പോത്തുണ്ടി കുടിവെള്ളത്തിന് കാത്തിരിപ്പ് നീളുന്നു.. കടുത്ത വേനലിലും പദ്ധതി ഇഴഞ്ഞു നീങ്ങുന്നതായി പരാതി

പോത്തുണ്ടി ഡാമിൽ നിന്നുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ വിപുലീകരണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല. നിലവിൽ അയിലൂർ, നെന്മാറ, മേലാർകോട് പഞ്ചായത്തുകളെ കൂടാതെ ആറ് പഞ്ചായത്തുകളിലേക്കുകൂടി കുടിവെള്ളം എത്തിക്കാൻ 255 കോടി രൂപയുടെ പ്രവൃത്തിയാണ് വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാവാതിരിക്കുന്നത്. 2024 മാർച്ചിനുള്ളിൽ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് നീളുന്നത്. കടുത്ത ജലക്ഷാമവും വരൾച്ചയും നേരിടുന്ന സമയത്ത് പദ്ധതി പൂർത്തിയാക്കൽ വൈകുന്നത് ജനങ്ങളുടെ കാത്തിരിപ്പിനിടെ ഒരു വേനൽക്കാലം കൂടി കടന്നുപോകുന്നു. എലവഞ്ചേരി, പല്ലശന, എരിമയൂർ, ആലത്തൂർ, കാവശേരി, പുതുക്കോട് പഞ്ചായത്തുകളെയാണ് പദ്ധതിയിൽ അധികമായി ഉൾപ്പെടുത്തിയത്. 2050 വരെയുള്ള ജനസംഖ്യ വർധന മാനദണ്ഡമാക്കി ഒരാൾക്ക് പ്രതിദിനം 100 ലിറ്റർ വെള്ളമെന്ന കണക്കിൽ നൽകുകയാണ് ലക്ഷ്യം. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജലസംഭരണികളുടെ എലവഞ്ചേരി, പല്ലാവൂർ, എരുമയൂർ ശുദ്ധജലസംഭരണികളുടെ നിർമ്മാണം പൂർത്തിയായില്ല.

ആദ്യഘട്ടത്തിലെ 12.5 ദശലക്ഷം ലിറ്റർ ശുചീകരണ പ്ലാന്റിനു പുറമെ 26.5 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാന്റിന്റെ നിർമ്മാണവും പോത്തുണ്ടിയിൽ പൂർത്തിയായിവരുന്നു.

പോത്തുണ്ടി ഡാമിനുസമീപം 17.58 കോടി ചെലവിലാണ് പുതിയ പ്ലാൻറ് നിർമ്മാണം പൂർത്തിയാവുന്നത്. പല്ലശന പഞ്ചായത്തിൽ പല്ലാവൂരിൽ 33 ലക്ഷം ലിറ്ററിന്റെ സംഭരണിയും എലവഞ്ചേരി പഞ്ചായത്തിൽ വെങ്കായപ്പാറയിൽ 10 ലക്ഷം ലിറ്ററിൻ്റെ സംഭരണിയും എരുമയൂർ പഞ്ചായത്തിൽ വെങ്ങന്നൂർ നിരങ്ങാംപാറയിൽ 40 ലക്ഷം ലിറ്ററിന്റെ സംഭരണിയും നിർമിച്ചു. പോത്തുണ്ടിയിലെ ശുദ്ധീകരണ ശാലയിൽനിന്ന് ജലസംഭരണികളിലേക്കും ജലസംഭരണികളിൽ നിന്ന് വിവിധ പഞ്ചായത്തുകളിലെ വീടുകളിലേക്കുമായി 855 കിലോമീറ്റർ ദൂരമുള്ള പൈപ്പിടലും വീടുകളിൽ കണക്ഷൻ നൽകുന്ന പ്രവൃത്തിയുമാണ് പൂർത്തിയാവാണുള്ളത്. പദ്ധതി നീളുന്നതിന് സാങ്കേതിക കാരണങ്ങൾ അധികൃതർ നിരത്തുന്നുണ്ടെങ്കിലും വകുപ്പുകൾ തമ്മിൽ ഒന്നിച്ചിരുന്ന് ചർച്ച ചെയ്താൽ പരിഹരിക്കാവുന്നതാണെന്ന് മേഖലയിലുള്ളവർ പറയുന്നു. വിവിധ പ്രദേശങ്ങളിൽ റോഡ് നിർമ്മാണം പൂർത്തീകരിച്ച് ഒരു വർഷം കഴിയാത്തതിനാൽ റോഡരികുകളിൽ പൈപ്പിടുന്നതിന് പൊതുമരാമത്ത് അനുമതി നൽകാത്തത് പദ്ധതി പൂർത്തീകരണത്തിന് തടസ്സമായി നിൽക്കുന്നു.