുന്ന അതേ ശക്തമായ 648 സിസി ആയിരിക്കും ഇത് സജ്ജീകരിച്ചിരിക്കുന്നത്. ഈ 648 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിന്‍ 47 ബിഎച്ച്പി കരുത്തും 52 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
◾ രാഷ്ട്രീയചിന്തയിലും സാഹിത്യവായനയിലും സാര്‍വദേശീയമായ പരിപ്രേക്ഷ്യം സൃഷ്ടിക്കുമ്പോഴും ഇന്ത്യയിലെ സാമൂഹിക പരിഷ്‌കരണത്തെയും രാഷ്ട്രീയപരിഷ്‌കരണത്തെയും മുഖാമുഖം നിര്‍ത്തി ദേശീയവാദ പ്രസ്ഥാനങ്ങളിലുണ്ടായ ആശയസംവാദങ്ങളെയാണ് തൊണ്ണൂറുകളുടെ പകുതിയോടെ കെ.കെ. കൊച്ച് തന്റെ അന്വേഷണങ്ങളുടെ അടിത്തറയായി സ്വീകരിച്ചതെന്ന് കാണാം. ഇതില്‍ അംബേദ്കര്‍ നിര്‍മ്മിച്ച ആശയ സംവാദങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണെന്നും ജാതിവ്യവസ്ഥയെന്ന സ്ഥാപനവല്‍ക്കരിക്കപ്പെട്ട സാമൂഹികാവസ്ഥയെ വിശകലനം ചെയ്ത് രാഷ്ട്രീയമായ ചോദ്യങ്ങള്‍ ഉന്നയിക്കാത്തിടത്തോളം കാലം വിമോചന പ്രക്രിയകള്‍ ഭാവനാപരവും അയുക്തികവുമായി നിലനില്‍ക്കുമെന്നും അദ്ദേഹം മനസ്സിലാക്കി. ‘ദലിത് സമുദായവാദവും സാമുദായിക രാഷ്ട്രീയവും’. കെ.കെ കൊച്ച്. ഡിസി ബുക്സ്. വില 284 രൂപ.
◾ അമിത മൂത്രശങ്ക പ്രായഭേദമന്യേ പലരിലും കാണുന്ന പ്രശ്നമാണ്. അമിത മൂത്രശങ്ക മൂത്രാശയ അര്‍ബുദത്തിന്റെ ലക്ഷണമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2024-ല്‍ യുഎസില്‍ 83,190 പുതിയ മൂത്രാശയ ക്യാന്‍സര്‍ കേസുകള്‍ കണ്ടെത്തിയതായി അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. മൂത്രാശയ ക്യാന്‍സര്‍ അതിന്റെ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുകയാണെങ്കില്‍ അതിജീവന നിരക്ക് 97% ആണ്. പ്രായമായവരിലാണ് ഈ ക്യാന്‍സര്‍ കൂടുതലായി കാണുന്നത്. ഇത് നടുവേദന, ക്ഷീണം തുടങ്ങിയ മറ്റ് ലക്ഷണങ്ങള്‍ക്കും കാരണമാകും. ചികിത്സ കാന്‍സറിന്റെ ഘട്ടത്തെയും തരത്തെയും ആശ്രയിച്ചിരിക്കും. മൂത്രത്തില്‍ രക്തം കാണുക, മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുക, പതിവിലും കൂടുതല്‍ മൂത്രമൊഴിക്കുന്നത് എന്നിവയും മൂത്രാശയ അര്‍ബുദത്തിന്റെ മറ്റ് പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് തികച്ചും സാധാരണമാണ്. മദ്യമോ കഫീനോ കുടിക്കുന്നത് കൂടുതല്‍ മൂത്രമൊഴിക്കാന്‍ ഇടയാക്കും. പുകവലി, പാരമ്പര്യം, ചില മരുന്നുകളുടെ ഉപയോഗം, അമിതവണ്ണം എന്നിവയെല്ലാം മൂത്രാശയ ക്യാന്‍സറിനുള്ള മറ്റ് കാരണങ്ങളാണ്. മൂത്രനാളിയിലെ അണുബാധ, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വികാസം (മധ്യവയസ്‌കരിലും പ്രായമായവരിലും), മൂത്രനാളിയിലെ വീക്കം, അണുബാധ, വാഗിനൈറ്റിസ്, നാഡീസംബന്ധമായ പ്രശ്നങ്ങള്‍, കഫീന്‍ ഉപയോഗം എന്നിവ അമിതമായി മൂത്രമൊഴിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളാണെന്ന് പെന്‍ മെഡിസിന്‍ പറയുന്നു.
➖➖➖➖➖➖➖➖